താൻ സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുകയാണെന്ന്, കണ്ണൂരിലെ പ്രമുഖ സി പി എം നേതാവ്; ജെയിംസ് മാത്യു

കണ്ണൂർ: സി പി ഐ എം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേംഹം അറിയിച്ചു. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ ഘടകത്തിൽ തുടരണമെന്ന പാർട്ടി നിർദേശവും ജെയിംസ് മാത്യു അംഗീകരിച്ചില്ല.

സി പി ഐ എമ്മിന് കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ജനസമ്മതിയുള്ള നേതാക്കളിൽ ഒരാളാണ് ജെയിംസ് മാത്യു. കുറേ വർഷങ്ങളായി സി പി ഐ എം സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പാർട്ടി സംസ്ഥാന സമിതിയിൽ തുടരുന്നില്ല എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
എസ്എഫ്‌ഐയുടെ സംസ്ഥാന നേതൃത്വം മുതൽ, അഖിലേന്ത്യ തലം വരെ പ്രവർത്തിച്ച വ്യക്തിയാണ് ജെയിംസ് മാത്യു. അറിയപ്പെടുന്ന ഒരു പ്രക്ഷോഭകാരിയും കഴിവുറ്റ സംഘാടകനുമാണ്.

കണ്ണൂർ ജില്ലയിലെ സി പി ഐ എമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു, ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എം എൽ എയായി. സി പി ഐ (എം)ന്റെ ‘കണ്ണൂർ ലോബി’ എന്നറിയപ്പെടുന്ന വ്യവസ്ഥാപിത നേതൃത്വവുമായി നിരന്തരം കലഹിച്ചു കൊണ്ടിരുന്ന നേതാവാണ് ജെയിംസ് മാത്യു. പി ശശിയെ വീണ്ടും സംസ്ഥാന സമിതിയിലുൾപ്പെടുത്തി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള നീക്കത്ത അദ്ദേഹം ശക്തമായി എതിർത്തിരുന്നതായി വാർത്തകളുണ്ടായിരുന്നു. ശശിയെ സംസ്ഥാന സമിതി പാനലിൽ ഉൾപ്പെടുത്തിയതോടെ തന്നെ ഒഴിവാക്കണമെന്ന് ജെയിംസ് ആവശ്യപ്പെടുകയായിരുന്നു എന്ന് പറയുന്നു. മഹിളാ അസോസിയേഷൻ നേതാവായ എൻ സുകന്യയാണ് ഭാര്യ.

Comments
error: Content is protected !!