താമരശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിനെ മണിക്കൂറുകള്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല

താമരശ്ശേരി:കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിനെ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഇന്നലെ രാത്രിയാണ് കാറിലെത്തിയ നാലംഗ സംഘം ദുബായില്‍ ബിസിനസുകാരനായിരുന്ന താമരശ്ശേരിക്കടുത്ത പരപ്പന്‍പൊയില്‍ സ്വദേശി കുറുന്തോട്ടിക്കണ്ടിയില്‍ ഷാഫിയെ തട്ടിക്കൊണ്ടു പോയത്.

സംഭവത്തിനു പിന്നില്‍ വിദേശത്തു നടന്ന സാമ്പത്തിക ഇടപാടുകളെന്നു സൂചന. തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളവരെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചു. രണ്ടുപേര്‍ കസ്റ്റഡിയില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശിയ സാലിയുടെ നേതൃത്വത്തിൽ നേരത്തെ ഇവരെ ഭീഷണിപ്പെടുത്തിയതിന് കേസ് നിലവിലുണ്ട്. ഈ സംഘത്തിൽ പെട്ടവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം. താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങളക്കണ്ടിയുടെ നേതൃത്വത്തിലാണ് പ്രതികൾക്കായി അന്വേഷണം.

താമരശ്ശേരി സ്വദേശികളായ പരപ്പന്‍പൊയില്‍ ഷാഫി, ഭാര്യ സാനിയ എന്നിവരെയാണ് ആയുധധാരികളായ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. തോക്കു ചൂണ്ടി അയല്‍ക്കാരെയും മറ്റും ഭീഷണിപ്പെടുത്തിയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തനിക്കു ഭീഷണിയുണ്ടെന്നു കാണിച്ചു ഷാഫി ഒരുമാസം മുമ്പു പോലീസില്‍ പരാതി നല്‍കിയിരുന്നു. നേരത്തെ വിദേശത്ത് ബിസിനസ്സുകള്‍ നടത്തിയ ആളാണ് ഫാഷി.

ഭാര്യയെ വഴിയില്‍ ഇറക്കി വിട്ട ശേഷമാണു സംഘം പ്രവാസിയായ ഭര്‍ത്താവുമായി കടന്നുകളഞ്ഞത്.
ഷാഫിയെ വീട്ടില്‍ നിന്ന് വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചതിനിടെ സാനിയ തടയുകയായിരുന്നു. ഇതോടെ തന്നെയും കാറിലേക്ക് വലിച്ചിടുകയായിരുന്നെന്ന് സാനിയ പറഞ്ഞു. ഡോര്‍ അടയ്ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കുറച്ചുദൂരം പോയ ശേഷമാണ് തന്നെ വഴിയില്‍ ഇറക്കിവിട്ടതെന്നും സംഘം മുഖംമൂടി ധരിച്ചിരുന്നെന്നും സാനിയ പറഞ്ഞു.

നാല് വര്‍ഷം മുന്‍പ് ഷാഫി ദുബായില്‍ ബിസിനസ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് വിദേശത്ത് ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഒരു വര്‍ഷമായി ഷാഫി നാട്ടില്‍തന്നെയാണ്. കൊടുവള്ളി സ്വദേശിയായ ഒരാള്‍ നേരത്തെ വീട്ടില്‍ വന്നു ഭീഷണിപ്പെടുത്തിയിരുന്നു.

Comments

COMMENTS

error: Content is protected !!