തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

പാലോട്ടു ദൈവം

തെയ്യങ്ങളിൽ വൈഷ്ണവാരാധന വളരെ കുറവാണ്. ഭൂരിഭാഗം തെയ്യങ്ങളും ശൈവ -ശക്തി രൂപങ്ങളോ അവരുടെ അംശാവതാരങ്ങളോ ആണ്. വിഷ്ണു മൂർത്തി, ദൈവത്താർ, പാലോട്ടു ദൈവം, കാരൻ ദൈവം തുടങ്ങിയവയാണ് പ്രധാന വൈഷ്ണവ തെയ്യങ്ങൾ. വിഷു വിളക്ക് ഉത്സവമായാണ് പാലോട്ടുകാവുകളിൽ തെയ്യം കെട്ടിയാടപ്പെടാറുള്ളത്. അഴിക്കോട്, തെക്കുമ്പാട്, കീച്ചേരി, അതിയടം, മല്ലിയോട്ട്, നീലേശ്വരം എന്നിവയാണ് മുഖ്യ പാലോട്ടുകാവുകൾ.

മേടം ഒന്നു മുതൽ ഏഴു വരെയാണ് ഇവിടങ്ങളിൽ കളിയാട്ടം. പാലോട്ടു ദൈവം മഹാവിഷ്ണുവിന്റെ മത്സ്യാവതാര രൂപമാണെന്നും അണ്ടല്ലൂർകാവ്, കാപ്പാട്ടു കാവ്, മാവിലാക്കാവ്, മേച്ചേരിക്കാവ്, എന്നിവിടങ്ങളിലും അവതാരസങ്കല്പങ്ങളിൽ വ്യത്യാസമുള്ള ദൈവത്താർ തന്നെയാണെന്നും അഭിപ്രായമുണ്ട്.

ഐതിഹ്യം
പാലാഴിയിൽ കുടികൊള്ളുന്ന മഹാവിഷ്ണുവിന്റെ പൊൻകിരീടം ഗംഗ ഇളക്കി മാറ്റുകയും അത് പാലാഴിയിലൂടെ ഒഴുകി ഏഴിമല രാജാവിന്റെ അധീനതയിലുള്ള അഴീക്കരയെന്ന അഴീക്കോടിൽ വന്നടുക്കുകയും ചെയ്തു. കരുമന ചാക്കോട്ട് തീയ്യനും ചങ്ങാതിയായ പെരുന്തട്ടാനും മീൻപിടിക്കാൻ വലയുമായി അഴീക്കര ചെന്ന് വലവീശിയപ്പോൾ അതിലെന്തോ പെട്ടതായി തോന്നി. പെരുന്തട്ടാൻ നോക്കിയപ്പോൾ കണ്ടത് ഒരു മുത്തുക്കിരീടമായിരിന്നു.


അവരതാരമെടുത്ത് കോലത്തിരി രാജാവിൻ്റെ പടനായകനായ മുരിക്കഞ്ചേരി നായരുടെ അരികിലെത്തിച്ചു. അതു കണ്ട് ശിതികണ്ഠൻ തിയ്യനും പെരുന്തട്ടാനും ഉറഞ്ഞുതുള്ളി. മുരിക്കഞ്ചേരി നായർ ജ്യോതിഷിയെ വരുത്തി രാശിവച്ചു നോക്കി. ആ കിരീടം ദൈവക്കരുവാണെന്നും പാലാഴിക്കോട്ട് ദൈവമെന്ന പേരിൽ അതിനെ പൂജിക്കണമെന്നും കണിയാൻ അറിയിച്ചു. അതിനായി ഒരു സ്ഥാനം പണിയാൻ മുരിക്കഞ്ചേരി നായർ സ്ഥലം കൊടുത്തു. ഏഴിമലരാജാവിന്റെ നിർദ്ദേശപ്രകാരം എല്ലാവരും ചേർന്ന് വിശ്വകർമ്മാവിനെക്കൊണ്ട് കാവുപണിയിക്കുകയും കോലത്തിരിയുടെ പടനായകൻ മുരിക്കഞ്ചേരി കേളുനായരുടെ മേൽനോട്ടത്തിൽ എഴുദിവസത്തെ ഉത്സവം നടത്തുകയും ചെയ്തു. അഴീക്കോട്‌ നിന്നാണത്രെ ദൈവം പിന്നീട് തെക്കുമ്പാട്ടെത്തിയത്. അവിടെ നിന്ന് അതിയടത്തേക്കും തുടർന്ന് അതിയടത്തുനിന്ന് മല്ലിയോട്ടേക്കും ദൈവം എത്തിയതയാണ് ഐതിഹ്യം.

തെയ്യം
വണ്ണാൻ സമുദായക്കാരാണ് പാലോട്ടുദൈവം തെയ്യം കെട്ടിയാടുന്നത്. ‘അന്തോം മീശയും ചെക്കിദളവും’ എന്ന മനോഹരമായ മുഖത്തെഴുത്തും തിരുമുടിയും അസാമാന്യമായ പ്രൗഢിയും ഭംഗിയുമാണ് ഈ തെയ്യത്തിനു നല്കുന്നത്.

Comments

COMMENTS

error: Content is protected !!