പ്രമുഖ സാമൂഹികപ്രവർത്തകനായ നാസർ നന്തി നിര്യാതനായി

യു.എ.ഇ.യിലെ പ്രവാസജീവിതത്തിനിടയിൽ മരണമടയുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ഭൗതികശരീരം നാട്ടിലേക്ക് അയയ്ക്കാനുള്ള സങ്കീർണപ്രക്രിയകളുടെ കുരുക്കഴിക്കാൻ ഇനി ആ മനുഷ്യനില്ല. വിദൂരസ്ഥമായ ഈ ദേശത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ രോഗക്കിടക്കയിലാവുന്ന ഇന്ത്യക്കാർക്ക് ആശ്വാസദൂതുമായി പാഞ്ഞെത്താനും ഇനി അദ്ദേഹമില്ല. യു.എ.ഇ.യിലെ ഇന്ത്യൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി നാസർ നന്തി ഓർമയായി.

 

പ്രമുഖ സാമൂഹികപ്രവർത്തകനായ നാസർ നന്തി (61) ഞായറാഴ്ച രാവിലെ എട്ടുമണിക്ക് ദുബായിലെ ആശുപത്രിയിലാണ് അന്തരിച്ചത്. പുലർച്ചെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

കൊയിലാണ്ടി നന്തിബസാർ മുസ്‌ലിയാർകണ്ടി കുടുംബാംഗമാണ്.

 

യു.എ.ഇ.യിൽ രോഗംവന്നു കഷ്ടപ്പെടുന്ന പ്രവാസികൾക്ക് സഹായമെത്തിക്കുന്നതിലും മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിലുമെല്ലാം ഏറെ സജീവമായി പ്രവർത്തിച്ച സാമൂഹികപ്രവർത്തകനായിരുന്നു നാസർ. നൂറുകണക്കിന് മൃതദേഹങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.

 

ചെന്നൈയിലും മുംബൈയിലും ബിസിനസ് നടത്തിവന്ന നാസർ 1992-ലാണ് ദുബായിലെത്തിയത്. ദുബായിൽ അൽ മുഹൈരി ട്രാവൽ ആൻഡ് ടൂറിസമെന്നപേരിൽ ട്രാവൽ ഏജൻസി നടത്തിക്കൊണ്ടാണ് ഗൾഫിലെ പ്രവാസമാരംഭിച്ചത്. ഇതേസമയംതന്നെ ഒട്ടേറെ കമ്പനികളുടെ പി.ആർ.ഒ.യായും പ്രവർത്തിച്ചു. ഇതിനിടയിലാണ് പൊതുരംഗത്തും സജീവമായത്. പി.ആർ.ഒ. അസോസിയേഷന്റെ രൂപവത്കരണത്തിലും പങ്കാളിയായി. ദീർഘകാലം അതിന്റെ ഭാരവാഹിയായും പ്രവർത്തിച്ചു. ലേബർക്യാമ്പുകളിലും മരുഭൂമിയിലുമെല്ലാം കഷ്ടപ്പെടുന്നവർക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയ നാസർ ഇന്ത്യയിൽനിന്നുള്ള പ്രവാസികൾക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായും സഹകരിച്ചുപ്രവർത്തിച്ചു. ഒട്ടേറെ കൂട്ടായ്മകളുടെ അധ്യക്ഷനും രക്ഷാധികാരിയുമാണ്. ഒട്ടേറെ പുരസ്കാരങ്ങൾക്കും അർഹനായി. തിങ്കളാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
ഭാര്യ: നസീമ. മക്കൾ: സന, ഷിബില(യു.എസ്.), സാദ് (ബഹ്‌റൈൻ). ഖബറടക്കം നാട്ടിൽ
Comments

COMMENTS

error: Content is protected !!