തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
മൂവാളംകുഴി ചാമുണ്ഡി
“കേരളമതിനുടെ രക്ഷാർത്ഥമതായ് കല്പിച്ചുള്ളൊരു അംബികയാമിവൾ” എന്നാണ് തോറ്റംപാട്ടിൽ മൂവാളംകുഴി ചാമുണ്ഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്. എടമന തന്ത്രി ചെമ്പു കുടത്തില്‍ ആവാഹിച്ച ശേഷം മൂന്നാള്‍ ആഴത്തില്‍ കുഴിയുണ്ടാക്കി അതിൽ സ്ഥാപിച്ചപ്പോള്‍ മൂന്നേമുക്കാൽ നാഴിക കൊണ്ട് അവിടെ നിന്ന് പുറത്തുവന്ന ശക്തിസ്വരൂപിണിയാണ് മൂവാളംകുഴി ചാമുണ്ഡി എന്നാണ് വിശ്വാസം.
മൂന്നാളുടെ ആഴത്തിലുള്ള കുഴിയില്‍ നിന്ന് പുറത്തു വന്നവൾ എന്ന അര്‍ത്ഥത്തിലാണ് മൂവാളംകുഴി ചാമുണ്ഡി എന്ന പേരു ലഭിച്ചത്. കഠിനമായ കോപത്താല്‍ തന്റെ ശക്തി കൊണ്ട് പാതാളത്തില്‍ നിന്ന് ചെമ്പ് കുടം തകർത്ത് അവതരിച്ച ഈ ദേവി അതിരൗദ്രരൂപണിയാണ്. കോപം മൂത്ത് കണ്ണില്‍ കാണുന്നവരെയൊക്കെ തന്റെ ആയുധങ്ങള്‍ കൊണ്ട് ദേവി പ്രഹരിക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കുന്നതാണ്. മൂന്നുതരം വര്‍ണ പലിശ, വില്ലും ശരക്കോലും, വ്യത്യസ്തതരം വാളുകള്‍ തുടങ്ങിയവയാണ് ദേവി ആയുധങ്ങളായി ഉപയോഗിക്കുന്നത്.
ഐതിഹ്യം :
മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യമുള്ള രണ്ടു ബ്രാഹ്മണ പ്രഭു കുടുംബങ്ങളായിരുന്നു എടമന ഇല്ലവും ഒളയത്തില്ലവും. എടമനയിൽ നിന്ന് ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിച്ചപ്പോൾ ഗൃഹനാഥന്റെ അഭാവത്തിൽ അവിടുത്തെ അന്തർജനം വേണ്ടവിധത്തിൽ ഉപചരിച്ചില്ല. ഇതിൽ പ്രകോപിതനായ എടമനതന്ത്രി ചില മന്ത്രപ്രയോഗങ്ങൾ നടത്തി തിരിച്ചുവന്നു. ഒളയത്ത് തന്ത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ എടമനയുടെ മന്ത്ര പ്രയോഗം മനസ്സിലാക്കി മന്ത്രരൂപത്തിൽ തന്നെ തിരിച്ച് പ്രതികരിച്ചു.
മന്ത്രതന്ത്രങ്ങളിൽ തങ്ങൾക്കുള്ള പ്രാവീണ്യം തെളിയിക്കുവാനായി ഇരുവരും പരസ്പരം മത്സരിക്കുകയും മന്ത്ര മൂർത്തികളെ കൊണ്ട് ഏറ്റുമുട്ടിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ ഒളയത്ത് തന്ത്രി തന്റെ ഉപാസനാമൂർത്തിയായ ചാമുണ്ഡിയെ ശത്രുസംഹാരത്തിനായി നിയോഗിക്കുകയും എന്നാൽ തന്നെ സമീപിച്ച മന്ത്ര മൂർത്തിയെ എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് ഉറപ്പേറിയ ഒരു ചെമ്പുകുടത്തിൽ അടക്കംചെയ്ത് തന്റെ ആശ്രിതന്മാരായ മട്ടേ കോലാൻ, കീഴ്ക്കാണത്ത് അടിയോടി എന്നിവരെ കൊണ്ട് മൂന്നാൾ ആഴത്തിൽ കുഴി കുഴിച്ച് അതിലടക്കം ചെയ്യുകയും ചെയ്തു. എന്നാൽ മൂന്നേമുക്കാൽ നാഴിക കൊണ്ട് ചെമ്പുകുടം തകർത്ത് ഭീകരാകാരത്തോടെ പുറത്തു വന്ന ചാമുണ്ഡി മട്ടേ കോലാന്റെ പടിഞ്ഞാറ്റകം തകർത്ത് അയാളെ വധിച്ച് പിന്നെ തന്ത്രിക്കുനേരെ തിരിഞ്ഞു. ഭീതിതനായ തന്ത്രി പ്രാണരക്ഷാർത്ഥം ഓടി ത്രിക്കണ്യാവിലപ്പനെ ശരണം പ്രാപിച്ചു.
കിഴക്കേ ഗോപുരത്തിലൂടെ കയറിയ തന്ത്രിയെ പിന്തുടർന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ മന്ത്രമൂർത്തി തൃക്കണ്ണാട് എത്തിയെങ്കിലും തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി. തന്ത്രിമാർ തമ്മിലുള്ള വെറുപ്പ് തീർത്ത് തൃക്കണ്യാവിലപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു. മാത്രമല്ല, എടമന തന്ത്രി തന്റെ പടിഞ്ഞാറ്റയിൽ ദേവിക്കു സ്ഥാനം നല്കി ആരാധിക്കാൻ തുടങ്ങി.
ചാമുണ്ഡിയുടെ വീരപരാക്രമങ്ങളിൽ തൃക്കണ്യാവിലപ്പനും കീഴൂർ ശാസ്താവിനും മതിപ്പുണ്ടാവുകയും സ്വരൂപത്തിലെ അഞ്ചുപരദേവതമാർ (ഐവർ പരദേവതമാർ, തൃക്കണ്ണ്യാവിലപ്പൻ, കീഴൂർശാസ്താവ്, കുതിരക്കാളി, കരിപ്പോടി ശാസ്താവ്, പനയാലപ്പൻ) കഴിഞ്ഞാൽ ആറാമത്തെ സ്ഥാനം മുക്കണ്ണിക്കായി കല്പിക്കണമെന്ന് തൃക്കണ്യാവിലപ്പൻ കല്പിക്കുകയും ചെയ്തു. അങ്ങനെ മൂവാളംകുഴി ചാമുണ്ഡി മുക്കാതം നാട്ടിലെ പരദേവതയായിത്തീർന്നു.
തെയ്യം :
മലയസമുദായക്കാർ കെട്ടുന്ന തെയ്യമാണിത്. വെളുമ്പനുടുപ്പും പുറത്തട്ടും “തേപ്പും കുറിയും” മുഖത്തെഴുത്തുമാണ് വേഷം. ചാലിയ സമുദായക്കാരുടെ മുഖ്യ ആരാധനാദേവതയാണിത്.