ട്രെയിനിലെ കവർച്ച പിന്നിൽ സ്ഥിരംകുറ്റവാളി
നിസ്സാമുദ്ദീൻ തിരുവനന്തപുരം തീവണ്ടിയിലെ കവർച്ചയ്ക്ക് പിന്നിൽ സ്ഥിരം കുറ്റവാളികൾ. ഇതിനു നേതൃത്വം നൽകിയത് കുപ്രസിദ്ധ മോഷ്ടാവ് ഉത്തർപ്രദേശുകാരനായ അക്സർ ബാഗ്ഷെയെന്ന് സൂചന. സംശയിക്കുന്നവരുടെ ചിത്രങ്ങൾ കാണിച്ചപ്പോഴാണ് അക്സറിനെ മൂവരും തിരിച്ചറിഞ്ഞത്.ശൗചാലയത്തിൽ പോയപ്പോൾ കവർച്ചക്കാർ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി എന്നാണ് അനുമാനം.തീവണ്ടിയിൽ പോലീസ് ഉണ്ടായിരുന്നില്ല.
വിജയലക്ഷ്മിയും മകളും എസ് വൺ കോച്ചിലും കൗസല്യ എസ് ടു കോച്ചിലുമായിരുന്നു. സേലത്തുനിന്ന് മൂവരും ഭക്ഷണവും വെള്ളവും വാങ്ങി. ഈ റോഡിലെത്തുംമുൻപേ ഭക്ഷണംകഴിച്ചു കിടന്നു. സ്ലീപ്പർ കോച്ചിൽ ബിഹാറികളായ ആറു തൊഴിലാളികളും ഡൽഹിയിൽനിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്നു ഒരു വ്യക്തിയും ഉണ്ടായിരുന്നു. കോയമ്പത്തൂർ എത്തുംമുമ്പേ കിടന്നു. നാലുമണിക്ക് എഴുന്നേൽക്കാൻ മൊബൈൽ ഫോണിൽ അലാറം വെച്ചു. പിന്നീട് ഒന്നും ഓർമയില്ലെന്നും വിജയലക്ഷ്മി പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ റയിൽവേ പോലീസ് എത്തി വിളിച്ചപ്പോഴാണ് ബോധം വന്നത്. കായംകുളത്ത് ഇറങ്ങേണ്ടവരാണെന്ന് പോലീസിനെ അറിയിച്ചു. പൈജാമയുടെ പോക്കറ്റ് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടുവെന്ന് മനസ്സിലായത്. മൊബൈൽ ഫോണുകളും കാണാനില്ല. ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും കവർച്ച ചെയ്തതായി മനസ്സിലായി. വലതുവശത്തേക്ക് ചെരിഞ്ഞുകിടന്നാണ് ഉറങ്ങിയത്. ഇടതുചെവിയിലെ കമ്മൽ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. പോക്കറ്റ് കീറിയ നിലയിലായിരുന്നു. സ്വർണം മുറിച്ചെടുത്ത് മാറ്റിയെന്നാണ് സൂചന.
ആഗ്രയിലാണ് വിജയലക്ഷ്മിയും കുടുംബവും . സ്വകാര്യ എക്സ്പോർട്ടിങ് കമ്പനി മാനേജരാണ് ഭർത്താവ് ശിവാനന്ദൻ. ജീവിതകാലം സ്വരുക്കൂട്ടിയ 35 പവൻ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് വിജയലക്ഷ്മി പറയുന്നു.