ട്രെയിനിലേക്ക്‌ വീല്‍ചെയറില്‍ കയറാന്‍ ഇനി പോര്‍ട്ടബിള്‍ റാമ്പ്

കോഴിക്കോട്‌: റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന വീല്‍ചെയറിലെ യാത്രക്കാര്‍ക്ക്‌ ട്രെയിനില്‍ കയറാന്‍ ഇനി ആശങ്ക വേണ്ട. എളുപ്പത്തില്‍ വീല്‍ചെയര്‍ കയറുന്ന, കൊണ്ടുനടക്കാവുന്ന റാമ്പ് സൗകര്യം സജ്ജമായി. പരീക്ഷണാടിസ്ഥാനത്തില്‍ തിങ്കള്‍ മുതലാണ്‌ ഈ സേവനം ഉപയോഗിച്ചു തുടങ്ങിയത്. ഭാരം കുറഞ്ഞ രീതിയില്‍ നിര്‍മിച്ച റാമ്പുകൊണ്ട്‌ വീല്‍ചെയറിലുള്ളവര്‍ക്ക്‌ ട്രെയിനിലേക്ക്‌ പ്ലാറ്റ്‌ഫോമില്‍നിന്ന്‌ ഇറങ്ങാനും കയറാനും പറ്റും. മംഗളൂരു സെന്‍ട്രലിലെയും ഷൊര്‍ണൂര്‍ ജങ്‌ഷനിലെയും മെയിന്റനന്‍സ്‌ ഡിപ്പോട്ടിന്റെ സംയുക്ത ഉദ്യമമാണിത്‌. മടക്കാനും എളുപ്പത്തില്‍ കൊണ്ടുനടക്കാനുമുള്ള സൗകര്യത്തിലാണ്‌ ഇത്‌ തയ്യാറാക്കിയത്‌. 15 കിലോഗ്രാം ഭാരത്തില്‍ അലൂമിനിയം ഷീറ്റുകൊണ്ടാണ്‌ നിര്‍മിച്ചത്‌. നേരത്തെ കൂടെയുള്ളവര്‍ വീല്‍ചെയര്‍ പൊക്കി ട്രെയിനിലേക്ക്‌ കയറ്റി വെക്കേണ്ട സ്ഥിതിയാണുണ്ടായിന്നത്‌.

മംഗളൂരു സെന്‍ട്രല്‍ കോച്ച്‌ മെയിന്റനന്‍സ്‌ ഡിപ്പോട്ട്‌ അസി. ഹെല്‍പ്പര്‍ കെ നിഥിന്‍, ഷൊര്‍ണൂര്‍ ജങ്‌ഷനിലെ കെ രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇതൊരുക്കിയത്‌. ആവശ്യക്കാര്‍ക്ക്‌ റെയില്‍വേ സ്‌റ്റേഷനില്‍ ഈ സൗകര്യം ഉപയോഗിക്കാം.

Comments

COMMENTS

error: Content is protected !!