തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വ്യവസ്ഥകള്‍ക്ക് വിധേയമായി എഴുന്നള്ളിക്കാൻ അനുമതി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ വ്യവസ്ഥകള്‍ക്ക് വിധേയമായി എഴുന്നള്ളിക്കാൻ അനുമതി. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍  ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജില്ലയില്‍ ഉത്സവാഘോഷങ്ങളില്‍ ഒറ്റയ്ക്ക് എഴുന്നള്ളിക്കാനുള്ള അനുമതിയാണ്  ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി നല്‍കിയിട്ടുള്ളത്. ജില്ലയില്‍ നടക്കാനിരിക്കുന്ന വിവിധ പൂരങ്ങളില്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കാനുളള അനുമതി ചോദിച്ചുളള അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അടിയന്തിരമായി എ ഡി എം കെ മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേരുകയായിരുന്നു. 

മറ്റ് ആനകള്‍ക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കരുത്. എഴുന്നള്ളത്ത് ആരംഭിച്ച് അവസാനിക്കുന്നത് വരെയുള്ള ആനയുടെ വീഡിയോ ചിത്രീകരിച്ച് വനം വകുപ്പിന് കൈമാറണം. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണെന്നും അതിന്റെ ഭാഗമാണ്  വാർത്തയെന്നും ക്ഷേത്രം ഭരണ സമിതി ആരോപിച്ചു. പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തിയെന്നായിരുന്നു വാർത്ത പുറത്ത് വന്നത്. വീഡിയോയും പ്രചരിച്ചിരുന്നു.  എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമായിരുന്നു സംഭവം. ഉടൻ തന്നെ എലിഫന്‍റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്.

Comments

COMMENTS

error: Content is protected !!