തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പ് ; യാത്രക്കാർ പരിഭ്രാന്തരായി
കോഴിക്കോട്: തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ട് യാത്രക്കാർ പരിഭ്രാന്തരായി. ഇന്നലെ രാത്രിയാണ് സംഭവം. ട്രെയിൻ തിരൂരെത്തിയപ്പോൾ എസ് 5 സ്ലീപ്പർ കോച്ചിലെ ബർത്തുകൾക്കിടയിൽ, യാത്രക്കാരിലൊരാളാണ് പാമ്പിനെ കണ്ടത്.
യാത്രക്കാരിലൊരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞ് ചിലർ ബഹളം വച്ചതോടെ പിടിവിട്ടു. ഉടൻ ടിക്കറ്റ് ഇൻസ്‌പെക്ടർ റെയിൽവേ കൺട്രോൾ ബോർഡിൽ വിവരമറിയിച്ചു. എന്നാൽ കോഴിക്കോട്ടെത്തിയിട്ട് പരിശോധിക്കാമെന്ന മറുപടിയാണ് ലഭിച്ചത്.
പത്ത് മണിയോടെയാണ് ട്രെയിൻ കോഴിക്കോടെത്തിയത്. തുടർന്ന് അധികൃതർ യാത്രക്കാരെ പുറത്തിറക്കി മുക്കാൽ മണിക്കൂറോളം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. യാത്രക്കാരെ ഇറക്കി ലഗേജടക്കം പരിശോധിച്ചെങ്കിലും പാമ്പ് അതിന്റെ വഴിക്ക് പോയിരുന്നു. പിന്നീട് 11.10 ന് ആണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി തീവണ്ടി യാത്ര തുടര്‍ന്നത്.