ജില്ലയിൽ സ്റ്റാഫ് നഴ്‌സുമാരുടെ നൂറോളം ഒഴിവുകൾ

കോഴിക്കോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സ്റ്റാഫ് നഴ്‌സുമാരുടെ നൂറോളം ഒഴിവുകൾ ഉള്ളപ്പോഴും നിയമനം വൈകുന്നു. ഗ്രേഡ് ഒന്ന്, രണ്ട് റേഷ്യോയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക കാരണങ്ങളാലാണ് നിയമനം വൈകുന്നത്.

 

നാനൂറിലേറെ പേരാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അതിൽനിന്ന് പത്ത് ശതമാനം നിയമനംപോലും നടന്നിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. എല്ലാ ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി. എട്ട് മാസത്തിലേറെയായി റെഗുലർ പോസ്റ്റിങ് നടന്നിട്ടെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

 

ഗ്രേഡ് വൺ തസ്തികയിൽ നിലവിൽ ജില്ലയിൽ ജോലിചെയ്യുന്നത് 164 പേരാണ്. ശേഷിക്കുന്ന 95 പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഗ്രേഡ് രണ്ടിൽ 256 പേരാണ് ജോലി ചെയ്യുന്നത്. നാല് ഒഴിവുകൾ മാത്രമാണുള്ളത്. ഗ്രേഡ് രണ്ടിന്റെ പ്രൊമോഷൻ പോസ്റ്റാണ് ഗ്രേഡ് വൺ. അതുകൊണ്ടുതന്നെ ഗ്രേഡ് വൺ ഒഴിവുകൾ ഡി.എം.ഒ. ഓഫീസിൽനിന്ന് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനാവില്ല. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്നാണ് അതിനുള്ള നടപടികൾ എടുക്കേണ്ടത്.
നിലവിൽ ഗ്രേഡ് വൺ ഒഴിവിൽ താത്‌ കാലികനിയമനമാണ് നടത്തുന്നത്. ഗ്രേഡ് രണ്ടിലെ സീനിയോറിറ്റി പട്ടികയിൽ നിന്നാണ് ഗ്രേഡ് വണ്ണിലേക്ക് നിയമനം നടത്തേണ്ടത്. പല ജില്ലകളിൽ നിന്നുമുള്ള പട്ടിക പരിശോധിച്ചായിരിക്കും നിയമനം. അപ്പോൾ ഗ്രേഡ് രണ്ടിൽ ഒഴിവ് വന്നാൽ മാത്രമേ റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം കാര്യക്ഷമമാകൂ. ആർദ്രം പദ്ധതിയിലും നിയമനം കൃത്യമായി നടത്തിയാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂവെന്നാണ് പറയുന്നത്.

 

ഗ്രേഡ് രണ്ടിന്റെ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ. ഓഫീസ് അറിയിച്ചു.
Comments

COMMENTS

error: Content is protected !!