CRIMEMAIN HEADLINES
ഡോക്ടർമാരുടേത് ഗുരുതര വീഴ്ച; രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഡോക്ടർമാരുടേത് ഗുരുതര വീഴ്ചയെന്ന് ജുഡീഷ്യൽ അന്വേഷണ ചുമതലയുള്ള ജസ്റ്റിസ് നാരായണ കുറുപ്പ്. രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്താനും ജുഡീഷ്യൽ കമ്മീഷൻ നിർദ്ദേശിച്ചു. രാജ്കുമാറിന്റെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ നടത്തിയ തെളിവെടുപ്പിൽ വ്യക്തമായി.
രാജ്കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തേണ്ടിയിരുന്നത് വിദഗ്ധ സംഘമായിരുന്നു. രാജ്കുമാർ ക്രൂര മർദ്ദനത്തിനിരയായിട്ടും മരണ കാരണം ന്യൂമോണിയയെന്ന് രേഖപ്പെടുത്തിയത് ഗുരുതര പിഴവാണെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് കണ്ടെത്തി. മുറിവുകളുടെ പഴക്കം നിർണയിച്ചില്ല. സംഭവത്തിൽ ഡോക്ടർമാരുടെ വീഴ്ചയും അന്വേഷിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി.
റീ പോസ്റ്റ് മോർട്ടം നടത്താനുള്ള അനുമതിക്കായി സർക്കാരിനെ സമീപിക്കും. ഒരാഴ്ചകം റീ പോസ്റ്റമോർട്ടത്തിന് നടപടികൾ പൂർത്തിയാക്കും. രാജ്കുമാറിനെ സംസ്‌കരിച്ച ഇടത്ത് പൊലീസ് കാവലേർപെടുത്തും. ഡോക്ടർ ലാഘവത്തോടെ പോസ്റ്റ് മോർട്ടത്തെ സമീപിച്ചത്. ഈ റിപ്പോർട്ടുമായി കേസ് മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്നും ജുഡീഷ്യൽ കമ്മീഷൻ വ്യക്തമാക്കി.
രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും എന്തങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ, എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചാകും ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുക. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും അന്വേഷണ സംഘം റിപ്പോർട്ട് നൽകും. വരും ദിവസങ്ങളിൽ അന്വേഷണ സംഘം പീരുമേട് സബ് ജയിലും, രാജ്കുമാറിന്റെ വീടും സന്ദർശിക്കും.
Comments