ജീവതാളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി നിർവഹിച്ചു
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ജീവിത ശൈലീരോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയായ ‘ജീവതാള’ത്തിന്റെ ജില്ലാ തല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതി നടപ്പാക്കുന്നത് കോഴിക്കോട് ജില്ലയിലാണ്.
ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ‘ശൈലി ആപ്’ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് തലത്തിൽ 100 വീടുകളടങ്ങുന്ന ക്ലസ്റ്ററുകളുണ്ടാക്കി ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.
പേരാമ്പ്ര,വടകര ബ്ലോക്കുകൾ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ബാലുശ്ശേരി (മികച്ച എക്സിബിഷൻ), പന്തലായനി, കുന്നുമ്മൽ, മേലടി (പ്രത്യേക പരാമർശം) എന്നിവരും അവാർഡ് ഏറ്റുവാങ്ങി.
കായകൽപ് അവാർഡ് വിതരണം, കുട്ടി ഡോക്ടർ പദ്ധതിയിലെ കിറ്റ് വിതരണം എന്നിവയും നടന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി ഉമ്മർ ഫാറൂഖ് എംഎൽഎമാരായ കാനത്തിൽ ജമീല, പി ടി എ റഹീം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, കോർപറേഷൻ കൗൺസിലർ എസ്കെ അബൂബക്കർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീർ, ഡോ.എ നവീൻ, ഡോ.സി കെ ഷാജി എന്നിവർ പ്രസംഗിച്ചു.