ട്രക്ക് അപകടത്തില്‍ സിക്കിമില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം നാളെ (ഞായർ) ജന്മനാട്ടിലെത്തിക്കും
ട്രക്ക് അപകടത്തില്‍ സിക്കിമില്‍ വീരമൃത്യു വരിച്ച 221 കരസേന റെജിമെന്റില്‍ നായിക്കായ വൈശാഖിന്റെ മൃതദേഹം നാളെ (ഞായർ) ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിക്കും. വടക്കന്‍ സിക്കിമിലെ സേമയില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ പുത്തന്‍വീട്ടില്‍ സഹദേവന്റെ മകന്‍ വൈശാഖ് (28) ഉള്‍പ്പെടെ 16 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ഗാംഗ്‌ടോക്കില്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഇന്ന് (ശനി) പൂര്‍ത്തിയാക്കും. നാളെ (ഞായർ) വൈകിട്ടോടെയായിരിക്കും സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മരിച്ചവരില്‍ മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ടോടെയാണ് അപകടം ഉണ്ടായത്. ചാത്തേനില്‍ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് സൈനിക ട്രക്കുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. ഇരുപത് സൈനികരാണ് ഇതില്‍ ഉണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ കൊടും വളവ് തിരിയുമ്പോള്‍ ട്രക്ക് റോഡില്‍ നിന്ന് തെന്നി മലയിടുക്കില്‍ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് പൂര്‍ണമായി തകര്‍ന്നു. അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ ഗാങ്ടോക്കിലെ എസ് ടി എന്‍ എം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. അച്ഛന്‍ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. ജൂലൈ 24 ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ ഗീതു. മകന്‍ ഒന്നര വയസുളള തന്‍വിക്. സഹോദരി ശ്രുതി.