ജില്ലയില്‍ സമ്പൂര്‍ണ്ണ ഹോം ലാബ് പ്രഖ്യാപനം മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും
കോഴിക്കോട്: ജില്ലയില്‍ സമ്പൂര്‍ണ്ണ ഹോം ലാബ് പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരി 24ന് വൈകുന്നേരം നാല് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും. ശാസ്ത്രപഠനം പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായി നടത്തുന്നതിനായി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ ഹോം ലാബുകള്‍ സജ്ജമായി. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമാണ് (ഡയറ്റ്) ഇതിന് നേതൃത്വം നല്‍കിയത്.
പാഠ്യപദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുളള പരീക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യുന്നതിന് വിലയില്ലാത്തതോ വില കുറഞ്ഞതോ എളുപ്പം ലഭ്യമായതോ ആയ സാധന സാമഗ്രികള്‍ കുട്ടികള്‍ ശേഖരിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടേയും സഹായത്തോടെ ഒരു പരീക്ഷണ മൂല തയ്യാറാക്കുന്നു എന്നതാണ് ഇതിന്റെ രീതി. ഡയറ്റിന്റെ ‘സ്‌കൂളിനൊപ്പം’ എന്ന പിന്തുണാ പരിപാടികളില്‍ ഉള്‍പ്പെട്ട 25 വിദ്യാലയങ്ങളില്‍ പരീക്ഷിച്ച് വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ല മുഴുവന്‍ പദ്ധതി വ്യാപിപ്പിച്ചത്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ശാസ്ത്ര ക്ലബ് കണ്‍വീനര്‍മാര്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം നടത്തി വരുന്നത്. ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ വിദഗ്ദര്‍, ജനപ്രതിനിധികള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്.
കുന്നുമ്മല്‍ സബ്ജില്ലയിലെ വട്ടോളി സംസ്‌കൃതം ഹൈസ്‌ക്കൂളിലാണ് ഹോംലാബ് ആദ്യമായി നടപ്പിലാക്കിയത്. ലാബിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ ഉള്‍ക്കൊളളുന്നതും ക്ലാസ്സ് തലത്തില്‍ ഉപയോഗിക്കാവുന്നതുമായ പുസ്തകങ്ങള്‍ ഡയറ്റ് തയ്യാറാക്കിയിട്ടുണ്ട്.
ഹോംലാബ് തുടര്‍പ്രവര്‍ത്തന സഹായ സാമഗ്രി ജില്ലാ വിദ്യാഭ്യാസ ഉപജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി.പി മിനി പ്രകാശനം ചെയ്യും. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ക്ലൈവ് തോംസണ്‍, ശാസ്ത്രജ്ഞന്‍ റോത്തര്‍ ഹാം യൂണിവേഴ്സിറ്റി, ഡോ. അജിപീറ്റര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് സയിന്റിസ്റ്റ് ബ്രൂണല്‍ യൂണിവേഴ്സിറ്റി ലണ്ടന്‍) എന്നിവര്‍ മുഖ്യാതിഥികളാവും.