തച്ചൻകുന്ന് കീഴൂരിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
തച്ചൻകുന്ന് കീഴൂരിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഒരാൾക്ക് പൊള്ളലേറ്റു. പള്ളി വീട്ടിൽ മൊയ്തീൻ്റെ വീട്ടിലെ സിലിണ്ടറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അടുക്കളയിൽ ഗ്യാസ് സിലിണ്ടറിന് തീ പടർന്നതോടെ വീട്ടുകാർ പുറത്തേക്കോടി രക്ഷപ്പെട്ടു.
ഭക്ഷണം പാചകം ചെയ്യാനായി അടുക്കളയിലെത്തി ഒരുക്കങ്ങൾ തുടങ്ങിയതോടെയാണ് സിലിണ്ടറിന് തീപിടിച്ചത്. വീട്ടിൽ നിന്നും ശബ്ദമുയർന്നതോടെ സമീപത്തെ പറമ്പിൽ കരിങ്കൽകെട്ട് ജോലിക്കെത്തിയ യുവാവ് അടുക്കളയിൽ നിന്നും തീയാളുന്ന സിലിണ്ടർ എടുത്ത് പുറത്തേക്കെറിയുകയായിരുന്നു. കരിങ്കൽ കെട്ട് തൊഴിലാളിയായ കീഴൂർ മൂലം തോട് മീത്തലെ കുനി രാജൻ ആണ് രക്ഷകനായത്.
ഇതിനിടെ ഇദ്ദേഹത്തിൻ്റെ വിരലുകൾക്ക് പൊള്ളലേറ്റു. തുടർന്ന് ചാക്കുകളും തുണിയുമൊക്കെ നനച്ച് മൂടി തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഇവ കത്തി പോവുകയായിരുന്നു. തുടർന്ന് ദീർഘനേരം വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
വടകരയിൽ നിന്നും അഗ്നിശമന സേനയും പയ്യോളി പോലീസും സ്ഥലത്തെത്തിയപ്പോഴേക്കും തീയണച്ചിരുന്നു.