തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ അനാസ്ഥ; വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി, രോഗി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ അനാസ്ഥയെത്തുടര്‍ന്ന് ശസ്ത്രക്രിയ വൈകി. പിന്നാലെ വൃക്ക രോഗി മരിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായിഎറണാകുളത്തുനിന്നാണ് കൃത്യസമയത്ത് എത്തിയത്. എന്നാല്‍, ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി ഇന്ന് മരിച്ചു.
ഞായറാഴ്ച രാവിലെ നാലുമണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് സ്വകാര്യ ആംബുലന്‍സില്‍ അയച്ചു. രാവിലെ 10മണിക്ക് ഇവര്‍ രാജഗിരി ആശുപത്രിയിലെത്തി. അവിടെ നിന്ന് മസ്തികിഷ്‌ക മരണം സംഭവിച്ച ആളില്‍ നിന്ന് അവയവം എടുക്കുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ന് പൂര്‍ത്തിയാക്കി വൈകിട്ട് മൂന്നുമണിയോടെ ഇവര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
അതേസമയം കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ അവയവവുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ കാലതാമസം ഒഴിവാക്കാമായിരുന്നു. നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചു.