SPECIAL

തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

കുണ്ടോറചാമുണ്ഡി

 

കുണ്ടാടി ചാമുണ്ഡി, കുണ്ടൂര്‍ ചാമുണ്ഡി എന്നീ പേരുകളിലും അറിയപ്പെടുന്ന ദേവിയാണ് ദാരികാസുരനെ വധിച്ച കാളിയുടെ ഭാവത്തിലുള്ള കുണ്ടോറ ചാമുണ്ഡി. ഈ ദേവി നാട്ടുപരദേവതയും വീട്ടുപരദേവതയുമാണ്.

 

യുദ്ധ ദേവതയായി പരിഗണിക്കപ്പെടുന്ന ദേവിയാണ് കുണ്ടോറ ചാമുണ്ഡി. ദേവാസുര യുദ്ധത്തിൽ ദേവി വിവിധരൂപത്തില്‍ അവതരിച്ച് അസുര നിഗ്രഹം നടത്തിയെന്നാണ് ഐതിഹ്യം. അവരില്‍ പ്രധാനപ്പെട്ട അവതാരമായിരുന്ന കൌശികിയുടെ അംശാവതാരങ്ങളില്‍ ഒന്നായ ചാമുണ്ഡി സങ്കല്പത്തിലുള്ള തെയ്യമാണ് കുണ്ടോറ ചാമുണ്ഡി.

ദാരികാസുരനെ വധിച്ച കാളി അസുര നിഗ്രഹത്തിനു ശേഷം പുണ്യ തീർത്ഥങ്ങളായ പക്ഷിതീര്‍ത്ഥത്തിലും കുക്ഷതീര്‍ത്ഥത്തിലും നീരാടിയിട്ടും അശുദ്ധി നീങ്ങാത്തതിനാല്‍ കാവേരിയിൽ എത്തിയെന്നും അപ്പോള്‍ അവിടെ തീർത്ഥാടനത്തിനെത്തിയ കുണ്ടോറ തന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കുളിയിലും നിത്യ കർമ്മങ്ങളിലും ദേവി തപ്പും പിഴയും വരുത്തിയെന്നും കാളിയാണ്‌ ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ കുണ്ടോറ തന്ത്രി കാളിയെ ചെമ്പ് കിടാരത്തില്‍ ആവാഹിച്ച് അടയ്ക്കുകയും ചെയ്തുവത്രേ.


ആ പാത്രവും കൊണ്ട് തന്ത്രിമാര്‍ നാട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു മരത്തണലില്‍ പാത്രം വച്ച് വിശ്രമിച്ചു. അപ്പോൾ കിടാരം തകർത്ത് പുറത്തു വന്ന കാളി കുമ്പഴ കോവിലകത്തെ നൂറ്റൊന്ന് ആലകളിലെ കന്നുകാലികളെ ഒറ്റരാവില്‍ തിന്നുതീർത്തു. കാളിയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ നാടുവാഴി തന്റെ കന്നുകളെ തിരിച്ചു തന്നാല്‍ കുണ്ടോറയപ്പന്റെ (ശിവന്റെ) വലതുഭാഗത്ത് സ്ഥാനം കൊടുക്കാമെന്നു പ്രാർത്ഥിച്ചു. നേരം വെളുത്തപ്പോള്‍ കന്നുകാലികള്‍ പഴയതു പോലെ നിൽക്കുന്നതു കണ്ടപ്പോൾ നാടുവാഴി കുണ്ടോറയപ്പന്റെ വലതുവശത്ത് ദേവിക്ക് സ്ഥാനം നല്കി. അങ്ങിനെ ചാമുണ്ഡിക്ക് കുണ്ടോറയില്‍ സ്ഥാനം ലഭിച്ചത് കൊണ്ട് കുണ്ടോറ ചാമുണ്ഡി എന്ന പേര് ലഭിച്ചു. കുണ്ടോറ തന്ത്രി കൊണ്ടുവന്ന ദേവി ആയതുകൊണ്ടാണ് ആ പേരു ലഭിച്ചതെന്ന ഒരു പാഠഭേദവും ഈ കഥയ്ക്കുണ്ട്.

അവിടെനിന്നു തെക്കോട്ടു യാത്രതിരിച്ച കാളി കീഴൂരെത്തിയപ്പോൾ കീഴൂർ ശാസ്താവ് വഴിതടഞ്ഞു. ഒരു വ്യാഴ വട്ടക്കാലം തപസ്സു ചെയ്തിട്ടും ശാസ്താവ് വഴി കൊടുക്കാതായപ്പോൾ കോപാകുലയായ കാളി നാട്ടില്‍ നിരവധി അനർത്ഥങ്ങള്‍ വിതച്ചു. അങ്ങനെ കാളിയുടെ ശക്തി മനസ്സിലാക്കിയ ശാസ്താവ് ഒടുവില്‍ കാളിക്ക് വഴി കൊടുത്തു. ഇതോടൊപ്പം “നാട്ടിലേക്ക് നീ നാട്ടു പരദേവത, വീട്ടെക്ക് നീ വീട്ടുപരദേവത കന്നിരാശിയിങ്കൽ നീ കന്നിരാശി പരദേവത” എന്ന് അനുഗ്രഹിക്കുകയും ചെയ്തുവത്രേ. തുടർന്ന് തുളുനാട് കടന്ന് മലനാട്ടിലെത്തിയപ്പോൾ കോലത്തിരി ദേവിക്ക് കോലവും ഗുരുതി, കലശം എന്നിവയും നല്കി. അതില്‍ സംപ്രീതയായ ദേവി കോലത്തുനാട്ടില്‍ സ്ഥാനമുറപ്പിച്ചു എന്നാണ് ഐതിഹ്യം.

ഈ തെയ്യത്തിന്റെ പുറപ്പാടിനുമുമ്പ് ഇളങ്കോലമുണ്ട്. ആ സമയത്ത് തെയ്യം തിരി കത്തിച്ച് അഗ്നി വിഴുങ്ങും. തുളുത്തോറ്റമാണ്‌ ഈ തെയ്യത്തിന്റെ തുടക്കത്തിൽ പാടുന്നത്. കുണ്ടോറ ചാമുണ്ഡിയുടെ കൂടെ ‘തുരക്കാരത്തി’ എന്ന തെയ്യവും ‘മോന്തിക്കോല’വും ഇറങ്ങാറുണ്ട്.

തെയ്യം :
കുണ്ടോറ ചാമുണ്ഡിയും കൂടെ ഉള്ളവരേയും കെട്ടുന്നത് തുളുവേല സമുദായത്തിൽപ്പെട്ടവരാണ്. കോപ്പാളന്മാരും ഈ തെയ്യം കെട്ടാറുണ്ട്. ‘തേപ്പും കുറിയുമാ’ ണ് മുഖത്തെഴുത്ത്. ഒലിയുടയും പുറത്തട്ടുമാണ് വേഷം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button