തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
ചോന്നമ്മ
സ്ത്രീകളുടെ ഇഷ്ടദേവതമാരിൽ ഒരാളായ ചോന്നമ്മ അഥവാ ചുകന്നമ്മ എന്ന തെയ്യം കാഴ്ചയില്‍ വലിയമുടിയുള്ള തമ്പുരാട്ടി തെയ്യവുമായി രൂപസാദൃശ്യമുണ്ടെങ്കിലും മുടിയുടെ നീളം താരതമ്യേനെ കുറവാണ്. അപൂർവ്വം കാവുകളിൽ മാത്രം കണ്ടുവരുന്ന ഈ തെയ്യം ഐതിഹ്യത്തിലും വ്യത്യസ്തത പുലർത്തുന്നു.
ഐതിഹ്യം :
സന്താനങ്ങള്‍ ഇല്ലാത്തതിനാൽ എറവളളി കൂലോത്തെ കൂലോത്തമ്മ ഒരു മഹർഷിയുടെ ആശ്രമത്തിൽ നാല്പതു ദിവസം വ്രതമിരുന്നു. നാല്പത്തിയൊന്നാം ദിവസം ഭഗവാൻ പ്രത്യക്ഷപ്പെട്ട് സന്താനവരം കൊടുത്തു. വരം ലഭിച്ച് തിരികെ കൂലോത്തേക്കു പോകുമ്പോൾ മഹർഷി അവർക്കുവേണ്ടി അരി, പൂവ് എന്നിവ കൊണ്ട് ഒരു ദിവ്യൗഷധം തയ്യാറാക്കി വച്ചിരുന്നു. എന്നാൽ അവര്‍ക്കതു നല്‍കുന്നതിനു മുമ്പ് അവിടെയെത്തിയ ഒരു പെൺമാൻ അത് കഴിക്കാനിടയാകുകയും ആ മാന്‍ ഗർഭം ധരിക്കുകയും ചെയ്തു. മാന്‍കുഞ്ഞിനു പകരം മനുഷ്യകുഞ്ഞിനെ പ്രസവിച്ചതിനാല്‍ മാൻ അതിനെ അവിടെ ഉപേക്ഷിച്ച് പോയി. നായാട്ടിനിറങ്ങിയ കാട്ടുജാതിക്കാര്‍ ഈ പെണ്‍കുഞ്ഞിനെ കാണുകയും അവരതിനെ സന്താനങ്ങള്‍ ഇല്ലാത്ത എറവളളി കൂലോത്ത് ഏല്‍പ്പിക്കുകയും ചെയ്തു. സന്തുഷ്ടരായ ബ്രാഹ്മണ ദമ്പതിമാര്‍ അതിനെ ‘വാണാര്‍ പൈതല്‍’ എന്ന് പേരു വിളിച്ചു. മറ്റു ബ്രാഹ്മണ കുട്ടികളില്‍ നിന്ന് ഭിന്നമായി ശുദ്ധാശുദ്ധങ്ങളൊന്നും അവൾ കാര്യമാക്കിയില്ല.
ഒരിക്കല്‍ മണ്ണു വാരിക്കളിക്കുമ്പോള്‍ അച്ഛനും അമ്മയും ശകാരിക്കുകയും അടിക്കുകയും ചെയ്തതിനാല്‍ ദേഷ്യം പിടിച്ചവൾ ഇല്ലം വിട്ടു പോകാൻ തീരുമാനിച്ചു. പോകുമ്പോൾ എതിരെ വന്ന ആശാരിമാരോടു വഴി ചോദിച്ച കുട്ടി അവരില്‍ നിന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാല്‍ മുന്നോട്ടു തന്നെ നടന്നു. എന്നാല്‍ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തങ്ങളോടു വഴി ചോദിച്ച പെണ്‍കുട്ടി ഒരു ദേവ കന്യകയാണോ എന്ന സംശയം ആശാരിമാര്‍ക്ക് ഉണ്ടാവുകയും അവര്‍ അവളെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു. ആശാരിമാരോട് തനിക്ക് ഒരു ആരൂഢം വേണമെന്നവള്‍ ആവശ്യപ്പെട്ടു. അതുപ്രകാരം അവർ പണിത കുടീരത്തിൽ അവൾ കുടിയിരുന്നു.
കുറച്ചു നാള്‍ കഴിഞ്ഞ് അതിൽ വച്ച് അവൾ ഋതുമതിയായതു കേട്ട് അച്ഛനുമമ്മയും സന്തോഷത്തോടെ മകളെ കാണാന്‍ വന്നു. അരിയും തേങ്ങയും പാലും പഴവും മറ്റും ചേർത്തുണ്ടാക്കിയ പാല്‍പുങ്ങനുമായി വന്ന അച്ഛനെയും അമ്മയെയും കാണാന്‍ അവൾ കൂട്ടാക്കിയില്ല. അവർ കരഞ്ഞു കേണപേക്ഷിച്ചിട്ടും അവള്‍ അവരെ കാണാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് അവര്‍ പാല്‍പുങ്ങൻ അവിടെ വെച്ച് തിരിച്ച് ഇല്ലത്തേക്കു യാത്രയായി. അവര്‍ പോയ ശേഷം അവരോടുള്ള ദേഷ്യം കാരണം ആ പാല്‍പുങ്ങൻ ചവുട്ടിത്തെറിപ്പിച്ചു. അതു കുട്ടനാട്ടിലെ കുറുവയലില്‍ ചെന്നു പതിക്കുകയും കുട്ടനാടൻ വീരപാൽ ചെന്നെല്ലായി അവിടെ വളരുകയും ചെയ്തെന്നു വിശ്വസിക്കപ്പെടുന്നു.
മാതാപിതാക്കളുടെ കണ്ണീര്‍ വീണ സ്ഥലത്ത് ഇനി ഞാന്‍ താമസിക്കില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ പെണ്‍കുട്ടി ഒരു കരിമ്പനയുടെ മുകളില്‍ കയറിക്കൂടി താമസിക്കുവാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ പുതൃവാടി പടനായർ ഒരു പടയ്ക്കുവേണ്ടി പനകൊണ്ടുള്ള വില്ലു ഉണ്ടാക്കാനായി പെണ്‍കുട്ടി താമസിച്ച പന മുറിക്കാന്‍ വന്നു. കൊത്തല്ലേ, മുറിക്കല്ലേ എന്നുള്ള അവളുടെ അപേക്ഷ വക വെയ്ക്കാതെ അയാളുടെ ആൾക്കാർ പന മുറിച്ചു. ആ പനകൊണ്ട് അവർ പന്ത്രണ്ട് വില്ലുകൾ തീർത്തു. എന്നാല്‍ പന്ത്രണ്ടാമത്തെ വില്ലിൽ ദേവകന്യാവിന്റെ ചൈതന്യമുണ്ടാവുകയും അത് പൊങ്ങാതിരിക്കുകയും ചെയ്തു. ഇതിന്റെ കാരണമറിയാൻ രാശി വച്ചുനോക്കിയപ്പോൾ ദൈവകന്യാവിന്റെ സാന്നിദ്ധ്യം മനസ്സിലാവുകയും പ്രശ്നത്തിൽ തെളിഞ്ഞപ്രകാരം ദേവകന്യാവിന് ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തി കോലംകെട്ടിയാടിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
തെയ്യം
വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന തെയ്യമാണ് ചുകന്നമ്മ തെയ്യം.
“വലിയ ശംഖും പ്രാക്കഴുത്തും” മുഖത്തെഴുത്തും
വലിയമുടിയുമാണ് ഈ തെയ്യത്തിന്.