MAIN HEADLINES

“മെയ് ദിനമേ ജയ ഗാഥകളാൽ; നിറവേറ്റും ശപഥ വചസ്സുകളാൽ അഭിവാദനം”

 

“മെയ് ദിനമേ ജയ ഗാഥകളാൽ; നിറവേറ്റും ശപഥ വചസ്സുകളാൽ അഭിവാദനം”

 

മെയ് ഒന്ന് ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസം. ഒരു ദിവസം എട്ടുമണിക്കൂര്‍ പണിയെടുക്കുക പിന്നെ എട്ടു മണിക്കൂര്‍ വിനോദത്തിനും എട്ടുമണിക്കൂര്‍ വിശ്രമത്തിനുമായി അനുവദിക്കുക എന്ന നിസ്വരായ മനുഷ്യരുടെ ജീവിതാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികൾ പൊരുതി വീണ ദിനം. ജീവത്യാഗം ചെയ്ത ദിവസം. വിവിധ ഭൂഖണ്ഡങ്ങളില്‍, രാജ്യങ്ങളില്‍ വിവിധ കാലങ്ങളില്‍ എണ്ണമറ്റ തൊഴിലാളികള്‍ നടത്തിയ സമരങ്ങളുടെ ആകെത്തുകയാണ് ഇന്ന് മാനവരാശി അനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍. അവ ഇനിയും പൂര്‍ണമായിട്ടില്ല. നേടിയവ തന്നെ പുതിയ കാലത്ത് നഷ്ടമാകുന്നു. വിശപ്പില്‍ നിന്നുള്ള മോചനം, വിദ്യാഭ്യാസം, അഭിരുചികള്‍ക്കനുസരിച്ച് വളരാനുള്ള അവസരം, പാര്‍പ്പിടം, ശുദ്ധജലവും ശുദ്ധവായുവും…… അങ്ങനെയങ്ങനെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഇനിയും നിറവേറാത്ത രാജ്യങ്ങളുണ്ട്. ലോകത്തിന്നും 600 കോടിയോളം ജനങ്ങൾ അടിസ്ഥാന അവകാശങ്ങളിൽ നിന്ന് ബഹുദൂരം പിന്നിലാണ്. അവിടുത്തെ മനുഷ്യരുടെ പോരാട്ടങ്ങൾക്കും മെയ്ദിനം ആവേശം പകരും.

സമാനതകളില്ലാത്ത സമരമുഖം

1890 മുതലാണ് മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചു തുടങ്ങിയത്..1886 മെയ് ഒന്നുമുതല്‍ നാലുവരെ അമേരിക്കന്‍ ഐക്യനാടുകളില്‍ പൊതുവെയും ചിക്കാഗോയില്‍ പ്രധാനമായും അരങ്ങേറിയ വമ്പിച്ച തൊഴിലാളി പ്രക്ഷോഭങ്ങളും മെയ് നാലിന് ഹേമാര്‍ക്കറ്റ് സ്ക്വയറില്‍ വെടിവയ്പില്‍ കലാശിച്ച സംഭവങ്ങളും അനന്തര നടപടികളുമാണ് മെയ് ദിനാചരണത്തിന് കാരണമായത്.1866 ആഗസ്തില്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെ സമ്മേളനത്തില്‍ എട്ടു മണിക്കൂര്‍ ജോലി എന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. ന്യൂസിലാന്‍ഡിലും തുടര്‍ന്ന് ഓസ്ട്രേലിയയിലും നടന്ന തൊഴിലാളി സമരത്തില്‍ ഈ ആവശ്യങ്ങള്‍ വിജയം കണ്ടെങ്കിലും ലോകത്തെ ഭൂരിഭാഗം തൊഴിലാളികള്‍ക്ക് ഇതിന്റെ നേട്ടം ലഭിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തേ തുടർന്നാണ് ലോകം ഒരു പുതിയ ജീവിത സഹചര്യം അനുഭവിച്ചത്. തൊഴിലാളികളുടെ ജീവിത സുരക്ഷിതത്ത്വത്തിന് വേണ്ടി ഭരണകൂടം ഒട്ടനവധി നിയമ നിർമ്മാണങ്ങൾ നടത്തി. തൊഴിലാളി ക്ഷേമ നടപടികൾ എന്നവ അറിയപ്പെട്ടു. ഓരോ മനുഷ്യനും സുരക്ഷിതമായ ജീവിതം ഉറപ്പു വരുത്തേണ്ടത് ഭരണകൂടമാണെന്ന് തത്വത്തിൽ അംഗീകരിക്കപ്പെട്ടു. അത്തരത്തിലുള്ള നിരവധി നിയമ നിർമാണങ്ങൾ സോവിയറ്റ് യൂനിയനിലുണ്ടായി. സാമൂഹ്യക്ഷേമ നടപടികൾ എന്നവ അറിയപ്പെട്ടു. സോവിയറ്റ് യൂണിയനിൽ അവ നടപ്പിലാക്കപ്പെട്ടതോടെ മുതലാളിത്ത ലോകവും അത്തരം തൊഴിലാളിക്ഷേമ, സാമൂഹ്യക്ഷേമ നടപടികൾ നടപ്പിൽ വരുത്താൻ നിർബന്ധിതരായി. എന്നാൽ സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ തൊഴിലാളി ക്ഷേമ സാമൂഹ്യക്ഷേമ നപടികൾ ഇല്ലായ്മ ചെയ്യാൻ മുതലാളിത്ത ലോകം ഇന്ന് മത്സരിക്കുകയാണ്. പുതിയ കാലത്ത് അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന് നേടിയത് പലതും നഷ്ടപ്പെടേണ്ടി വരുന്ന സ്ഥിതിയാണ്. ഇടതു മേൽവിലാസങ്ങളുള്ള സർക്കാരുകൾ പോലും അത് ചെയ്യുന്നു.

 

ജീവിതസമരം

18, 19 നൂറ്റാണ്ടുകള്‍ വ്യാവസായിക വിപ്ലവത്തിന്റെ ഫലങ്ങള്‍ തൊഴിലാളികളുടെ ജീവിതത്തെ മാറ്റിമറിച്ചു. വന്‍കിട വ്യവസായങ്ങള്‍ വളര്‍ന്നുവന്നു. ഫോര്‍ഡ്, റോക്ക് ഫെല്ലര്‍, ഷോര്‍ഗന്‍സ് മുതലായ കുത്തകകള്‍ ജന്മമെടുത്തത് ഇക്കാലത്താണ്. തൊഴിലാളികളെ അങ്ങേയറ്റം ചൂഷണം ചെയ്താണ് കുത്തകകള്‍ തടിച്ചുകൊഴുത്തത്. സ്ത്രീകളും കുട്ടികളുംപോലും അങ്ങേയറ്റം ക്രൂരമായ സാഹചര്യങ്ങളില്‍ 12-16 മണിക്കൂര്‍ പണിയെടുക്കണം. ആഴ്ചയില്‍ ആറുദിവസം, 78 മണിക്കൂര്‍ സാധാരണ പ്രവൃത്തിസമയം. ഒരു ഡോളര്‍പോലും കൂലിയില്ല. ഈ ‘മുതലാളിത്ത സ്വര്‍ഗത്തിലാണ്’എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ പഠനവും വിനോദവും’ എന്ന മുദ്രാവാക്യം കാട്ടുതീപോലെ പടര്‍ന്നത്. തുല്യജോലിക്ക് തുല്യവേതനം, ബാലവേല അവസാനിപ്പിക്കുക, സംഘടനാ സ്വാതന്ത്ര്യം, തൊഴില്‍ സുരക്ഷിതത്വം എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ന്നുവന്നു. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുവേണ്ടിയും ശബ്ദമുയര്‍ന്നു. എബ്രഹാം ലിങ്കന്‍ 1860കളില്‍ തന്നെ ഇതിന്റെ വക്താവായിരുന്നു. ബാള്‍ട്ടിമൂര്‍, ഫിലാഡെല്‍ഫിയ, ന്യൂയോര്‍ക്ക്, ന്യൂ ഹാംഷെയര്‍, റോസ് ഐലന്റ്, കാലിഫോര്‍ണിയ, ഇല്ലിനോയിഡ്, മസാച്ചുസെറ്റ്സ് തുടങ്ങിയ നഗരങ്ങളില്‍ തൊഴിലാളിപ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിച്ചു. ഇക്കാലത്തുതന്നെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, ബല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ് മുതലായ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും തൊഴിലാളി സംഘടനകള്‍ വളര്‍ന്നുവന്നു.1827ല്‍ ഫിലാഡെല്‍ഫിയയിലെ കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ 10 മണിക്കൂറായി ജോലിസമയം കുറച്ചുകിട്ടുന്നതിന് പണിമുടക്ക് നടത്തി. ആദ്യ ട്രേഡ് യൂണിയനെന്നു കരുതപ്പെടുന്ന ഫിലാഡെല്‍ഫിയാ മെക്കാനിക്സ് യൂണിയന്‍ ജന്മമെടുക്കുന്നത് ഈ പ്രക്ഷോഭത്തില്‍നിന്നാണ്.

 

മെയ്ദിനം ഇന്ത്യയില്‍

ഇന്ത്യയിലാദ്യമായി മെയ്ദിനം ആഘോഷിച്ചത് 1923ല്‍ മദ്രാസിലാണ്. ദക്ഷിണേന്ത്യയിലെ പ്രഥമ കമ്യൂണിസ്റ്റുകാരനും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ മദ്രാസ് കടപ്പുറത്ത് ഒരു യോഗം ചേര്‍ന്നു. മെയ്ദിനം ഒഴിവുദിനമായി പ്രഖ്യാപിക്കണമെന്ന് ആ യോഗം പ്രമേയവും പാസാക്കി. 1957ലെ കേരളത്തിലെ ഇ എം എസ് സര്‍ക്കാരാണ് ഈ പ്രമേയം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button