KERALAMAIN HEADLINES

തിരുവനന്തപുരത്തെ എ കെ ജി സെന്ററിലേക്ക് അജ്ഞാതന്‍ സ്ഫോടകവസ്തു എറിഞ്ഞു

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതന്‍ സ്ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫീസിന്റെ മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി.

എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ഇവിടെ മതിലില്‍ തട്ടി സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് സ്‌ഫോടകവസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞശേഷം തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം വേഗം ഓടിച്ചുപോകുകയും ചെയ്തു.

എ.കെ.ജി. സെന്ററിന്റെ മുഖ്യകവാടത്തില്‍ പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പോലീസ് ഉണ്ടായിരുന്നില്ല. ശബ്ദംകേട്ടാണ് അവര്‍ ഓടിയെത്തിയത്. സംഭവം നടക്കുമ്പോള്‍ ഇ.പി.ജയരാജനും പി.കെ. ശ്രീമതിയും ഓഫീസിനകത്തുണ്ടായിരുന്നു. ഇതിനാലാണ് സമീപത്തുവന്ന് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.

സംഭവമറിഞ്ഞ് പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, വീണാ ജോര്‍ജ് എന്നിവര്‍ സ്ഥലത്തെത്തി. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി. എറിഞ്ഞത് പടക്കംപോലുള്ള സ്‌ഫോടകവസ്തുവാണെന്ന് കമ്മിഷണര്‍ പറഞ്ഞു. സ്ഥലത്ത് ഫൊറന്‍സിക് സംഘവും ഡോഗ്സ്വകാഡും പരിശോധന നടത്തി.

എ.കെ.ജി. സെന്ററിന്റെ സമീപമുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. അടുത്തകാലത്ത് എ.കെ.ജി. സെന്ററിലെ സി.സി.ടി.വി.കള്‍ പുനഃസ്ഥാപിച്ചിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സി.പി.എം.-ഡി.വൈ.എഫ്.ഐ, പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തെതുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പോലീസ് നല്കിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button