Uncategorized

ട്രെയിന്‍ സമയത്തില്‍ മാറ്റം, രണ്ട് സ്‌പെഷ്യല്‍ വണ്ടികള്‍ സ്ഥിരമാക്കി

ഞായറാഴ്ച (ഓഗസ്റ്റ് 20) മുതല്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) ട്രെയിനിന്റെ സമയം മാറും. ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം 2.50 ഓടെ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ 20ാം തിയ്യതി മുതല്‍ 3.50നാകും പുറപ്പെടുക. എറണാകുളം ജങ്ഷനില്‍ ഇത് 5.20 ഓടെയും ഷൊര്‍ണ്ണൂരില്‍ 7.47നും എത്തിച്ചേരും.

എറണാകുളം വേളാങ്കണ്ണി ബൈവീക്ക്ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്ലി ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായിട്ടുണ്ട്.

എറണാകുളത്തു നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലാണു വേളാങ്കണ്ണിക്കുള്ള സര്‍വീസ്. തിരിച്ച് ചൊവ്വ, ഞായര്‍ ദിവസങ്ങളിലാണ്. ഏതാനും വര്‍ഷങ്ങളായി സ്‌പെഷലായി ഈ ട്രെയിന്‍ ഓടിക്കുന്നുണ്ട്. 06361 എന്ന നമ്പറില്‍ ഓടിയിരുന്ന ഈ ട്രെയിന്‍ സ്ഥിരമാക്കിയതോടെ 16361 എന്ന നമ്പറിലേക്ക് മാറി. ഉച്ചയ്ക്കു 12.35ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും. തിരിച്ച് വൈകീട്ട് 6.30 ഓടെ 16362 എന്ന നമ്പറില്‍ വേളങ്കണ്ണിയില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളത്തെത്തും.

തിരുപ്പതി-കൊല്ലം ബൈവീക്ക്ലി ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിന്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണു സര്‍വീസ്. മടക്കട്രെയിന്‍ കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും. രണ്ട് ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്ന തീയതി റെയില്‍വേ ഉടനെ പ്രഖ്യാപിക്കും.

ഓണക്കാലത്ത് നാഗര്‍കോവിലില്‍ നിന്ന് കോട്ടയം, കൊങ്കണ്‍ വഴി പനവേലിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാഗര്‍കോവിലില്‍ നിന്ന് 22, 29, സെപ്റ്റംബര്‍ 5 തീയതികളില്‍ പകല്‍ 11.35-ന് പുറപ്പെടുന്ന തീവണ്ടി (നമ്പര്‍ 06071) പിറ്റേന്ന് രാത്രി 10.45-ന് പനവേലിലെത്തും. പനവേലില്‍ നിന്ന് 24, 31, സെപ്റ്റംബര്‍ 7 തീയതികളില്‍ പുലര്‍ച്ചെ 12.10-ന് മടക്കയാത്ര ആരംഭിക്കുന്ന തീവണ്ടി (06072) പിറ്റേന്ന് രാവിലെ 10-ന് തിരുവനന്തപുരത്തെത്തും. ഈ വണ്ടികളില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button