തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

പൊട്ടൻതെയ്യം 
ജാതീയാസമത്വം ശക്തമായി നിലനിന്നിരുന്ന കാലത്ത് അതിനെ ചോദ്യം ചെയ്യുകയും മനുഷ്യരെല്ലാം സമന്മാരാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ ധൈര്യം കാട്ടുകയും ചെയ്ത തെയ്യമാണ് പൊട്ടൻ തെയ്യം.

ഐതിഹ്യം
വേദശാസ്ത്രങ്ങളിലെല്ലാം അഗാധജ്ഞാനം നേടി സർവ്വജ്ഞപീഠം കയറാൻ പുറപ്പെട്ട ശങ്കരാചാര്യരെ പരീക്ഷിക്കുന്നതിനായി ശ്രീപരമേശ്വരൻ ചണ്ഡാല വേഷധാരിയായി പാർവ്വതീ നന്ദികേശ്വര സമേതനായി ചെന്നു. അഷ്ടദിക് പാലകന്മാരും പുലയക്കിടാങ്ങളായി അവരോടൊപ്പം കൂടി. മദ്യസേവ നടത്തിയും ചാളപ്പാട്ടു പാടിയും ശിവൻ ശങ്കരാചാര്യരും ശിഷ്യരും വരുന്ന വഴിയിൽ ചെന്നു നിന്നു. തന്റെ വഴിയിൽ കീഴ്ജാതിക്കാരായ പുലയനും കൂട്ടരും നില്ക്കുന്നതു കണ്ട് കോപാകുലനായ ശങ്കരാചാര്യർ അവനോട് വഴിമാറി ദൂരെപ്പോകാൻ ആജ്ഞാപിച്ചു. തുടർന്ന് ജാതിയേയും ഉച്ച നീചത്വങ്ങളെയും കുറിച്ച് ചണ്ഡാലനും ശ്രീ ശങ്കരനും തമ്മിൽ ഗംഭീര തർക്കമായി. ഒടുവിൽ പുലയന്റെ യുക്തിക്കു മുമ്പിൽ ശങ്കരന് പരാജയം സമ്മതിക്കേണ്ടി വന്നു. അറിവില്ലായ്മ കൊണ്ടാണ് ഇത്തരം വ്യത്യാസങ്ങൾ തോന്നുന്നതെന്ന് വേദശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ പുലയൻ സമർത്ഥിച്ചു. അവന്റെ ഇത്തരം പണ്ഡിതോചിതമായ വാക്കുകൾ കേട്ടപ്പോൾ അവൻ വെറും ചണ്ഡാലനല്ലെന്നു ശങ്കരനു മനസ്സിലായി. ശ്രീപരമേശ്വരനെ ധ്യാനിച്ചപ്പോൾ കാര്യങ്ങൾ ബോധ്യപ്പെടുകയും സാഷ്ടാംഗം നമസ്കരിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ, ശങ്കരാചാര്യർ രചിച്ച ‘മനീഷാപഞ്ചക’ ത്തിലാണ് ഈ ഐതിഹ്യം പരാമർശിക്കപ്പെട്ടിട്ടുളളത്.

ശങ്കരനെ തോല്പിച്ച പുലയനെ ശിവനാക്കി മാറ്റി അഭിമാനം സംരക്ഷിച്ചതാണെന്നും ഈ കഥയ്ക്ക് ഒരു പാഠഭേദമുണ്ട്.


പൊട്ടൻ തെയ്യവുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ ശങ്കരാചാര്യർ കണ്ണൂർ ജില്ലയിലെ പുളിങ്ങോമിലെ
അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തിൽ എത്തിച്ചേരുകയും അവിടെ വച്ച് അദ്ദേഹം അദ്വൈത തത്ത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തുവത്രെ. അകലെ കുന്നിൻ ചരുവിൽ ഇരുന്ന് ഇതു കേട്ട അലങ്കാരൻ എന്ന പുലയയുവാവ് പിറ്റേ ദിവസം പുലർച്ചെ തലക്കാവേരിയിലേക്ക് പുറപ്പെട്ട ആചാര്യനോട് വഴിയിൽ വച്ച് തീണ്ടലിനെപറ്റി വാഗ്വാദം നടത്തി വിജയിച്ചു. അതിന്റെ ഓർമ്മയ്ക്കായി സൃഷ്ടിക്കപ്പെട്ട തെയ്യമാണ് പൊട്ടൻ തെയ്യമെന്ന് വിശ്വസിക്കപ്പെടുന്നു. പൊട്ടൻ തെയ്യത്തോടൊപ്പം ശ്രീപാർവ്വതിക്കും നന്ദികേശ്വരനും ഓരോ കോലങ്ങൾ സൃഷ്ടിച്ചു. അതാണത്രെ പുലച്ചാമുണ്ഡിയും പുലമാരുതനും.
ഒരേ വരമ്പിൽ നിന്ന് ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ആചാര്യരുടെ വാദം മറികടക്കാൻ അലങ്കാരൻ തന്റെ കൈയിലെ മാടിക്കോൽ വഴിയിൽ കുറുകെ വച്ച് രണ്ടാക്കിയ വരമ്പാണു പില്ക്കാലത്ത് ‘ഇടവരമ്പ്’ എന്ന സ്ഥലപ്പേരായി മാറിയതെന്നു പറയപ്പെടുന്നു.

തെയ്യം
മലയസമുദായക്കാരാണ് പൊതുവെ പൊട്ടൻ തെയ്യം കെട്ടാറുള്ളത്. അവരുടെ മന്ത്രമൂർത്തികളിൽ ഒരാളാണ് പൊട്ടൻ തെയ്യം. പുലയസമുദായവും അവരുടെ കാവുകളിൽ ഈ തെയ്യം കെട്ടാറുണ്ട്. തലയിലും അരയിലും കുരുത്തോലകൊണ്ടുളള മുടിയും ഉടയുമാണ് പൊട്ടൻ തെയ്യത്തിനുളളത്.
വയറിലും മാറിലും അരിച്ചാന്തു തേക്കും. ഉടലിൽ മൂന്ന് കറുത്ത വരകളും ഉണ്ടായിരിക്കും.
മുഖത്തെഴുത്തിനു പകരം പൊയ്മുഖമാണ് പൊട്ടൻ തെയ്യത്തിനുളളത്. ഈ തെയ്യത്തിന്റെ ആയുധം
കിങ്ങിണിക്കത്തി (അരിവാളിനു സമാനമായ ഒരിനം വളഞ്ഞ കത്തി ) എന്നാണറിയപ്പെടുന്നത്.
മേലേരിയിൽ വീഴുന്ന പൊട്ടനും വീഴാത്ത പൊട്ടനും ഉണ്ട്.


മേലേരിയിൽ ഇരിക്കുമ്പോഴും പൊട്ടൻതെയ്യം “കുളിരണ്, വല്ലതെ കുളിരണ്“ എന്നാണ് പറയാറുളളത്.
കാഞ്ഞങ്ങാടിനടുത്ത് ജീവിച്ചിരുന്ന കൂർമൽ എഴുത്തച്ഛനാണു പൊട്ടൻ തെയ്യത്തിന്റെ തോറ്റം രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ തോറ്റത്തിലെ
“നാങ്കളെക്കൊത്ത്യാലുമൊന്നല്ലേ ചോര
നിങ്കളെക്കൊത്ത്യാലു
മൊന്നല്ലേ ചോര
അവിടേക്കു നാങ്കളും നിങ്കളുമൊക്കും
പിന്നെന്തിനു ചൊവ്വറേ കുലം പിശക്ന്ന് “
തുടങ്ങിയ സാമൂഹിക വിമർശനപരവും തത്ത്വചിന്താപരവുമായ
വരികൾ ഏറെ പ്രശസ്തവും ചിന്തോദ്ദീപകവുമാണ്.


സാധാരണക്കാരായ ഭക്തന്മാർക്ക് അവരുടെ നിത്യജീവിതത്തിലെ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാരം കണ്ട് മനഃശാന്തി കൈവരിക്കാൻ സഹായിക്കുന്ന തെയ്യങ്ങളിലൊന്നാണ് പൊട്ടൻ തെയ്യം. കാവുകളിൽ അലയടിക്കുന്ന പൊട്ടന്റെ ചിരി വൈയക്തിക ദുഃഖങ്ങൾക്കുപരി സാമൂഹിക സമ്മർദ്ദങ്ങളെ അതിജീവിക്കുവാൻ ഓരോരുത്തരേയും പ്രാപ്തനാക്കുന്നു. വിശ്വാസത്തിനും ഭക്തിക്കുമപ്പുറം മനുഷ്യകുലത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നതാണ് പൊട്ടൻ തെയ്യത്തിന്റെ ഉള്ളടക്കം.

Comments

COMMENTS

error: Content is protected !!