തഞ്ചാവൂരില്‍ രഥഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു
ചെന്നൈ: തഞ്ചാവൂരില്‍ രഥഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. തഞ്ചാവൂര്‍ – പുത്തലൂര്‍ റോഡിനോട് ചേര്‍ന്നുള്ള കാളിമേട് ഭാഗത്തു വച്ച് രഥം വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. 10 പേര്‍ സംഭവസ്ഥലത്തു വച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.പത്തിലേറെ പേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. രാത്രി 12 മണിയോടെയാണ് രഥോത്സവം ആരംഭിച്ചത്. അപകടം നടന്നയുടന്‍ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
വൈദ്യുത ലൈനില്‍ തട്ടിയ രഥം കത്തിയപ്പോള്‍ പരിഭ്രാന്തരായ ജനം വെള്ളം ഒഴിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് ഐജി ബാലകൃഷ്ണന്‍ പറഞ്ഞു. തഞ്ചാവൂര്‍ ജില്ലാ കളക്ടര്‍ ദിനേഷ് പൊന്‍രാജ് ഒലിവര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വി ബാലകൃഷ്ണന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.