ജുവല്ലറിയിലെ മോഷണം: പ്രതികളെ കണ്ടെത്താനായില്ല

കോഴിക്കോട്‌: പന്തീരാങ്കാവ്‌ മണക്കടവ്‌ റോഡിലെ കെ.കെ ജുവല്ലറിയില്‍ നിന്ന്‌ പട്ടാപ്പകല്‍ ഉടമയെ തള്ളി വീഴ്‌ത്തി സ്വര്‍ണവുമായി കടന്ന പ്രതികള്‍ക്കായി പോലീസ്‌ അനേ്വഷണം ഊര്‍ജിതമാക്കി.സമീപത്തെ സിസി ടിവി ദൃശങ്ങളില്‍ നിന്നും അനേ്വഷണത്തിനു സഹായകരമായതൊന്നും ലഭിച്ചിട്ടില്ല. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.അടുത്തിടെ നടന്ന സമാന രീതിയിലുള്ള മോഷണങ്ങള്‍ക്ക്‌ ഇതുമായി ബന്ധമുണ്ടോയെന്ന്‌ പരിശോധിക്കുന്നുണ്ട്‌.

ബൈക്കിലെത്തി ജുവല്ലറികളില്‍ മോഷണം നടത്തിയ സംഭവം സമീപ പ്രദേശമായ ഫറോക്കിലും മുന്‍പുണ്ടായിരുന്നു. അന്ന്‌ പള്‍സര്‍ ബൈക്കാണ്‌ പ്രതികള്‍ ഉപയോഗിച്ചിരുന്നത്‌. ഇവര്‍ തന്നെയാണോ കഴിഞ്ഞ ദിവസത്തെ കവര്‍ച്ചയ്‌ക്ക് പിന്നിലെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന്‌ പോലീസ്‌ അറിയിച്ചു.പ്രതികള്‍ സഞ്ചരിച്ച നമ്പറില്ലാത്ത ബൈക്കിന്റെ ദൃശ്യങ്ങള്‍ പോലീസ്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ടിനാണ്‌ കെകെ. ജുവല്ലറിയില്‍ സിനിമാ സ്‌റ്റൈല്‍ മോഷണം നടന്നത്‌. ഒരാള്‍ മാല വാങ്ങാനെന്നു പറഞ്ഞ്‌ ഉള്ളില്‍ കടക്കുകയും മറ്റൊരാള്‍ സ്‌റ്റാര്‍ട്ട്‌ ചെയ്‌തുവച്ച ബൈക്കില്‍ പുറത്തു നില്‍ക്കുകയുമായിരുന്നു. ഉടമ കെ.കെ.രാമചന്ദ്രന്‍ മാത്രമാണ്‌ കടയിലുണ്ടായിരുന്നത്‌.തലയില്‍ തൊപ്പി ധരിച്ച്‌ മാസ്‌കു കൊണ്ട്‌ മുഖം മറച്ചെത്തിയ യുവാവ്‌ മാലകളോരോന്നും കാണുന്നതിനിടെ മൂന്നര പവന്റെ ചെയിന്‍ കാണണമെന്ന്‌ ആവശ്യപ്പെട്ടു.
രാമചന്ദ്രന്‍ മാല കാണിക്കുന്നതിനിടെ യുവാവ്‌ കയ്ിലുയണ്ടായിരുന്ന മൂന്നര പവന്‍ മാലയുമായി പുറത്തേക്കോടി. കൗണ്ടറിനു പിന്നില്‍ തട്ടിത്തടഞ്ഞെങ്കിലും രാമചന്ദ്രന്‍ പിറകെ ഓടിയെത്തി. പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ റോഡില്‍ മറിഞ്ഞുവീണു. യുവാക്കള്‍ ബൈക്ക്‌ തിരിക്കുന്നതിനിടെ വീണ്ടും ടയറില്‍ പിടിച്ചെങ്കിലും റോഡില്‍ തള്ളിയിട്ട്‌ കടന്നുകളയുകയായിരുന്നു.

ആദ്യം മണക്കടവ്‌ ഭാഗത്തേക്കും പൊടുന്നനെ ബൈക്ക്‌ തിരിച്ച്‌ അമിതവേഗത്തി കുന്ന്‌ത്തുപാലം ഭാഗത്തേക്കും രക്ഷപ്പെടുകയായിരുന്നു. എല്ലാം നൊടിയിടയിലായിരുന്നുവെന്ന്‌ ദൃക്‌ സാക്ഷികള്‍ പറയുന്നുപ്രതികളില്‍ ഒരാള്‍ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സിസി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്‌.

Comments

COMMENTS

error: Content is protected !!