സിൽവർ ലൈൻ റെയിൽ പാതയിൽ സർക്കാർ മെല്ലെ പോക്കിന്

സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട അർധ അതിവേഗ സിൽവർ ലൈൻ റെയിൽ പാത മെല്ലെ പോക്ക് നയതന്ത്രത്തിലേക്ക്.  ഭൂമി ഏറ്റെടുക്കാൻ‌‌ പോർട്ടൽ തയ്യാറാക്കുന്നായി പ്രഖ്യാപിച്ചു കൊണ്ടാണിത്. ഒരു വർഷം നീളുന്ന പരിസ്ഥിതി ആഘാത പഠനമാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.  മൊത്തം 5 വർഷം കൊണ്ട് പൂർത്തിയാക്കും എന്നവകാശപ്പെട്ട പദ്ധതിയാണ്.

റവന്യൂ വകുപ്പിനായി നാഷണൽ ഇൻഫോമാറ്റിക്‌ സെന്റർ(എൻഐസി) ആണ്‌ ഭൂമി ഏറ്റെടുക്കൽ പോർട്ടൽ നിർമിക്കുന്നത്‌‌‌. പദ്ധതിക്കുള്ള മുഴുവൻ ഭൂമി ഏറ്റെടുക്കലും പോർട്ടൽ മുഖേന ഏകോപിപ്പിക്കുകയാണ് ലക്ഷ്യം എന്നു പറയുന്നു.

കാസർകോടുനിന്ന്‌ തിരുവനന്തപുരംവരെ 529.45 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട് എത്തിച്ചേരാവുന്ന സിൽവർലൈൻ പദ്ധതിക്ക്‌ ജനസാന്ദ്രത കുറഞ്ഞ മേഖലയിൽക്കൂടി 15 മുതൽ 25 മീറ്റർമാത്രം വീതിയിലാണ്‌ സ്ഥലം ആവശ്യമായിട്ടുളളത്. മികച്ച പ്രതിഫലം നൽകിയാകുമിത്‌‌‌ എന്നും വാഗ്ദാനമുണ്ട്.

വിശദപദ്ധതി റിപ്പോർട്ടിന്റെ(ഡിപിആർ) ഭാഗമായി മൂന്ന്‌ മാസത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ഇതിനു പറുമെയാണ് ഒരു വർഷം കൂടി ആഘാത പഠനം പ്രഖ്യാപിച്ചിട്ടുള്ളത്. ടെൻഡർ നടപടിക്ക്‌ ഒരുവർഷത്തെ പഠനം ആവശ്യമാണ്‌. നിർമാണംമൂലം വെള്ളപ്പൊക്ക സാധ്യത, മണ്ണൊലിപ്പ്‌, ജനത്തെ ബാധിക്കുന്ന പ്രദേശം, തണ്ണീർത്തടത്തിനുണ്ടാകുന്ന ആഘാതം എന്നിവ ഒരു വർഷം നിരീക്ഷിച്ച്‌ പഠനറിപ്പോർട്ട്‌ തയ്യാറാക്കും എന്നാണ് പ്രഖ്യാപനം.

റെയിൽവേ മന്ത്രാലയം ഇതുവരെ പദ്ധതി അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭിച്ചില്ല എങ്കിൽ സംസ്ഥാനം മുഴുവൻ ബാധ്യതയും വഹിക്കണമെന്ന കേന്ദ്ര ധനമന്ത്രാലയ സാമ്പത്തിക കാര്യവകുപ്പിന്റെ നിർദേശം നിലനിൽക്കുന്നുണ്ട്. പദ്ധതി സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമാണ്‌ വിഭാവനം ചെയ്തിരുന്നത്. പരമാവധി നിലവിലെ റെയിൽവേ ലൈനിനോട്‌‌ ചേർന്നായതിനാൽ കുറവ്‌ ഭൂമിയേ ഏറ്റെടുക്കേണ്ടിവരൂ. 63,941 കോടി രൂപയുടെ പദ്ധതിച്ചെലവിൽ 11,535 കോടി രൂപയാണ് മൊത്തം നഷ്ടപരിഹാരത്തിനായി കണക്കാക്കുന്നത്‌.

പദ്ധതിക്ക്‌ കേന്ദ്ര സർക്കാരും ധനമന്ത്രാലയവും തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്‌. ജപ്പാനിലെ ജൈക്ക, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്,  ഹഡ്‌കോ എന്നിവയാണ് വായ്പാ ഏജൻസികൾ. ഈ സാഹചര്യത്തിൽ 5 വർഷം കൊണ്ട് സ്വപ്ന പൂർത്തീകരണം എന്ന സർക്കാർ പ്രഖ്യാപനം പ്രായോഗികമാവില്ല. ഭരണ പക്ഷ അനുകൂല സംഘടനകൾ തന്നെ സിൽവർ ലൈൻ പദ്ധതിക്ക് എതിരെ നിൽക്കുന്നുമുണ്ട്.

 

Comments

COMMENTS

error: Content is protected !!