ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ജില്ലയിൽ കർശന പരിശോധന. ആദ്യദിനത്തിൽത്തന്നെ 16 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. 63,000 രൂപ പിഴ

കോഴിക്കോട്: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ജില്ലയിൽ കർശന പരിശോധന. ആദ്യദിനത്തിൽത്തന്നെ 16 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. 63,000 രൂപ പിഴ ഈടാക്കി. എട്ട് സ്ക്വാഡുകളായി തിരിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അമ്പതിലേറെ ബസുകളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരും. വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ആരംഭിച്ച ‘ഓപറേഷൻ ഫോക്കസ് -മൂന്ന്’ന്റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെയും പരിശോധന.ലേസർ ലൈറ്റ്, എയർഹോൺ, ഡീജെ സൗണ്ട് സിസ്റ്റം, അമിത വേഗം, വാഹനങ്ങളിലെ രൂപമാറ്റങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. പല വാഹനങ്ങളുടെയും സ്പീഡ് ഗവർണർ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരിശോധന ആരംഭിച്ചതോടെ നിയമംലംഘിച്ച് രൂപമാറ്റങ്ങൾ വരുത്തിയ ബസുകൾ പലതും ഉടമകൾ റോഡിലിറക്കാത്ത സ്ഥിതിയുണ്ട്. ഇതോടെ വാഹന യാർഡുകളും വർക് ഷോപ്പുകളും കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

പരിശോധിച്ച ബസുകൾക്കെതിരായ നടപടികൾ ബസുകളുടെ ഹിസ്റ്ററിയിൽ രേഖപ്പെടുത്തും. തുടർന്നും നിയമലംഘനങ്ങൾ ഉണ്ടാകുന്നപക്ഷം ഫിറ്റ്നസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

പരിശോധന കർശനമാക്കിയതോടെ വിവിധ നിയമലംഘനങ്ങളുള്ള സ്വകാര്യ ബസുകളുടെയും അന്തർ സംസ്ഥാന സർവിസ് നടത്തുന്ന ബസുകളുടെയും വിവരങ്ങൾ ആളുകൾ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഈ വാഹനങ്ങളും ഉടൻ പരിശോധിക്കും.

മാത്രമല്ല ടെമ്പോ ട്രാവലർ അടക്കമുള്ള മറ്റു ടൂറിസ്റ്റ് വാഹനങ്ങളും പരിശോധിക്കും. ഒക്ടോബർ 16 വരെയാണ് ഓപറേഷൻ ഫോക്കസ്. ഇക്കാലമത്രയും സ്ക്വാഡുകളായി തിരിഞ്ഞ് മോട്ടോർ വാഹന വകുപ്പ് പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ കെ. ബിജുമോൻ അറിയിച്ചു.

 

Comments

COMMENTS

error: Content is protected !!