ഭരണഘടനയുടെ പവിത്രതയും സജീ ചെറിയാനു വേണ്ടിയുള്ള വാഴ്ത്തുപാട്ടുകളും – പി ജെ ബേബി

ഇന്ത്യൻ ഭരണഘടനയിൽ നിരന്തരം ഭേദഗതികൾ വരുത്തിയിട്ടില്ലേ? ഉണ്ട്. ഭരണഘടനയിൽ ഇനിയും ഭേദഗതികൾ വേണ്ടിവരില്ലേ? ഉവ്വ്. അപ്പോൾ ഭരണഘടന മഹത്തായ കൃതിയാണോ? ആണ്, നിസ്സംശയമായും ആണ്.


ഒരു കൃതി അല്ലെങ്കിൽ രേഖ മാറ്റമൊന്നുമില്ലാത്തതായാൽ അത് മഹത്തരമാകുമെന്നത് തെറ്റായ ധാരണയാണ്. ഇലിയഡും ബൈബിളും ഖുറാനും ഭഗവത് ഗീതയും ത്രിപിടകങ്ങളും ഒന്നും മാറ്റത്തിനു വിധേയമല്ല. അവക്കുള്ളത് സാഹിത്യപരവും മതപരവും ചരിത്രപരമായ മൂല്യങ്ങളാണ്. അവ മാറ്റമില്ലാത്തവയാകയാൽ മഹത്വം കൂടും എന്നാരെങ്കിലും പറഞ്ഞാൽ അത് പഴഞ്ചൻ ധാരണയാണ്.

ഭരണഘടന, 1948-50 കാലത്തെ സമൂഹത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങളുടേയും അന്നത്തെ നിലയെയാണ് പ്രതിനിധീകരിക്കുക. സ്വാഭാവികമായും കാലാനുസൃതമായ പുതുക്കലുകൾ അതിൽ വേണ്ടി വരും. ഭരണഘടന എഴുതിയ കാലത്തു തന്നെ, ഇന്ത്യൻ സമൂഹത്തിലെ ആധിപത്യ ശക്തികൾ, ജാതിക്കും മതത്തിനും ലിംഗഭേദങ്ങൾക്കും അതിതമായ തുല്യപൗരൻ എന്ന ആശയത്തെ അംഗീകരിച്ചിരുന്നില്ല. ഇന്നും അവരതിന് തയാറല്ല. തിരുവിതാംകൂർ രാജ്യത്ത് സവർണ്ണരിൽ നിന്ന് 16 അടി തീണ്ടാപ്പാട് സൂക്ഷിക്കേണ്ടിയിരുന്ന ഈഴവർ, പക്ഷേ പുലയരെ തുല്യരായി കാണുന്നില്ല. സമൂഹത്തിലെ പുരുഷന്മാരിലെ ഭൂരിപക്ഷം സ്ത്രീകളെ തുല്യരായി കാണുന്നില്ല. ഭൂരിപക്ഷവും സ്ത്രീകളും തങ്ങൾ പുരുഷന്മാർക്ക് തുല്യരാണ് എന്നംഗീകരിക്കില്ല. ഹിന്ദുക്കൾക്കു തുല്യരാണ് മുസ്ലീങ്ങൾ എന്ന് ഹിന്ദു മേൽക്കോയ്മ ബോധമുള്ളവർ മാത്രമല്ല, ക്രിസംഘി ബിഷപ്പൻമാർ പോലും അംഗീകരിക്കില്ല. ഇന്നും ഇന്ത്യൻ പൊതുബോധം ജാതി ചിന്തക്കും സ്ത്രീ വിവേചനത്തിനും മേൽക്കോയ്മയുള്ളതാണ്.

ആ അസമത്വ ചിന്തയാണ് യാഥാർത്ഥ്യം എന്നു പറഞ്ഞു കൊണ്ട്, ഹിന്ദുത്വ ഫാസിസ്റ്റുകൾ ഇന്നത്തെ ഇന്ത്യൻഭരണഘടന മാറ്റി, ജാതീയമായ ഉച്ചനീചത്വങ്ങളെ ശാശ്വതീകരിക്കാൻ പറ്റുന്ന ഹിന്ദുരാഷ്ട്ര ഭരണഘടന രൂപീകരിക്കുന്നതിലേക്ക് പടിപടിയായി നീങ്ങുകയാണ്. തുല്യ പൗരൻ എന്ന സങ്കല്പത്തിലുള്ള ജനാധിപത്യ-ഭരണഘടനാ- സ്ഥാപനങ്ങളെ, അവർ നല്ലയളവിൽ തുരങ്കം വച്ചു കഴിഞ്ഞിരിക്കുന്നു.
ഭരണഘടനയിലേക്ക് മതവിവേചനം അടിസ്ഥാനമാക്കിയ, മുത്തലാക്ക് നിയമവും പൗരത്വ നിയമവും അവർ ഇതിനകം കുത്തിക്കയറ്റിക്കഴിഞ്ഞു. ഭക്ഷണ സ്വാതന്ത്ര്യവും വസ്ത്രസ്വതന്ത്ര്യവും ആധുനിക ജനാധിപത്യ ചിന്തകളും മാത്രമല്ല ദളിത് കുഞ്ഞുങ്ങൾ അറിയാതെ മലവിസർജനം നടത്തിയത് പോലും ചുട്ടുകൊല്ലലിനും ആൾക്കൂട്ടക്കൊലകൾക്കും വെടിവെച്ചു കൊലകൾക്കുമുള്ള കാരണങ്ങളായി മാറിയിരിക്കുന്നു.
തീർച്ചയായും ഇത്തരമൊരു സാഹചര്യത്തിൽ തുല്ല്യത തത്വത്തിലെങ്കിലും അംഗീകരിച്ച ഇന്ത്യൻ ഭരണഘടന മഹത്തരം തന്നെയാണ്. ഭരണഘടനാ ശില്പി അംബേദ്ക്കർ, അതുകൊണ്ട് തന്നെ മഹാനാണ്.
അതിന്റെ പൗരസങ്കല്ലം സ്ഥാപിച്ചെടുക്കാൻ,ആ സങ്കല്പത്തെ ഇനിയും വികസിപ്പിക്കാൻ, ജനാധിപത്യ-പുരോഗമന-വാദികളായ സകല ഇന്ത്യക്കാരും ജീവൻ തന്നെ കൊടുക്കാൻ തയ്യാറാവേണ്ട സന്ദർഭമാണിത്.


“ഭരണഘടന മഹത്തരമാണ്, ഭരണഘടനാ ശില്പി അംബേദ്ക്കർ മഹാനാണ്” എന്നു പറഞ്ഞാൽ മാർക്സിസ്റ്റു വിരുദ്ധനാകും എന്നു കരുതുന്നവർ മാർക്സിനെക്കുറിച്ച് യാതൊന്നുമറിയാത്ത പോഴന്മാരാണ് എന്ന് പറയേണ്ടിവരും. അവർ ലെനിനിസ്റ്റുകളാണെന്ന് അവകാശപ്പെടുന്നതും തമാശയാണ്. കാരണം “ജനാധിപത്യത്തിന്റെ കൊടി താഴുന്നിടത്ത് അതുയർത്തിപ്പിടിക്കാൻ കമ്യൂണിസ്റ്റുകാർ ബാധ്യസ്ഥരാണ്” എന്ന് നിരന്തരം ഉദ്ബോധിപ്പിച്ചയാളാണ് വി ഐ ലെനിൻ.
സജി ചെറിയാനെ കമ്യൂണിസ്റ്റായത് കൊണ്ട് ഞാൻ പിന്താങ്ങുന്നു, എന്ന മട്ടിലെഴുതുകയും പറയുകയും ചെയ്യുന്നവർ ലെനിനും അതിന് ശേഷവുമുള്ള സ്റ്റാലിനിസ്റ്റ് കമ്യൂണിസ്റ്റുകാരാണ്. അതല്ലെങ്കിൽ അടിപൊളി ഒരു ഭരണഘടന എഴുതിയുണ്ടാക്കി, പാസ്സാക്കിയാൽ സാമ്പത്തിക ചൂഷണവും സാമൂഹ്യാസമത്വവും പരിഹരിക്കാം എന്നു കരുതുന്ന നിഷ്കളങ്കരാണ്. അതായത് രാഷ്ട്രീയത്തിന്റെ, സാമൂഹ്യ പ്രക്രിയകളുടെ, എ ബി സി ഡി പോലും അറിയാത്തവരാണവർ എന്ന് പറയാതെ വയ്യ.

പി ജെ ബേബി

Comments

COMMENTS

error: Content is protected !!