പ്രകാശം പൊഴിച്ച്‌ നടക്കാവും കാരപ്പറമ്പും

കോഴിക്കോട്‌  : മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌  അവകാശപ്പെടാൻ കഴിയാത്ത വിധം മികച്ച മാതൃകകളാണ്‌ നടക്കാവ്‌, കാരപ്പറമ്പ്‌ സ്‌കൂളുകളെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഭൗതിക സാഹചര്യങ്ങളാലും  പഠനമികവുകൊണ്ടും രാജ്യാന്തര തലത്തിലേക്കുയർന്ന  നടക്കാവ്‌  ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും കാരപ്പറമ്പ്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂളും സന്ദർശിച്ചശേഷം  കാരാട്ട്‌ പറഞ്ഞു.  ചൊവ്വാഴ്‌ച രാവിലെയാണ്‌ എ പ്രദീപ്‌കുമാർ എംഎൽഎക്കൊപ്പം  കാരാട്ട്‌ സ്‌കൂളുകളിലെത്തിയത്‌.
പ്രദീപ്‌കുമാർ ഈ സ്‌കൂളുകളെക്കുറിച്ച്‌ നേരത്തെ പറഞ്ഞിരുന്നെങ്കിലും   ഇപ്പോഴാണ്‌ സന്ദർശിക്കാൻ അവസരം  കിട്ടിയത്‌. കേന്ദ്രസർക്കാർ പൊതുവിദ്യാഭ്യാസത്തിൽനിന്ന്‌ അകന്നുപോകുമ്പോൾ കേരള സർക്കാർ  പൊതുവിദ്യാലയങ്ങളെ ചേർത്തുപിടിക്കുകയാണ്‌. അതിന്റെ നേർചിത്രങ്ങളാണ്‌ ഇത്തരം സ്‌കൂളുകൾ.
തമിഴ്‌നാട്ടിൽ അടുത്തകാലത്തായി ആയിരം പൊതു വിദ്യാലയങ്ങൾക്കാണ്‌ താഴുവീണത്‌. മറ്റ്‌ സംസ്ഥാനങ്ങളിലും സ്ഥിതി വിഭിന്നമല്ല. ഇത്തരം സാഹചര്യത്തിലാണ്‌ കേരള മാതൃക വിലയിരുത്തപ്പെടേണ്ടത്‌. ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതും പ്രകൃതി സൗഹൃദവുമാണീ വിദ്യാലയങ്ങൾ.
കെട്ടിടങ്ങൾ, ലാബുകൾ, ഇൻഡോർ സ്‌റ്റേഡിയങ്ങൾ എന്നിവ  സ്‌കൂളുകളെ രാജ്യാന്തരതലത്തിലേക്ക്‌ ഉയർത്തുന്നു.
രാവിലെ പത്തരയ്‌ക്കായിരുന്നു കാരാട്ട്‌ നടക്കാവ്‌ സ്‌കൂളിൽ എത്തിയത്‌.   റിസപ്‌ഷൻ ലോഞ്ചിൽ വിശ്രമിച്ചശേഷം ലാബുകളും ഇൻഡോർ സ്‌റ്റേഡിയവും സന്ദർശിച്ചു. തുടർന്ന്‌ ഹൈസ്‌കൂളിന്റെ പൈതൃക കെട്ടിടവും കണ്ടു.
എ പ്രദീപ്‌കുമാറിന്റെ ശ്രമഫലമായി പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു സ്‌കൂളിനെ രാജ്യാന്തര തലത്തിലേക്കുയർത്തുന്ന പദ്ധതികൾ ആവിഷ്‌കരിച്ചത്‌. പ്രിൻസിപ്പൽ കെ ബാബു, വിഎച്ച്‌എസ്‌ഇ പ്രിൻസിപ്പൽ കെ ജെലൂഷ്‌, ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ എം ജയകൃഷ്‌ണൻ എന്നിവർ ചേർന്ന്‌ സ്വീകരിച്ചു.
തുടർന്ന്‌ കാരപ്പറമ്പ്‌ ഹയർസെക്കൻഡറി സ്‌കൂളിലെത്തിയപ്പോൾ ഇവിടെയുള്ള അരലക്ഷം ലിറ്റർ മഴവെള്ള സംഭരണിയെക്കുറിച്ചും 35 ലക്ഷം രൂപയുടെ പുസ്‌തകങ്ങളുള്ള ലൈബ്രറിയെക്കുറിച്ചും എംഎൽഎ വിശദീകരിച്ചു.  120 യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ പാനലാണ്‌ മറ്റൊരു ആകർഷണം. ബാസ്‌ക്കറ്റ്‌ ബോൾ കോർട്ടും ഇൻഡോർ സ്‌റ്റേഡിയവും അദ്ദേഹം കണ്ടു. പ്രിൻസിപ്പൽ കെ രമ, പ്രധാനാധ്യാപിക ഷാദിയ ബാനു, കെ കെ കുഞ്ഞമ്മദ്‌ എന്നിവർ ചേർന്ന്‌ സ്വീകരിച്ചു.
Comments

COMMENTS

error: Content is protected !!