തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
വസൂരിമാല
രോഗദേവതാഗണത്തിൽപ്പെടുന്ന ഒരു തെയ്യമാണ് വസൂരിമാല. രോഗദേവതമാരിൽ രോഗം വിതയ്ക്കുന്നവരും രോഗം ശമിപ്പിക്കുന്നവരുമുണ്ട്. ഉദാഹരണമായി ചീറുമ്പമാർ രോഗത്തിന്റെ വിത്തുവിതയ്ക്കുമ്പോൾ കണ്ടാകർണ്ണൻ രോഗത്തെ തടവി ഒഴിപ്പിക്കുന്നു എന്നാണ് വിശ്വാസം. വസൂരിമാല കൊടുങ്ങല്ലൂർക്കാവിൽ പിറന്ന് പരമശിവന്റെ മുമ്പിൽ ചെന്ന് പിടിക്കാൻ പളളിവാളും പതിനെട്ടു വ്യാധിയും വരം വാങ്ങിയതായി തോറ്റംപാട്ടിൽ പറയുന്നു.
ഐതിഹ്യം :
തോറ്റംപാട്ടിൽ സൂചനകളില്ലെങ്കിലും വസൂരിമാലയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുളള ഒരു കഥയുണ്ട്.
ശ്രീഭദ്രകാളിയും ദാരികനും തമ്മിൽ യുദ്ധം നടക്കുമ്പോൾ അതീവ ദുഃഖിതയായ ദാരികപത്നി മനോദരി ദാരികന്റെ രക്ഷയ്ക്കായി പരമശിവനെ തപസ്സുചെയ്യുകയും പരമശിവൻ പ്രസാദിച്ച് മനോദരിക്കു മുമ്പിൽ പ്രത്യക്ഷമാവുകയും ചെയ്തു. തുടർന്ന് ശിവൻ തന്റെ വിയർപ്പു തുള്ളികൾ മനോദരിക്ക് നൽകി, “ഇതു കൊണ്ടുപോയി എതിരാളിയുടെ മേൽ തളിച്ചാൽ നീ വിചാരിക്കുന്ന കാര്യം നടക്കുമെ”ന്ന് അനുഗ്രഹിച്ചു. പരമേശ്വരന്റെ അനുഗ്രഹം ലഭിച്ച് മനോദരി മടങ്ങിവരുമ്പോൾ ദാരികന്റെ ശിരസ്സുമായി വരുന്ന ഭദ്രകാളിയെ കണ്ടു. ഇതുകണ്ട് കോപാകുലയായ മനോദരി കയ്യിലുണ്ടായിരുന്ന വിയർപ്പു തുള്ളികൾ ഭഗവതിയുടെ മേൽ തളിച്ചു. ശിവപുത്രിയായ ഭദ്രകാളിയുടെ ശരീരത്തിൽ വിയർപ്പു തുള്ളികൾ പതിഞ്ഞ ഭാഗങ്ങളിലെല്ലാം വസൂരി പൊങ്ങുകയും ദേവി ക്ഷീണിച്ചവശയാവുകയും ചെയ്തു.
ഇതറിഞ്ഞ് കോപിഷ്ഠനായ ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർണ്ണത്തിലൂടെ പുറത്തു വന്ന മൂർത്തിയായ കണ്ടാകർണ്ണനെ ഭദ്രകാളിയുടെ വസൂരി മാറ്റാനായി ശ്രീപരമേശ്വരൻ നിയോഗിച്ചു. കണ്ടാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരികുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. എന്നാൽ മുഖത്തെ വസൂരിക്കലകൾ ഇല്ലാതാക്കാൻ ശ്രമിച്ച കണ്ടാകർണ്ണനെ സഹോദരൻ ആയതിനാൽ മുഖത്തോട് മുഖം ചേർക്കുന്നത് ശരിയല്ല എന്നു പറഞ്ഞു ഭദ്രകാളി തടഞ്ഞു. തുടർന്ന് കണ്ടാകർണ്ണൻ ഭദ്രകാളിയുടെ നിർദ്ദേശപ്രകാരം മനോദരിയെ അവരുടെ മുന്നിൽ എത്തിക്കുകയും കോപാകുലയായ ഭദ്രകാളി അവളുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് ചെവിയും, കാലുകളും വെട്ടിമാറ്റുകയും ചെയ്തു. പിന്നീട് തന്റെ തെറ്റുകളേറ്റു പറഞ്ഞ മനോദരിയോട് അലിവു തോന്നിയ കാളി അവൾക്ക് വസൂരിമാല എന്ന പേരുനൽകി ദൈവക്കരുവാക്കി സന്തതസഹചാരിയാക്കി കൂടെ കൂട്ടി.
തെയ്യം
മലയ സമുദായത്തിൽപ്പെട്ടവരാണ് വസൂരിമാല തെയ്യം കെട്ടുന്നത്. തലശ്ശേരി മുതൽ തെക്കോട്ട് മുന്നൂറ്റന്മാരും ഈ തെയ്യം കെട്ടാറുണ്ട്. തലയിൽ ഒരു ചെറിയ പട്ടമാണ് ധരിക്കുക. കുറ്റിശംഖും പ്രാക്കഴുത്തുമാണ് മുഖത്തെഴുത്ത്. മാറിൽ മുലക്കൂടും അരയിൽ വെളുമ്പനുമാണ് ചമയം. തലശ്ശേരിക്കടുത്ത കൈതേരി, കണ്ണൂർ കൊറ്റോളിക്കാവ് മുതലായവ പ്രധാന സ്ഥാനങ്ങളാണ്.
ഫോട്ടോ കടപ്പാട്: സൗരഭ് സാവിയോ & സുസ്മിത് സുരേഷ്