CALICUTDISTRICT NEWS

ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ മൂലം യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു

 

തിരൂർ: ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ മൂലം യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു. ഉണ്യാൽ തേവർ കടപ്പുറം സ്വദേശി ഈച്ചിന്‍റെപുരക്കൽ ജംഷീറിന്‍റെ ഭാര്യ സഹീറയാണ് ഡ്യൂട്ടി നഴ്സുമാരെ കടുംപിടുത്തം കാരണം ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചത്. പ്രസവത്തിനിടെ നവജാതശിശു തറയിലേക്ക് പൊക്കിൾകൊടി അറ്റ് തലകുത്തി വീണു. തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തം സ്രാവവുമുണ്ടായ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഴിഞ്ഞ വ്യഴാഴ്ച ഉച്ചയോടെയാണ് സംഭവം. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന സഹീറക്ക് ഏപ്രിൽ 7ന് വെള്ളിയാഴ്ചയായിരുന്നു ഡോക്ടർ പ്രസവ തീയതി കുറിച്ചിരുന്നത്. അസഹ്യമായ വേദനയെ തുടർന്ന് ഒരു ദിവസം മുമ്പ് രാവിലെ എട്ടോടെ തിരൂർ ജില്ല ആശുപത്രിയിൽ എത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭർത്താവിന് സ്ത്രീകളുടെ വാർഡായതിനാൽ പ്രവേശനാനുമതിയുണ്ടായിരുന്നില്ല. ഭർതൃ മാതാവിനയും ഭർത്താവിന്‍റെ മാതൃസഹോദരിയെയും സഹീറയുടെ സഹാദരിയെയും വാർഡിലേക്ക് പ്രവേശിപ്പിച്ചിരുന്നു.

8.30 ഓടെ ഡോക്ടർ പരിശോധിച്ച് ഗർഭപാത്രം വികസിച്ചിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ പത്ത് മണിയോടെ പ്രസവവേദന അനുഭവപ്പെട്ട വിവരം ഡ്യൂട്ടിയിലുണ്ടായി നഴ്സുമാരെ പല തവണ അറിയിച്ചിട്ടും സമയം ആയിട്ടില്ല എന്ന് പറഞ്ഞ് പ്രസവമുറിയിലേക്ക് കയറ്റിയില്ലെന്ന് സഹീറയുടെ ബന്ധുക്കൾ ആരോപിച്ചു. വേദന സഹിക്കാനാവാതെ യുവതിയെ മൂത്രമൊഴിക്കാൻ ആശുപത്രിയിലെ പ്രസവമുറിയുടെ മൂത്രപ്പുരയിൽ ബന്ധുക്കൾ പ്രവേശിപ്പിച്ചു. പിന്നീട് രണ്ടാം തവണയും മൂത്രപ്പുരയിൽ പ്രവേശിപ്പിച്ച് യുവതി പുറത്തിറങ്ങി വരുന്നതിനിടെ പ്രസവ ലക്ഷണങ്ങൾ ഉണ്ടാവുന്നത് ഭർതൃമാതാവ് ഡ്യൂട്ടിയിലുള്ള നഴ്സുമാരെ അറിയിച്ചപ്പോൾ തട്ടിക്കയറുകയായിരുന്നു.

ധരിച്ചിരുന്ന വസ്ത്രത്തിലൂടെ രക്തം വരുന്ന വിവരം അറിയിച്ചിട്ടും നഴ്സുമാർ അനങ്ങിയില്ല. പിന്നീട് വസ്ത്രം മാറ്റാൻ ആവശ്യപ്പെടുന്നതിനിടെ നിന്ന നിൽപ്പിൽ യുവതി പ്രസവിക്കുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും വേണ്ടത്ര പരിശോധന നടത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് കുട്ടിയെ ബന്ധുക്കൾക്ക് കാണിച്ച് കൊടുക്കാൻ പോലും തയാറായില്ല. നിരന്തരം ആവശ്യപ്പെട്ടതോടെ പാൽ കുടിക്കാൻ മാതാവിന്‍റെ അരികിലെത്തിച്ച് പെട്ടെന്ന് എക്സറേ എടുക്കാൻ കൊണ്ട് പോയി. എക്സറേയിൽ കുഴപ്പമില്ലെന്ന് ബന്ധുക്കളെ അറിയിച്ചു.

 ആശുപത്രിയിലെ ഉദ്യോഗസ്ഥരുമായി വാഗ്വാദം ഉണ്ടായതിനെ തുടർന്ന് പീഡിയാട്രീഷ്യനെ വിളിച്ച് വരുത്തി രാത്രിയോടെയാണ് കുട്ടിയെ സ്കാൻ ചെയ്തത്. സ്കാനിങ് റിപ്പോർട്ടിലാണ് കുട്ടിയുടെ തലയോട്ടിയുടെ ഉൾഭാഗത്ത് പൊട്ടലും തലച്ചോറിൽ രക്തം കട്ടപിടിച്ചതും കണ്ടെത്തിയത്. ഉടനെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. കുട്ടിയെ ഉടൻ എൻ.ഐ.സിയുവിൽ പ്രവേശിപ്പിച്ചു.മാതാവിന് കാര്യമായ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഭാവിയിൽ കുട്ടിയുടെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് കുട്ടിയുടെ കുടുംബം. അടുത്ത ദിവസം തന്നെ സംഭവത്തിൽ പരാതി നൽകുമെന്നും കുട്ടിയുടെ കുടുംബം അറിയിച്ചു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button