ഡോ. വന്ദനയുടെ സംസ്‌കാരച്ചടങ്ങുകൾ പൂര്‍ത്തിയായി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടഡോ. വന്ദനയുടെ സംസ്‌കാരച്ചടങ്ങുകൾ പൂര്‍ത്തിയായി. വന്ദനയുടെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി എൻ വാസവൻ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഡോ. വന്ദന ദാസ് പഠിച്ച കൊല്ലത്തെ അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ജന്മനാട്ടിലെത്തിയത്.
ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. വന്ദന പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം എട്ടു മണിയോടെയാണ് പട്ടാളമുക്കിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉൾപ്പെടെ പ്രമുഖർ വീട്ടിലേക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി.
കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളുണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വന്ദനയുടെ തലയുടെ പിൻഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കയ്യിലും മുതുകിലും കുത്തേറ്റു. ഡോക്ടറുടെ തലയിൽ മാത്രം പ്രതി മൂന്ന് തവണയാണ് കുത്തിയത്. ആറ് തവണ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് വന്ദനയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.