ജിഎസ്‍ടി വന്നാലും വാറ്റ് പ്രകാരം സർക്കാരിന് മുൻകാലങ്ങളിലെ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി

ജി എസ് ടി നിയമം പ്രാബല്യത്തിൽ വന്ന ശേഷവും വാറ്റ് നിയമപ്രകാരം മുൻകാലങ്ങളിലെ നികുതി ഈടാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് ഹൈക്കോടതി.  വിവിധ വ്യാപാര സ്ഥാപനങ്ങൾ ഇത് സംബന്ധിച്ച സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത്  സമർപ്പിച്ച അഞ്ഞൂറോളം അപ്പീലുകൾ കോടതി തള്ളി. ജസ്റ്റിസുമാരായ എസ് വി ഭട്ടിയും, ബസന്ത് ബാലാജിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജികൾ തള്ളിയത്.

ജി എസ് ടി നിയമം പ്രാബല്യത്തിൽ വന്നുവെന്ന കാരണത്താൽ രണ്ടായിരത്തി മൂന്നിലെ വാറ്റ് നിയമ പ്രകാരം മുൻകാലങ്ങളിലെ നികുതി നിർണ്ണയിച്ച നടപടികൾ തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇതിന് സർക്കാരിന് അവകാശമില്ലെന്ന വാദം കോടതി തള്ളി. വാറ്റ് നിയമപ്രകാരമുള്ള നടപടികൾക്ക് ജി എസ്‌ ടി നിയമം പ്രാബല്യത്തിൽ വന്നത് തടസ്സമല്ലെന്ന സർക്കാർ വാദം കോടതി ശരിവെച്ചു.

സർക്കാരിന് വേണ്ടി നികുതി വകുപ്പ് സ്പെഷ്യൽ ഗവ. പ്ളീഡർ മുഹമ്മദ് റഫീഖ്, സീനിയർ ഗവ. പ്ളീഡർ വി കെ ശംസുദിൻ, ഗവ. പ്ളീഡർ എം എം ജാസ്മിൻ എന്നിവർ ഹാജരായി. ഇത് സംബന്ധിച്ച മൂവായിരത്തോളം ഹർജികൾ നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
Comments

COMMENTS

error: Content is protected !!