ജലശക്തി അഭിയാന്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം
കോഴിക്കോട്: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ശുദ്ധജലസംരക്ഷണം ഊര്‍ജ്ജിതപെടുത്തുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കം. ജല സ്രോതസുകള്‍ സംരക്ഷിക്കുന്നതടക്കമുള്ള വിപുലമായ പദ്ധതിയായ ജലശക്തി അഭിയാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു.
ജലസ്രോതസുകള്‍ കണ്ടെത്തി സംരക്ഷിക്കുകയും പരമാവധി മഴവെള്ളം സ്രോതസില്‍ തന്നെ സംഭരിക്കുവാന്‍ മഴവെള്ള കൊയ്ത്ത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. മഴവെള്ള സംരക്ഷണം അത്യാവശ്യമാണ്. ജില്ലയിലെ പരമാവധി ജലസ്രോതസുകള്‍ യുവജന സംഘടനകളുടെ സഹകരണത്തോടെ ഉപയോഗയോഗ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.
പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബുകള്‍ വഴി ഗ്രാമതലത്തില്‍ മഴവെള്ള സംരക്ഷണത്തിന് ബോധവല്‍ക്കരണവും, ജലസ്രോതസ്സുകള്‍ ഉപയോഗ യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 04952371891.