താഴത്തയിൽ ഭദ്രകാളി ക്ഷേത്രത്തിൽ ശ്രദ്ധേയമായി കുട്ടിച്ചാത്തൻ തിറ
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ജനങ്ങളെ ആകർഷിച്ചത് നിധീഷ് കുറുവങ്ങാട്, ശ്രീജിത്ത് നാരായണൻ, എന്നിവർ കെട്ടിയാടിയ കരിങ്കുട്ടിച്ചാത്തൻ തിറകൾ. കുട്ടിചാത്തന് പൂവും നീരും കൊടുക്കലും നമ്പൂതിരിയെ പ്രകോപിക്കലും മലക്കുപോക്കും ഒക്കെയായി സാധാരണ മനുഷ്യരെ ഏറെ രസിപ്പിക്കുന്നതാണ് കുട്ടിച്ചാത്തൻ തിറ. ചെണ്ടമേളം മുറുകുന്നതിനും അയയുന്നതിനുമനുസരിച്ചുള്ള ചടുലമായ അംഗചലനങ്ങളും നൃത്തവും ശ്രദ്ധേയമായിരുന്നു.
പാതിരാത്രിയിൽ നടക്കുന്ന കനലാട്ടം, സുധീഷ് വെളിയന്നൂർ കെട്ടിയാടുന്ന പൊയ്ക്കാലിൽ നൃത്തം വെക്കുന്ന ഗുളികൻ തിറ, സുർജിത് പണിക്കർ കെട്ടിയാടുന്ന ചാമുണ്ഡിത്തിറ എന്നിവ കാണുന്നതിന് ധാരാളം ആളുകൾ ഒത്തുകൂടും. നാളെ താലപ്പൊലി ഉത്സവമാണ്. മട്ടന്നൂർ ശ്രീകാന്ത്, ശ്രീരാഗ് കലാമണ്ഡലം അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പാണ്ഡിമേളവും ഗജവീരന്മാർ അണിനിരക്കുന്ന മടക്കെഴുന്നള്ളത്തും ക്ഷേത്രത്തിലെത്തി വാളകം കൂടും. തുടർന്ന് കരിമരുന്ന് പ്രയോഗവും ഡയനാമിറ്റ് ഡിസ്പ്ലേയും കഴിഞ്ഞ് ഭദ്രകാളിത്തറയോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.