“തിരിമുറിയാ മഴ പെയ്യും നമ്മുടെ തിരുവാതിരയിന്നെവിടെപോയ് ” താളം തെറ്റിയ കാലാവസ്ഥയും അന്യംവന്നു പോകുന്ന കൃഷിയും വഴിമുട്ടുന്ന ജീവിതവും
ഇന്ന് (ജൂൺ 22 ബുധൻ) തിരുവാതിര ഞാറ്റുവേലക്ക് തുടക്കമാകുന്ന ദിവസം. ഉച്ചതിരിഞ്ഞ് ആരംഭിക്കുന്ന ഞാറ്റുവേല പതിനാല് ദിവസത്തിന് ശേഷം ജൂലൈ മൂന്നിന് അവസാനിക്കും. സ്വന്തം വിരലൊടിച്ച് മണ്ണിൽ കുത്തിയിട്ടാൽ അതിന് മുളവന്ന് ഇലവിരിഞ്ഞ് വേരുപിടിക്കുന്ന ഞാറ്റുവേലയാണ് തിരുവാതിര.
കേരളത്തിലെ പൗരാണിക കൃഷിക്കാർ ഞാറ്റുവേല കലണ്ടറൊരുക്കി കാത്തിരുന്ന ഞാറ്റുവേല. തിരിമുറിയാതെ മഴ പെയ്യുന്ന ഏഴ് ദിനരാത്രങ്ങളും അത്ര തന്നെ, ‘ആനത്തോലുണക്കിയെടുക്കാൻ പോന്ന’ വെയിൽപ്പകലുകളുമുണ്ട് തിരുവാതിരക്ക് എന്നാണ് പ്രമാണം. തിമർത്തു പെയ്യുന്ന മഴയിൽ മണ്ണും പച്ചപ്പും അന്തരീക്ഷവുമൊക്കെ പാകം വന്ന് ജൈവസൃഷ്ടിക്കനിവാര്യമായ ഉർവരത രൂപം കൊള്ളുകയും ചെയ്യുന്നതുകൊണ്ടാണ്, വിരലൊടിച്ചുകുത്തിയാൽ പോലും അത് മുളയെടുക്കും എന്ന് പറയുന്നത്. ശത്രുകീടങ്ങൾ നശിക്കുകയും മിത്രകീടങ്ങളും സൂക്ഷ്മ ജീവികളും മദിച്ചു വളരുകയും ചെയ്യുന്ന ഈ ഞാറ്റുവേലയാണ് ഇടവപ്പാതിയുടെ – കാലവർഷത്തിന്റെ – സത്തയായ കാലം. ഇതാണ് മലയാളക്കരയുടെ സകല സുകൃത പുണ്യങ്ങളുടേയും അടിസ്ഥാനമായി വർത്തിച്ചത്.
വർഷത്തിൽ എല്ലാ മാസങ്ങളിലും മിതയായി മഴ ലഭിക്കുന്ന, അത്യുഷ്ണമില്ലെങ്കിലും ചെടികൾക്ക് എല്ലാ മാസങ്ങളിലും ഭക്ഷണമുദ്പ്പാദിപ്പിക്കാൻ കഴിയുന്ന നല്ല വെയിൽ, അതിശൈത്യമില്ലെങ്കിലും ജോലി ചെയ്യാനുള്ള നല്ല ഉത്സാഹവും രതിസുഖവുമൊക്കെ പ്രദാനം ചെയ്ത കുളിർ, ഇതൊക്കെ ചേർന്നതായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ കാലാവസ്ഥ. അതുകൊണ്ടാണ് ഒരു വസ്ത്രവും ധരിക്കാതെ വർഷത്തിലെല്ലാകാലത്തും ജീവിക്കാൻ കഴിയുന്ന സുഖശീതള കാലാവസ്ഥ എന്ന് നമ്മുടെ കാലാവസ്ഥയെ വിദേശ സഞ്ചാരികൾ വിശേഷിപ്പിച്ചതും പുകഴ്ത്തിയതും. അതുകൊണ്ടാണ് “പോർച്ചുഗീസുകാർ കുരുമുളകു വള്ളിയല്ലേ കൊണ്ടുപോയുള്ളൂ; തിരുവാതിര ഞാറ്റുവേല കയറ്റിക്കൊണ്ടു പോകാനാവില്ലല്ലോ!” എന്ന് സാമൂതിരി പരിഹസിച്ചത്. ഇന്ന് കാലവും കാലാവസ്ഥയും അടിമുടി മാറി. തിരിമുറിയാ മഴ പെയ്യേണ്ട തിരുവാതിരയെത്തിയിട്ടും കേരളത്തിൽ പറയത്തക്ക നിലയിൽ മഴയെത്തിയില്ല.
കാര്യമായ മഴയില്ലാത്ത നാളുകളിലാണ് ഇത്തവണയും തിരുവാതിര ഞാറ്റുവേല വിരുന്നെത്തുന്നത്. ഏഴര ദിവസം മഴയും ഏഴര ദിവസം വെയിലുമായി തിരുവാതിര മലയാളത്തെ സമ്പന്നമാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പുതു തലമുറക്കാർക്ക് ഇപ്പോൾ ‘ഞാറ്റുവേല’ എന്ന് പറയുന്നത് തന്നെ, തിരുവാതിര ഞാറ്റുവേല എന്ന് മാത്രമായിരിക്കുന്നു.
27 ഞാറ്റുവേലകളിൽ ഒന്ന് മാത്രമാണ് തിരുവാതിര ഞാറ്റുവേല. അവസാനിക്കുന്നത് മകീര്യം ഞാറ്റുവേലയാണ്. അശ്വതി തുടങ്ങി രേവതി വരെ ഉള്ള 27 നാളുകളുടെ പേരാണ് ഞാറ്റുവേലകൾക്ക് നൽകിയിരിക്കുന്നത്. ആദ്യ ഞാറ്റുവേല എന്ന് പറയാവുന്ന ‘അശ്വതി ഞാറ്റുവേല’: ഏപ്രിൽ 14 മുതല്‍ ഏപ്രിൽ 27 വരെയുള്ള ദിവസങ്ങള്‍ ആണ്. 13.5 ദിവസങ്ങള്‍ വീതം 26 എണ്ണവും (351 ദിവസം ) 14/15 ദിവസമുള്ള ഒരു സവിശേഷ ഞാറ്റുവേലയായ തിരുവാതിര ഞാറ്റുവേലയും.
‘ഞായര്‍’ അഥവാ ‘സൂര്യ’ൻ്റെ ‘വേല’ (വേള) എന്നാണ് ‘ഞാറ്റുവേല’ അര്‍ത്ഥമാക്കുന്നത്. ‘ഞായറ്റുവേല’ ലോപിച്ചാണ് ഇന്നത്തെ ‘ഞാറ്റുവേല’ ആയി മാറിയത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. സൂര്യരാശിചക്രത്തിലെ (zodiac) ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. രാശിയിലെ ഒരു നക്ഷത്രഭാഗം എന്നാൽ, ഉദാഹരണമായി ‘മേടം'(ഏരിസ്) രാശിയിലെ അശ്വതി, ഭരണി, കാർത്തിക ഇത്യാദി നക്ഷത്രങ്ങൾ. ഇതുകൊണ്ടാണ് ഓരോ ഞാറ്റുവേലയും മലയാള നക്ഷത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നതിനുള്ള കാരണം. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽക്കുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു.
അശ്വതി മുതൽ രേവതി വരെയുള്ള ഓരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികൾ ചെയ്യണം എന്നറിയാൻ വ്യക്തമായ കാർഷിക കലണ്ടറും പഴമക്കാർ ഉണ്ടാക്കിയിരുന്നു. ജൂണ്‍ 22 മുതൽ ജുലൈ മൂന്ന് വരെ യുള്ള കാലയളവാണ് ‘തിരുവാതിര ഞാറ്റുവേല’. കൃഷിയെ സംബന്ധിച്ചിടത്തോളം ഞാറ്റുവേല വളരെ പ്രധാനപ്പെട്ട ഒന്നാണ്. തിരുവാതിര ഞാറ്റുവേലയാണ് കുരുമുളക് നടുന്നതിന് ഏറ്റവും യോജിച്ച സമയം. കുരുമുളക് ചെടിയുടെ പരാഗണം ഈ സമയത്താണെത്രേ നടക്കുന്നത്. കുരുമുളക് വള്ളി യൂറോപ്പിലേക്ക് കൊണ്ടുപോയ വാർത്തയറിഞ്ഞ സാമൂതിരിയുടെ പ്രസിദ്ധമായ പ്രതികരണം, ഈ അടിസ്ഥാനത്തിൽ ഉണ്ടായതാണ്.
പരമ്പരാഗത വൈദ്യന്മാര്‍ തിരുവാതിര ഞാറ്റുവേലയില്‍ പെയ്യുന്ന മഴവെള്ളം ശേഖരിച്ചുവച്ചിരുന്നു; മരുന്നുണ്ടാക്കാന്‍ ആണിത്. ‘ഏലംകെട്ട്’ എന്നൊരു രീതിയുണ്ടായിരുന്നു, വളരെ ലളിതമായ ജലസംഭരണ വിദ്യ. വെളുത്ത മുണ്ടിന്റെ നാലുവശവും കുറ്റികളില്‍ ഉറപ്പിച്ച് മഴവെള്ളം ശേഖരിക്കു രീതിയാണത്. ഔഷധ നിര്‍മാണത്തിനാണ് ഇങ്ങനെ ശേഖരിക്കുന്ന വെള്ളം ഉപയോഗിച്ചിരുത്. മനുഷ്യനും മൃഗങ്ങള്‍ക്കും ‘ദേഹരക്ഷ’ ചെയ്യുതിന് ആയൂര്‍വ്വേദം വിധിച്ചിരിക്കുന്ന കാലം കൂടിയാണ് ഇത്.
തിരുവാതിരയില്‍ വിതയ്ക്കുന്ന വിത്തുകള്‍ ചെറുകിളികളെ ആകര്‍ഷിക്കുമെന്നതിനാല്‍ കൃഷിക്കാർ പക്ഷികളെ അകറ്റുന്നതിന് പാടിയിരുന്ന പാട്ടുകളാണ് കിളിയാട്ടു പാട്ടുകളായത്.