ജാഗ്രത കൈവിടരുത് മൂന്നാം തരംഗം കരുതിയിരിക്കുക – ഐ.ഐ.ടി പഠനം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന്‌ പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന്‌ തുടക്കമാവാം. കാൺപുർ ഐഐടി നടത്തിയ പഠനത്തിലാണ് പുതിയ വിലയിരുത്തൽ. പ്രൊഫ. മനീന്ദർ അഗർവാൾ സ്വകാര്യ എഫ്‌എം റേഡിയോയ്‌ക്ക്‌ നൽകിയ അഭിമുഖത്തിൽ പഠന വിവരങ്ങൾ വ്യക്തമാക്കി.

രാജ്യത്ത്‌ കോവിഡുമായി ബന്ധപ്പെട്ട പ്രവചനങ്ങളിൽ ഇതുവരെ കൃത്യമായത്‌ കാൺപുർ ഐഐടിയുടേതാണ്‌. ‘സുത്ര’ എന്നൊരു മാതൃകയുണ്ടാക്കിയാണ്‌ പഠനം.

മൂന്നാം തരംഗത്തിന്റെ വ്യാപ്തി എത്രയുണ്ടാകുമെന്ന്‌ ഇപ്പോൾ പ്രവചിക്കാനാകാത്ത സാഹചര്യമാണെന്നും മനീന്ദർ അഗർവാൾ പറഞ്ഞു. ഒക്ടോബർ–- നവംബറോടെ പരമാവധി പേർക്ക്‌ വാക്‌സിൻ നൽകണം. ഇതിനു കഴിഞ്ഞാൽ മൂന്നാംതരംഗം ഗുരുതരാവസ്ഥയിലെത്താതെ നോക്കാം. കടുത്ത ജാഗ്രതയോടെ പുതിയ വൈറസ്‌ രൂപാന്തരങ്ങളെ കരുതിയിരിക്കണം.

മനീന്ദറിനൊപ്പം National Covid-19 Supermodel Committee അംഗമായ ഐ.ഐ.ടി ഹൈദരബാദ് പ്രൊഫസർ എം. വിദ്യാസാഗറും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. ജൂണിൽ ദൈനംദിന പകർച്ച 20000 വും ജൂലയിൽ 15000 വും എന്ന തോതിൽ കുറയും എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിന് മാറ്റം ഉണ്ടെങ്കിലും പകർച്ച കുറയും.

Comments

COMMENTS

error: Content is protected !!