ടൈപ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്
ടൈപ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്. അത്തരം കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നും നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് കത്ത് നല്‍കിയന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
നിലവില്‍ വനിതാ ശിശു വികസന വകുപ്പ് നിയോഗിച്ച 1012 സ്‌കൂള്‍ കൗണ്‍സിലര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സേവനം പര്യാപ്തമല്ലാത്തതിനാല്‍ കൂടുതല്‍ കൗണ്‍സിലിങ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് കൗണ്‍സിലിങ് റൂം നിര്‍ബന്ധമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടൈപ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ വിദ്യാലയങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സജീവമായ ഇടപെടല്‍ നടത്തണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹ ബാധിതരായ കുട്ടികളെ വിദ്യാലയങ്ങളില്‍ പരിചരിക്കാന്‍ സംവിധാനമില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.