ഉപകരണം റെഡി; നാപ്കിൻ കത്തിക്കാം മലിനീകരണമില്ലാതെ

കൊയിലാണ്ടി:നാപ്കിനുകളും ഡയപ്പറുകളും പരിസര മലിനീകരണമില്ലാതെ കത്തിച്ചു നശിപ്പിക്കുന്ന പുതിയ ഉപകരണവുമായി ജയപ്രകാശൻ ജെപി ടെക് വീണ്ടും ശ്രദ്ധേയനാകുന്നു. രാഷ്ട്രപതിയിൽനിന്നും മുഖ്യമന്ത്രിയിൽനിന്നുമെല്ലാം വിവിധ തരം  അടുപ്പ്‌ നിർമാണത്തിന്‌  പുരസ്‌കാരം നേടിയ കൊയിലാണ്ടി സ്വദേശി ജയപ്രകാശന്റേതാണ്‌ പുതിയ കണ്ടുപിടുത്തം.  വീടുകളിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ്‌  നാപ്കിൻ ഡ്രൈ ഡൈജസ്റ്റർ രൂപപ്പെടുത്തിയത്‌.
സാധാരണ രീതിയിൽ കത്തിക്കുമ്പോൾ  ജെല്ലി പദാർഥങ്ങൾ പൂർണമായും കത്തുന്നില്ല. ഇതിലടങ്ങിയ ഡയോക്സിനുകളും സിന്തറ്റിക് ഫൈബറുകളും പെട്രോ കെമിക്കൽ സംയുക്തങ്ങളും പരിപൂർണ ജ്വലനം നടക്കാതെ പുറന്തള്ളപ്പെടുന്നത്  ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും.
ഉയർന്ന ഊഷ്‌മാവിൽ  പൂർണമായും കത്തിക്കുന്ന രീതിയാണ്‌  ഉപകരണത്തിന്റേത്‌.
ഡൈജസ്റ്ററിന്റെ സെക്കൻഡറി ഏരിയയിലേക്ക് ആവശ്യമായ അളവിൽ വായു കടത്തിവിടാൻ ഉപകരണത്തിൽ സംവിധാനമുണ്ട്‌.
പിവിസി വിഭാഗത്തിലെ ലോഡെൻസിറ്റി പ്ലാസ്റ്റിക്കുകളാണ് നാപ്കിനുകളിലും ഡയപ്പറുകളിലും ഉപയോഗിക്കുന്നത്. പിന്നീടുള്ളത് പോളിസിലിക്കേറ്റ്, കോട്ടൺ വസ്തുക്കളുമാണ്.
ചൂള പ്രവർത്തിപ്പിച്ച് നിമിഷങ്ങൾക്കകംതന്നെ ഇതിന്റെ താപനില 900 ഡിഗ്രിയിലേക്കെത്തുന്നുണ്ട്. നാപ്കിൻ പാഡുകൾ കത്തിയുണ്ടാകുന്ന ഫ്ലൂ ഗ്യാസുകളുടെ ഓക്സിഡേഷന് 500 ഡിഗ്രി താപം മാത്രം മതിയെന്നിടത്താണ് ഇരട്ട ജ്വലനംകൊണ്ട് അതിതാപനം നടക്കുന്ന ജെ പി ചൂള ശ്രദ്ധേയമാകുന്നത്.
7500 രൂപ മാത്രം ചെലവുവരുന്ന ഈ ഡ്രൈ ഡൈജസ്റ്ററിൽ എൽപിജിക്കു പകരം ചിരട്ടയും ഇന്ധനമായി ഉപയോഗിക്കാം.
 10 ഗ്രാം എൽപിജി മാത്രമേ ഒരു നേരത്തെ ഉപയോഗത്തിന്‌ ആവശ്യമായി വരുന്നുള്ളൂ. അഞ്ച്‌ നാപ്കിനുകളോ  രണ്ട്‌ ഡയപ്പറോ അഞ്ച്‌ മിനിറ്റുകൊണ്ട്‌  കത്തിക്കാം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐആർടിസിയിലാണ് ജയപ്രകാശൻ ഇതിന്റെ പരീക്ഷണം ഏറിയ പങ്കും നടത്തിയത്. ജയപ്രകാശന്റെ ഫോൺ നമ്പർ:  9847547486.
Comments

COMMENTS

error: Content is protected !!