ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (16.04.20) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എടച്ചേരിയില്‍ കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കു തന്നെയാണ് ഇന്ന്  രോഗം സ്ഥിരീകരിച്ചത്. ഈ കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ ബാക്കി മുഴുവന്‍ അംഗങ്ങളെയും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു.

മാര്‍ച്ച് 18 ന് ദുബായില്‍ നിന്നു വന്ന 39 കാരനും 59 വയസ്സുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും മെഡിക്കല്‍ കോളേജില്‍  നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റു രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. ഇവരുടെ ആദ്യത്തെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ഏപ്രില്‍ 13 നായിരുന്നു ആദ്യം സാമ്പിള്‍ എടുത്തത്. 14ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവ് ആയത്.

ഇതോടെ കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18 ആയി. ഇവരില്‍ 9 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ 9 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ച 4 ഇതര ജില്ലക്കാരില്‍ 2 കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ 2 പേര്‍ ചികിത്സയിലുണ്ട്..

ജില്ലയില്‍ 1298 പേര്‍ കൂടി ഇന്ന് വീടുകളിലെ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ 9864 ആയി.  12875 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു്. ഇന്ന് പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ ആകെ 28 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 55 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 625 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 570 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 548 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 55 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ആരോഗ്യവകുപ്പ് മന്ത്രിയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആരോഗ്യ കേരളം മിഷന്‍ ഡയറക്ടറും  വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയില്‍ നടപ്പിലാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സൂം കോണ്‍ഫറന്‍സിലൂടെ സാമൂഹികാരോഗ്യ കേന്ദ്രത്തിലൂടെ നടപ്പിലാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.  ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേരുകയും ബ്ലോക്ക് തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 16 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.  മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 212 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി.
4024 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9755 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു.

Comments

COMMENTS

error: Content is protected !!