തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
പഞ്ചുരുളി
ശുംഭ-നിശുംഭന്മാരെ വധിക്കാൻ അവതരിച്ച അംബികയെ സഹായിക്കാൻ സപ്തമാതാക്കൾ അവതരിച്ചു. ബ്രഹ്മാണി,മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നിവരെയാണ് സപ്തമാതാക്കൾ എന്നു വിളിക്കുന്നത്. ഇവരിൽ അഞ്ചാമത്തെ വരാഹരൂപിയായ ദേവിയെയാണ് പഞ്ചുരുളി തെയ്യമായി കെട്ടിയാടിക്കുന്നത്. തുളു ഭാഷയില്‍ പഞ്ച് എന്നാൽ പന്നിയെന്നാണർത്ഥം.
പഞ്ച് ഉരുവാം കാളി (പന്നിയുടെ രൂപമുള്ള കാളി) യാണു പഞ്ചുരുളി ആയതത്രേ. തുളുനാട്ടിൽ സാർവ്വത്രികമായി ആരാധിക്കപ്പെടുന്ന ഒരു ദേവതയായ പഞ്ചുരുളി അവിടെ നിന്ന് കേരളത്തിൽ എത്തിയ ദേവിയാണ്. കോലത്തുനാട്ടിൽ പട്ടുവം വടക്കേക്കാവിലാണ് പഞ്ചുരുളിയുടെ ആരൂഢം.
വടക്കേക്കാവിൽ നിന്നാണ് ദേവി കൂരാങ്കുന്നിലേക്കും മറ്റു സ്ഥലങ്ങളിലേക്കും എത്തുന്നത്. ആരൂഢസ്ഥാനത്ത് സാത്വികഭാവത്തിലും കൂരാങ്കുന്നിൽ അതിരൗദ്രഭാവത്തിലുമാണ് ദേവിയുള്ളതെന്നാണ് വിശ്വാസം.
ഐതിഹ്യം
വടകരക്കടുത്തുള്ള പൊന്നാപുരം കോട്ടയിലെ ഒരു കാരണവർ കളരി വിദ്യ അഭ്യസിക്കാൻ തുളുനാട്ടിൽ പോയി. വിദ്യ അഭ്യസിച്ച് തിരിച്ചുവരുമ്പോൾ അവിടുത്തെ കളരിഭഗവതിയായ വരാഹിദേവി അദ്ദേഹത്തോടൊപ്പം കുടയിൽ എഴുന്നള്ളിയത്രെ. കാരണവർ തിരിച്ചുവരുമ്പോൾ പട്ടുവത്ത് എത്തുകയും അവിടെ താമസിച്ച് ദേവീഉപാസന എല്ലാവരേയും പഠിപ്പിച്ച് അവിടെത്തന്നെ സമാധിയാവുകയും ചെയ്തു.
കോലത്തുനാട്ടിലെത്തിയ ദേവി പട്ടുവം കടവിനടുത്തു വിളക്കു കണ്ട് അങ്ങോട്ടു ചെല്ലുകയും അവിടുത്തെ അധിപയായ കുളൂൽ ഭഗവതിയോട് തനിക്കിരിക്കാൻ സ്ഥലം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്നെ ശല്യം ചെയ്യുന്ന മായാമലരമ്പനെന്ന ഗന്ധർവ്വനെ ഇല്ലാതാക്കിയാൽ തന്റെ വലതു ഭാഗത്തു സ്ഥാനവും ദേശാധിപത്യവും നൽകാമെന്നു കുളൂൽ മാതാവ് പഞ്ചുരുളിയെ അറിയിച്ചു.
ആലിന്റെ മുകളിൽ താമസിച്ച ഗന്ധർവ്വനെ പഞ്ചുരുളിദേവി വധിക്കുകയും പട്ടുവം ദേശാധിപത്യം ലഭിക്കുകയും ചെയ്തു. വാഗ്ദ്ധാന പ്രകാരം കുളൂൽ ഭഗവതി താനിരിക്കുന്ന വലിയ മതിലകത്തിനു വടക്കു ഭാഗത്തായി പഞ്ചുരുളിദേവിയ്ക്ക് ഇടം നല്കുകയും അതു പിന്നീട് പട്ടുവം വടക്കെ കാവ് എന്നറിയപ്പെടുകയും ചെയ്തു. താഴത്തു വലിയ വീട്ടുകാരാണ് പട്ടുവം വടക്കേകാവ് ഊരാളന്മാർ.
തെയ്യം :
മലയരും കോപ്പാളരും പഞ്ചുരുളി തെയ്യം കെട്ടാറുണ്ട്. ഇവരുടെ തെയ്യങ്ങൾ വേഷത്തിലും ചടങ്ങുകളിലും തികച്ചും വ്യത്യസ്തമാണ്. ആരൂഢസ്ഥാനമായ പട്ടുവം വടക്കെകാവിൽ പട്ടുവം പെരുമലയനാണ് കോലധാരി. അപൂർവ്വമായ അനുഷ്ഠാനരീതികൾ പിന്തുടരുന്ന അവിടെനിന്ന് അതിമനോഹരമായ ഈ തെയ്യം കാണുകയെന്നത് സവിശേഷമായ അനുഭവമാണ്. ശംഖുo പ്രാക്കഴുത്തും എന്ന മുഖത്തെഴുത്തും വെളുമ്പനുടുപ്പും പുറത്തട്ടുമാണ് പഞ്ചുരുളിയുടെ വേഷം.