തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
ഫോട്ടോ കടപ്പാട് : പ്രജുൽ പ്രഭാകർ
തിരുവർക്കാട്ട്ഭഗവതി
അമ്മദൈവങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന, ഏറ്റവും പ്രാധാന്യമുള്ള ദേവതയാണ് തിരുവർക്കാട്ടുഭഗവതി. കണ്ണൂർ പഴയങ്ങാടിക്കടുത്തുള്ള മാടായിക്കാവിൽ ആരാധിക്കപ്പെടുന്ന ഭഗവതിയാണിത്.തായ്പരദേവത, കോലസ്വരൂപത്തിങ്കൽ തായ്,മാടായിക്കാവിലച്ചി തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഈ ദേവി ഭദ്രകാളിയാണ്.കോലത്തിരി രാജാക്കന്മാരുടെ കുലദേവതയും കോലത്തുനാട്ടിന്റെ സ്വരൂപദേവതയുമാണ് തിരുവർക്കാട്ട് ഭഗവതി. “കോലം തികഞ്ഞ മാതാവ് കോലസ്വരൂപത്തിങ്കൽ തായ്” എന്നാണ് തോറ്റം പാട്ടിൽ തിരുവർക്കാട്ട് ഭഗവതി യെ വിശേഷിപ്പിച്ചിരിക്കുന്നത്. മാടായിക്കാവിൽനിന്ന് ഈ ദേവി ചെന്നുചേർന്ന സ്ഥലങ്ങളിലെല്ലാം അതതു നാടിന്റെ പേരുചേർത്ത് അറിയപ്പെട്ടു.അതുകൊണ്ടുതന്നെ ഇത്രയും വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന മറ്റൊരു ദേവതയില്ല.വെള്ളാരങ്ങര ഭഗവതി,ചാമക്കാവിൽ ഭഗവതി, അഷ്ടമച്ചാൽ ഭഗവതി, വല്ലാർകുളങ്ങര ഭഗവതി, എരിഞ്ഞിക്കീൽ ഭഗവതി, കമ്മാടത്ത് ഭഗവതി, തുളുവനത്ത് ഭഗവതി, മണത്തന ഭഗവതി തുടങ്ങിയവ ഉദാഹരണം . “ആറു നാഴികയ്ക്ക് നൂറുവേഷം നൂറ്റെട്ടവതാരം ആയിരത്തൊന്ന് കളിയാമ്പള്ളി മുന്നൂറ്റെട്ടെല്ലാം യോഗമസ്ഥാനം” എന്ന തെയ്യം വാചാലിലൂടെ (തെയ്യത്തിന്റെ മൊഴികൾ) ഈ ഭഗവതിയുടെ ജനസ്വീകാര്യത വ്യക്തമാകും.തെയ്യം അനുഷ്‌ഠാനത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്നതും കൂടുതൽ സ്ഥലങ്ങളിൽ കെട്ടിക്കോലം ഉള്ളതും തായ്പരദേവതയ്‌ക്കാണ്.അമ്മ ദൈവങ്ങളുടെ ആരാധന നമ്മുടെ പ്രാക്തനസംസ്കാരത്തിന്റെ അവിഭാജ്യഭാഗമായിരുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണിത്.തായ്പരദേവത,നീലിയാർ കോട്ടങ്ങളിൽ ആരാധിക്കപ്പെടുന്ന നീലിയാർ ഭഗവതി, വടക്കൻ കേരളത്തിലെ പോർക്കലിഭഗവതി എന്നിവരെല്ലാം സംഘംകൃതികളിൽ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള “കൊറ്റവൈ” എന്ന യുദ്ധദേവത തന്നെയാണ്.
ഐതിഹ്യം :
ദാരികവധവുമായി ബന്ധപ്പെട്ടുള്ളതാണ് കേരളത്തിലെ മിക്ക ആരാധാനാലയങ്ങളിലേയും ഭദ്രകാളി സങ്കൽപം. കേരളത്തിലല്ലാതെ മറ്റെവിടെയും ഇങ്ങനെയൊരു അസുരനാമമോ പുരാവൃത്തമോ പരാമർശിച്ചു കാണുന്നില്ലെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടിട്ടുണ്ട് . മൂന്നുലോകങ്ങളേയും വിറപ്പിച്ച ദാരികാസുരന്റെ അക്രമങ്ങളറിഞ്ഞ് കോപാകുലനായ പരമശിവന്റെ മൂന്നാംതൃക്കണ്ണിൽ നിന്നും എട്ടുമുഖങ്ങളും പതിനാറു കൈകളുമായി ഉഗ്രരൂപിയായ കാളി ഉടലെടുത്തു.ദാരികനെ വധിക്കാനായി ശിവൻ മകൾക്ക് ആയുധങ്ങളും സഞ്ചരിക്കാൻ വേതാളത്തേയും നല്കി.ഏഴുരാവും ഏഴു പകലും നീണ്ട യുദ്ധത്തിനൊടുവിൽ എട്ടാംദിവസം സന്ധ്യയ്ക്ക് വേതാളത്തിന്റെ നാവിൽവച്ച് ദാരികന്റെ മാറു പിളർന്നു രക്തം കുടിക്കുകയും തലയറുത്ത് അച്ഛന്റെ മുമ്പിലെത്തുകയും ചെയ്തു. അപ്പോൾ പരമശിവൻ മകളോട് ഭൂമിയിൽ ചെന്ന് ദുർജ്ജനങ്ങളെ സംഹരിച്ച് സജ്ജനങ്ങളെ സംരക്ഷിക്കാൻ ആജ്ഞാപിച്ചു. അങ്ങനെയാണത്രെ കാളി ഭൂമിയിലേക്ക് എത്തിയത്.സർവ്വാഭീഷ്ടദായിനിയും സർവ്വരോഗനിവാരിണിയും സർവ്വ ശത്രുസംഹാരിണിയുമായ അമ്മസങ്കല്പം ആയതിനാൽ കാളിയാരാധനയ്ക്ക് ഇവിടെ പ്രചുരപ്രചാരം ലഭിച്ചു.
സ്ഥലനാമ പുരാണം :
തായ്പരദേവത വാണരുളുന്ന മാടായിക്കാവിന്റെ സ്ഥലനാമവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്.”നൂലിട്ടാൽ നിലയില്ലാത്തോരു സമുദ്രം മൂന്നേമുക്കാൽ നാഴികകൊണ്ട് വ്ളാകി മാടാക്കിത്തീർക്കുവാൻ (കുന്നാക്കിത്തീർക്കുവാൻ )“കരുത്തുള്ള അമ്മ വാഴുന്ന സ്ഥലമായതുകൊണ്ട് മാടായിക്കാവ് എന്ന പേരു ലഭിച്ചു എന്നാണ് ഒരു വിശ്വാസം.
പതിനൊന്നാം നൂറ്റാണ്ടിന്റെ ഒടുവിൽ വല്ലഭൻ മാടായി പട്ടണം സ്ഥാപിച്ചപ്പോൾ കൊടുത്ത പേര് മരാഹി എന്നായിരുന്നുവെന്ന് ‘മൂഷികവംശ’ത്തിൽ പരാമർശമുണ്ടത്രെ. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തിൽ ഉണ്ടായിരുന്ന വരാഹി മാതാവിനെ കേരളൻ കോലത്തിരി മാടായിയിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. അതുകൊണ്ടായിരിക്കാം വല്ലഭൻ മരാഹി എന്ന പേര് പട്ടണത്തിനു കൊടുക്കാൻ കാരണമെന്ന് അഭിപ്രായമുണ്ട്.ഈ മരാഹിയാണ് മാടായിയായി മാറിയത്.ഇവിടെ മാറ്റി സ്ഥാപിക്കുന്നതിനു മുമ്പ് സാത്വികരീതിയിൽ വരാഹിക്കായിരുന്നു പൂജ ചെയ്തിരുന്നത്.ഇവിടെ പ്രതിഷ്ഠിച്ചതു മുതൽ മദ്യ മാംസാദികളോടെ ഭദ്രകാളീസങ്കല്പത്തിലേക്ക് അതു മാറിയെന്നു കരുതപ്പെടുന്നു.
മകരമാസത്തിലെ പാട്ടുത്സവവും മീനമാസത്തിലെ പൂരം ഉത്സവവും ഇടവമാസത്തിലെ പെരുങ്കളിയാട്ടവുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.
തെയ്യം :
തിരുവർക്കാട്ട് ഭഗവതിയുടെ മുടി ‘വലിയ മുടി’ എന്നാണറിയപ്പെടുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ, മുളയും കവുങ്ങും ഉപയോഗിച്ച് നിർമിക്കുന്ന, വളരെ ഉയരത്തിലുള്ള മുടിയാണിത്. അരയിൽ വിതാനത്തറയും വലിയ ഒടയുമാണ് വേഷം . വണ്ണാൻസമുദായക്കാരാണ് സാധാരണയായ് ഈ കോലം കെട്ടാറുള്ളത്. കോലത്തുനാട്ടിൽ,വണ്ണാൻ സമുദായത്തിലെ ആചാരം ലഭിച്ച കോലക്കാർക്കേ ഇതു കെട്ടിയാടാൻ അവകാശമുള്ളു. മാടായിക്കാവിൽ മാടായിപെരുവണ്ണാനാണ് ഭഗവതിയുടെ മുടിവയ്ക്കുക.മലയ – പുലയ സമുദായക്കാർ അവരുടെ കാവുകളിൽ ഈ തെയ്യം കെട്ടിയാടാറുണ്ട്. “പ്രാക്കഴുത്തും വലിയശംഖും” എന്നാണ് തിരുവർക്കാട്ട് ഭഗവതിയുടെ മുഖത്തെഴുത്തിന്റെ പേര്.വലിയ മുടിയും അതിമനോഹരമായ മുഖത്തെഴുത്തും ചമയങ്ങളും വേഷവിധാനങ്ങളുമായി തിരുവർക്കാട്ട്ഭഗവതിയുടെ തെയ്യം ഇറങ്ങുമ്പോൾ “കോലം തികഞ്ഞ മാതാവു”തന്നെയാണ് അതെന്ന് കാണുന്ന ഓരോരുത്തർക്കും അനുഭവപ്പെടും.അത്രമാത്രം മനോഹരമാണ് ഈ തെയ്യം.