സുവീരനെതിരായ ആക്രമണം സാമൂഹ്യ മാധ്യമങ്ങൾ പ്രതികരിക്കുന്നു

ദേശീയ സിനിമാ അവാർഡ് ജേതാവും പ്രമുഖ നാടകപ്രവർത്തകനുമായ കെ.പി സുവീരനെയും ഭാര്യ അമൃതയെയും കുറ്റ്യാടിക്കടുത്തുള്ള അവരുടെ വീട്ടിൽക്കയറി സംഘപരിവാരം ആക്രമിച്ച സംഭവത്തിൽ പ്രതിഷ്രധം ശക്തമാകുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ഇവർക്കെതിരായ ആക്രമണം നടന്നത്.
അതുല്യനായ കലാകാരനും നാടക പ്രവർത്തകനും ആക്ടിവിസ്റ്റുമായ സുവീരനെ ടാർജറ്റ് ചെയ്ത് സംഘപരിവാർ നടത്തിവരുന്ന തുടർച്ചയായ ആക്രമണങ്ങൾ ഗൗരവമുള്ളതാണ്. പുരോഗമന കലാസാഹിത്യ സംഘം ഉൾപ്പെടെ ഇതിനകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കേരളം പോലെ ജനാധിപത്യ ബോധവും മതനിരപേക്ഷമൂല്ല്യങ്ങളുമൊക്കെ ശക്തമായി വേരോടിയ ഒരു സമൂഹത്തിൽ തുടർച്ചയായ ആക്രമണത്തിന് മറയില്ലാതെ ചിലർ രംഗത്തിറങ്ങുന്നത് ഭാവിയിൽ വരാനിരിക്കുന്ന ചില വിപൽ സൂചനകൾ നൽകുന്നുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു.
സുവീരന്റെ സുഹൃത്തുക്കളിലൊരാളും സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തുകാരനുമായ ബിബിത്ത് കോഴിക്കളത്തിന്റെയും ബൈജൂ മേപ്പയ്യൂരിന്റേയും ഒരു ഫേസ് ബുക്ക് കുറിപ്പുകൾ ഞങ്ങളിവിടെ പങ്കു വെക്കുന്നു.

മടപ്പള്ളി കോളേജിൽ ഞങ്ങളുടെ ഡിഗ്രി ബാച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ബാച്ചിൽ ഇറങ്ങിപ്പോയ നാടകപ്രതിഭയായിരുന്നു സഖാവ് അഴിയൂർ സുവീരൻ. കോളേജ് പഠനകാലത്ത് അയാളെഴുതിയ അമ്മയെന്ന നാടകം ഒരു രൂപയ്ക്ക് വിറ്റ ഓർമ്മയുണ്ട്. മൃഛഘടികവും ഇബ്സന്റെ ഏതോ ഒരു നാടകവും ചെയ്യാൻ പദ്ധതിയുണ്ടെന്നു സുവീരൻ അക്കാലത്തൊരിക്കൽ ബാലേട്ടന്റെ ചായപ്പീടികയിലിരുന്ന് ചായകുടിക്കവേ പറഞ്ഞത് ഓർമ്മയുണ്ട്. മടപ്പള്ളിയിൽ എസ് എഫ് ഐ ബാനറിൽ സഖാവ് അബ്ദുൾ ലത്തീഫ് തുടങ്ങിയവർക്കൊപ്പം കോളേജ് യൂണിയൻ ഭാരവാഹികൂടിയായിരുന്നു സുവീരൻ.
കോളേജ് വിട്ടശേഷം നാടകരംഗത്തെ അനേകം പരിഷ്ക്കരണത്തിലൂടെ സുവീരൻ മുന്നേറുന്ന കാഴ്ച അകലെനിന്നു കണ്ടിരുന്നു. അതിനിടയിൽ ദേശീയ ഫിലിം അവാർഡുകളും നിരവധി നാടകങ്ങൾക്ക് കിട്ടിയ അവാർഡുകളെക്കുറിച്ചും വാർത്തകൾ കണ്ടിരുന്നു. കർണാടകയിലെ ന്യൂനപക്ഷം സംസാരിക്കുന്ന ഭാഷയിൽ സിനിമയെടുത്തതിന് അവാർഡ് കിട്ടിയ സുവീരനെ, അവിടെ ഭൂമി നൽകിയാണ് കർണാടക സർക്കാർ ആദരിച്ചത്. ‘സർഗ്ഗസംവാദങ്ങളേയും പ്രവർത്തനങ്ങളേയും ഇല്ലായ്മചെയ്യാനുള്ള സംഘപരിവാര ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരികമാത്രമല്ല, നാടിനെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങൾക്കെതിരായ സർക്കാർ തലത്തിൽ ശക്തമായ നിയമനടപടിയും ആവശ്യമാണ്.
ബിബിത്ത് ഫേയ്സ്ബുക്കിലെഴുതി.

കവിയും സാമൂഹ്യ മാധ്യമങ്ങളിലെഎഴുത്തുകാരനും പുരോഗമന കലാസാഹിത സംഘം പ്രവർത്തകനുമായ ബൈജു മേപ്പയ്യൂരും പ്രതിഷ്രധം രേഖപ്പെടുത്തി ഫേയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു.

‘അഗ്നിയും വർഷവും,
‘ചക്രം’
‘ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും,
തുടങ്ങി ചുരുങ്ങിയ ചില നാടകങ്ങളിലൂടെ
തീവ്രവും തീഷ്ണവുമായ ഒരു പുതിയ ഭാവുകത്വത്തിലേക്ക്
മലയാള നാടക വേദിയെ ഉണർത്തിയ
നാടക പ്രതിഭയാണ് സുവീരൻ .
പരീക്ഷണ നാടകങ്ങളിലൂടെയും
സമാന്തര സിനിമാ പരീക്ഷണങ്ങളിലൂടെയും
ശ്രദ്ധേയനയ സുവീരനും കുടുംബവും
സംഘപരിവാർ സംഘടനയാൽ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന വേദനിപ്പിക്കുന്ന വാർത്തകളാണ് അന്തരീക്ഷത്തിൽ നിറയുന്നത്.
മാനവിതയ്ക്ക് വേണ്ടി കലയെയും സാഹിത്യത്തെയും പ്രയോഗിക്കുമ്പോൾ
അതെല്ലാം പ്രാകൃത ഗോത്രബോധം പേറുന്ന
സംവിധാനങ്ങളെ വിറളി പിടിപ്പിക്കുന്നു എന്നത്
സുവീരനെപ്പോലെയുള്ളവരുടെ
മാനവിക കലാ പ്രവർത്തനങ്ങളെ
സാധൂകരിക്കുന്നു.
സുവീരന് ഐക്യദാർഡ്യം .

 

Comments

COMMENTS

error: Content is protected !!