CALICUTDISTRICT NEWS

തീവ്രവ്യാപന ശേഷിയുള്ള കോവിഡ്‌: ജാഗ്രതയിൽ ജില്ല

കോഴിക്കോട്‌: തീവ്രവ്യാപന ശേഷിയുള്ള കോവിഡിന്റെ വകഭേദം ജില്ലയിൽ സ്ഥിരീകരിച്ചതിനാൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വിഭാഗം. ബ്രിട്ടനിൽ നിന്നെത്തിയ അച്ഛനും മകൾക്കുമാണ്‌‌ ജനിതകമാറ്റം വന്ന കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇരുവരുടെയും മുഴുവൻ സമ്പർക്കവും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌. ബ്രിട്ടനിൽ നിന്നെത്തുന്നവരെ കോവിഡ്‌ പരിശോധന‌ക്ക്‌ വിധേയരാക്കുന്ന നടപടി വിമാനത്താവളങ്ങളിൽ കർശനമാക്കി ‌.
മെഡിക്കൽ കോളേജ്‌ സ്വദേശികളായ അച്ഛനും മകൾക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. അച്ഛൻ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.‌ ഇയാളുടെ മാതാപിതാക്കളുടെ ശ്രവവും കോവിഡ്‌ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. മൂന്ന്‌ വയസ്സായ കുട്ടി  രോഗമുക്തയായി വീട്ടിലാണ്‌.  ബ്രിട്ടനിൽ പുതിയ ഇനം വൈറസ്‌ കണ്ടെത്തിയതിനെ തുടർന്ന്‌  ജാഗ്രത ഏർപ്പെടുത്തിയശേഷം അവിടെനിന്നെത്തിയ മുക്കം സ്വദേശിയുൾപ്പെടെ മൂന്ന്‌ പേരെയാണ്‌‌ കോവിഡ്‌ ബാധിതരായി കണ്ടെത്തിയത്‌.
കൊച്ചി വിമാനത്താവളംവഴി കോഴിക്കോട്ടെത്തിയവരാണ്‌ മൂവരും. കഴിഞ്ഞ 24ന്‌  ഇവരുടെ സാമ്പിളുകൾ പുണെ എൻഐവിയിലേക്ക്‌ അയച്ചിരുന്നു. ഇതിൽ  രണ്ട്‌ പേർക്കാണ്‌ അതിതീവ്ര വൈറസ്‌ കണ്ടെത്തിയത്‌.  ബ്രിട്ടനിൽ നിന്നെത്തിയവരുടെ മറ്റ്‌ ഫലങ്ങളൊന്നും ലഭിക്കാനില്ലെന്ന്‌ ഡിഎംഒ വി ജയശ്രീ അറിയിച്ചു.
അതേസമയം പുതിയ ഇനം വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനായി ജാഗ്രതയിലാണ്‌ ആരോഗ്യ വകുപ്പ്‌. വിമാനത്താവളങ്ങളിലെ പരിശോധനയിൽ കോവിഡ്‌ പോസിറ്റീവ്‌ ആകുന്നവരെ നേരെ മെഡിക്കൽ കോളേജിലേക്കും അല്ലാത്തവരെ വീട്ടിലേക്കും അയക്കുകയാണ്‌.
ബ്രിട്ടനിൽ നിന്നെത്തിയവർക്ക്‌ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്‌. 14 ദിവസത്തെ ക്വാറന്റൈനിന്‌ ശേഷം സ്‌പെഷ്യൽ ക്വാറന്റൈനുമുണ്ട്‌. പുതിയ വൈറസിന്റെ ജാഗ്രതാ സന്ദേശം വന്ന ഉടൻ 14 ദിവസം മുമ്പ്‌‌ വന്നവരുടെ പട്ടിക തയ്യാറാക്കി നിരീക്ഷണവും പരിശോധനയും ആരംഭിച്ചിട്ടുണ്ട്‌.
ഭീതി വേണ്ട, കരുതൽ തുടരുക
ജനിതകമാറ്റം അഥവാ മ്യൂട്ടേഷൻ എന്നത് ഒരു വൈറസിന്റെ ജീവിതചക്രത്തിലെ നിത്യ പ്രതിഭാസമാണ്. കോവിഡ് 19  പ്രത്യക്ഷപ്പെട്ടതിനുശേഷം ഇതുവരെ ആയിരക്കണക്കിന് മ്യൂട്ടേഷനുകൾ കണ്ടെത്തിയിട്ടുണ്ട്‌. അതിനാൽ പുതിയ ഏതോ വൈറസ് പൊട്ടിപ്പുറപ്പെട്ടെന്നുള്ള രീതിയിലെ പ്രചാരണവും ഭീതിയും അനാവശ്യമാണ്‌.
പകരം മാസ്‌ക്‌ ധരിക്കൽ, സാമൂഹിക അകലം, കൈ അണുവിമുക്തമാക്കൽ തുടങ്ങിയ  മാർഗങ്ങൾ ഒന്നുകൂടി ഊന്നിപ്പറയുകയാണ് വേണ്ടത്.  ആ കരുതലുകൾ തുടരുക എന്നതിനാണ്‌ പ്രാധാന്യം. ‌ആഘോഷങ്ങളും ആസ്വാദനവും അതിരുകടക്കുമ്പോളും നിയന്ത്രണമില്ലാതാകുമ്പോഴും കോവിഡ് രോഗം പടർന്നുപിടിക്കാനുള്ള സാധ്യതയാണ് ഓർക്കേണ്ടത്.
ഇംഗ്ലണ്ടിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം പുതിയ സ്ട്രയിൻ കോവിഡ് വൈറസിൽ മാറ്റം സ്പൈക്ക് പ്രോട്ടീനിൽ ആയതിയാൽ പടരാനുള്ള ഒരു സാധ്യത ഉണ്ടായേക്കാം എന്നത്‌ അനുമാനം മാത്രമാണ്. ഇംഗ്ലണ്ടിൽ അടുത്ത്‌ വളരെ കൂടുതൽ ആളുകൾക്ക് അണുബാധയുണ്ടായ സ്ഥലത്തുനിന്ന്‌ കണ്ടെത്തിയ വൈറസിലാണ് ഈ മ്യൂട്ടേഷൻ കണ്ടെത്തിയത് എന്നതിനാലാണ്‌ അവർ അതേക്കുറിച്ച് ആശങ്കാകുലരായത്.
എന്നാൽ ജീവിതരീതി, കാലാവസ്ഥ, കോവിഡ് 19 തടയുന്നതിൽ കാണിച്ച ആലസ്യം തുടങ്ങി പല കാരണങ്ങൾ അവിടെ ഇത്തരത്തിലൊരു രോഗബാധക്ക് കാരണമാണ്‌. അല്ലാതെ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് കൊണ്ട് മാത്രമാണ് രോഗികളുടെ എണ്ണം കൂട്ടിയതെന്ന് തെളിയിക്കാനുള്ളതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഡോ. വി കെ ഷമീർ (അസി. പ്രൊഫസർ, ജനറൽ മെഡിസിൻ, ഗവ. മെഡിക്കൽ കോളേജ്‌)
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button