ജില്ലയിൽ ഒരു വർഷത്തിനിടെ കതിരണിയാൻ ഒരുങ്ങുന്നത് ഏകദേശം 280 ലേറെ ഹെക്ടർ തരിശുഭൂമി.
ജില്ലയിൽ ഒരു വർഷത്തിനിടെ കതിരണിയാൻ ഒരുങ്ങുന്നത് ഏകദേശം 280 ലേറെ ഹെക്ടർ തരിശുഭൂമി. മലബാറിന്റെ നെല്ലറയായ ആവള പാണ്ടിയടക്കം വിവിധ പദ്ധതികളിലൂടെയാണ് കൃഷിയോഗ്യമാക്കിയത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സുഭിക്ഷ കേരള’വും നെൽകൃഷിക്ക് കരുത്തേകുന്നു. വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചും സബ്‌സിഡി ഒരുക്കിയും കാർഷിക വികസന കർഷക ക്ഷേമവകുപ്പ് കർഷകർക്കൊപ്പമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയും കൂട്ടായുണ്ട്.
കേരള സ്‌റ്റേറ്റ് അഗ്രികൾച്ചറൽ മെക്കനൈസേഷൻ മിഷൻ വഴിയാണ് കർഷകർക്ക് സഹായമെത്തിക്കുന്നത്. സംസ്ഥാനാവിഷ്‌കൃത പദ്ധതികളും കതിരണിയും സംയോജിപ്പിച്ച് 50 ലക്ഷം രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളും നടപ്പാക്കി. തരിശുഭൂമിയിൽ കൃഷിചെയ്യാൻ ഹെക്ടറിന് 13,176 ലക്ഷം രൂപയുടെ സഹായം നൽകി. സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിലൂടെ ഹെക്ടറിന് 5500 രൂപ പ്രകാരം 113.04 ലക്ഷം രൂപയുടെ ധനസഹായം നേരിട്ട് കർഷകരിലെത്തിച്ചു.
പേരാമ്പ്ര, ചങ്ങരോത്ത്, ഒളവണ്ണ, മേപ്പയ്യൂർ പഞ്ചായത്തുകളിലാണ് കൂടുതൽ പാടശേഖരം വീണ്ടെടുത്തത്. ഇവിടങ്ങളിലെല്ലാം കൃഷി ഇറക്കും. കഴിഞ്ഞതവണ ചങ്ങരോത്ത്, നടുവണ്ണൂർ, കോട്ടൂർ, ചേളന്നൂർ എന്നിവിടങ്ങളിൽ കാലങ്ങളായി തരിശായിക്കിടന്ന ഭൂമി വീണ്ടെടുത്ത് കൃഷി ഇറക്കിയിരുന്നു.
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 4000 രൂപവരെ തരിശുഭൂമിയിൽ കൃഷി ഇറക്കാനായി നൽകുന്നുണ്ട്. കരനെൽകൃഷിക്ക് 13,500 രൂപയാണ് ധനസഹായം. നെൽകൃഷിക്ക് കൂലി നൽകാനും സഹായമുണ്ട്. ഇതെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ 1500 ഹെക്ടറിൽ കൂലിച്ചെലവ് നൽകി. ഇതിൽ 86 ലക്ഷം രൂപ ജില്ലാ പഞ്ചായത്താണ് അനുവദിച്ചത്.