CALICUTDISTRICT NEWS
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അക്യു പങ്ചര്‍ ചികിത്സാ രീതി തുടങ്ങി
ഭാരതീയ ചികിത്സാ വകുപ്പ് യോഗ-പ്രകൃതി ചികിത്സ പദ്ധതിയുടെ ഭാഗമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അക്യു പങ്ചര്‍ ചികിത്സാ രീതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിവിധ ചികിത്സാരീതികള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമാണ് ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന അക്യു പങ്ചര്‍ ചികിത്സാ രീതി. ആയുര്‍വേദ ചികിത്സാ രംഗത്തിനും ഇപ്പോള്‍ വളരെയധികം പ്രചാരം ലഭിക്കുന്നുണ്ട്. വിദേശികളടക്കം ചികിത്സക്ക് എത്തുന്നു. ജില്ലാ ആയുര്‍വേദ ആശുപത്രി വികസനത്തിന്റെ ഭാഗമായി പുറക്കാട്ടിരിയില്‍ കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ശിലയിട്ടു കഴിഞ്ഞതായും 10 നില വരെ നിര്‍മ്മിക്കാന്‍ കഴിയുന്ന കെട്ടിട സമുച്ചയത്തില്‍ ആദ്യഘട്ടത്തില്‍ നാല് നില നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബാബു പറശേരി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡോ. കെ സിതാര ചികിത്സാ രീതി വിവരിച്ചു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ എം കെ ബാലകൃഷ്ണന്‍, നാസര്‍ പള്ളിപറമ്പില്‍, ജയന്‍ വെസ്റ്റ്ഹില്‍, മനോജ് പൂഴിയില്‍, ആശുപത്രി സൂപ്രണ്ട് ഡോ. എ പ്രീത, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി സി ജസി എന്നിവര്‍ സംസാരിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അക്യു പങ്ചര്‍ പരിശോധനയും ചികിത്സയും ലഭിക്കും.
Comments