ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലൈസൻസില്ലാത്ത പടക്കശേഖരം പിടികൂടി

കോഴിക്കോട്‌: വിവിധ ഭാഗങ്ങളിൽ ലൈസൻസില്ലാതെ സൂക്ഷിച്ച പടക്കവും കരിമരുന്നും ഉൾപ്പെടെ പിടികൂടി. പുതിയപാലം കല്ലുത്താൻ കടവിലെയും വടകര കരിമ്പനപ്പാലത്തെയും നോവ പാർസൽ സർവീസ്‌ സെന്ററിൽ നിന്ണ്‌ പടക്കശേഖരം പിടികൂടിയത്.കസബ എസ്‌ഐ ജഗ്‌മോഹൻ ദത്തിന്റെ നേതൃത്വത്തിലാണ് കല്ലുത്താൻ കടവിൽ നിന്ന് 1500 കി.ഗ്രാം സ്‌ഫോടക വസ്‌തുക്കൾ പിടിച്ചെടുത്തത്‌. സ്ഥാപനത്തിന്‌ പടക്ക വിൽപ്പനക്കുള്ള ലൈസൻസില്ല. സ്‌ഫോടക വസ്‌തു നിരോധന നിയമപ്രകാരം കട ഉടമക്കെതിരെ കേസെടുത്തു. നിരവധി ആളുകളുടെ പേരിൽ ശിവകാശിയിൽ നിന്ന് വാങ്ങിയ പടക്കമാണ് കണ്ടെടുത്തത്. ഉച്ചക്ക് പന്ത്രണ്ടിനാരംഭിച്ച   പരിശോധന രാത്രി 8 നാണ് അവസാനിച്ചത്. 

പൊലീസിന് പുറമെ ബോംബ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. ലൈസൻസുളള പടക്ക വില്പനക്കാരുടെ പരാതിയിലാണ് കേസെടുത്തത്. സിപിഒ എൻ പി  അജയൻ,എം വിജേഷ്, മുഹമ്മദ് സക്കറിയ,എം കെ ബിനില എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

ശിവകാശിയിൽ നിന്നും ഓൺലൈനായി എത്തിച്ച 13 പെട്ടി പടക്കമാണ് വടകര  പൊലീസ് റെയ്‌ഡിൽ പിടിച്ചെടുത്തത്. അനധികൃതമായി പടക്കം സൂക്ഷിച്ചതിന് കോയമ്പത്തൂർ സ്വദേശി അലക്സ്, നടക്കുതാഴ സ്വദേശി മുഹമ്മദ് അബ്ദുൾ അസ്‌ലം എന്നിവർക്കെതിരെ  പൊലീസ് കേസെടുത്തു. കൊയിലാണ്ടി, നടുവണ്ണൂർ ഭാഗങ്ങളിൽ നിന്നും ഓൺലൈനായി ഓർഡറുകൾ സ്വീകരിച്ച് വിതരണത്തിന് എത്തിച്ചതായിരുന്നു പടക്കം. എന്നാൽ ഇവർക്ക് പടക്കം സൂക്ഷിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. സ്‌ഫോടക വസ്‌തു നിരോധന നിയമപ്രകാരം കേസെടുത്തു.

Comments

COMMENTS

error: Content is protected !!