SPECIAL

തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

 

 

ഊർപ്പഴശ്ശി ദൈവത്താര്‍

മേലൂര്‍ ദയരപ്പന്‍, ദൈവത്താര്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന
തെയ്യമാണ് ഊർപ്പഴശ്ശി. അനശ്വര സൗഹൃദത്തിന്റെ പ്രതീകമെന്നോണം ഉറ്റ ചങ്ങാതി വേട്ടയ്ക്കൊരുമകനോടൊപ്പമാണ് ഒട്ടുമിക്ക കാവുകളിലും ഊർപ്പഴശ്ശി തെയ്യം ഇറങ്ങാറുള്ളത്. തെയ്യം അനുഷ്‌ഠാനത്തിൽ ദുർല്ലഭമായ വൈഷ്ണവാംശരൂപിയാണ് ഈ ദേവത.

വേട്ടയ്ക്കൊരുമകനെപ്പോലെ നായാട്ടുദേവതയാണ് ഊർപ്പഴശ്ശിയും എന്നൊരഭിപ്രായമുണ്ട്. പഴയകാലത്ത് മൂന്നു വിധത്തിലുണ്ടായിരുന്ന നായാട്ടുകേന്ദ്രങ്ങളിലെ ‘ഊർവേശി’ യിൽ (ഊർപ്പള്ളി, ഊർവട്ടം എന്നിവയാണ് മറ്റു രണ്ടെണ്ണം) നിന്നാണ് ഊർപ്പഴശ്ശി എന്ന പേരുണ്ടായതെന്ന നിഗമനം മേല്പറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുന്നു.
വൈദ്യനാഥ സങ്കല്പമുള്ളതിനാൽ വിശ്വാസികൾ ആരോഗ്യത്തിനായി ഈ തെയ്യത്തെ പ്രാർത്ഥിക്കാറുണ്ട്. “ഇടത്തുകൈമേൽ ഔഷധവും വലത്തുകൈമേൽ ആയുധവുമായി ഞാനും പുറപ്പെട്ടു” വെന്ന് ഊർപ്പഴശ്ശി ദൈവത്താറുടെ മുമ്പസ്ഥാനത്തിൽ പറയുന്നുമുണ്ട്. കണ്ണൂർ ജില്ലയിലെ എടക്കാടിനടുത്തുള്ള ഊർപ്പഴച്ചിക്കാവാണ് ഈ തെയ്യത്തിന്റെ ആരൂഢo.

 

ഐതിഹ്യം :

മേലൂർ കോട്ടമതിലകത്ത് ജനിച്ചു വളർന്ന മേലൂർ ഇളം കന്യാവിന് ചൂതാട്ടം കാണാനും പഠിക്കാനും ആഗ്രഹമുദിച്ചു. എന്നാൽ ഇത്ര ചെറുപ്പത്തിൽ ഒരു പെൺകിടാവ് ചൂതു പഠിക്കാനും കളിക്കാനും പോകുന്നതിൽ അമ്മയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. ഒടുവിൽ അങ്ങനെ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ ജീവനുപേക്ഷിക്കുമെന്ന മകളുടെ പ്രഖ്യാപനത്തിനു മുമ്പിൽ മനസ്സില്ലാമനസ്സോടെ അമ്മയ്ക്ക് സമ്മതിക്കേണ്ടി വന്നു.

അങ്ങനെ അവൾ മേലൂർ -കീഴൂർ ദേവന്മാരും വിഷ്ണുഭഗവാനും ചൂതുകളിക്കുന്ന സന്നിധിയിലെത്തി. അവളെ കണ്ട് വിഷ്ണു ഭഗവാൻ എഴുന്നേറ്റ് നിന്ന് ആചരിച്ചു. ചൂതുകളി കാണാനും പഠിക്കാനും വന്നതാണെന്നറിഞ്ഞപ്പോൾ കളി തുടങ്ങി. കളികളിലെല്ലാം വിഷ്ണു ഭഗവാൻ തോറ്റു. തന്നെ ചൂതിൽ തോല്പിച്ച ഇളം കന്യാവിന് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ “എന്റെ നാടുവാഴുവാൻ പര്യാപ്തനായ ഒരു പൊൻ മകനെ വയറ്റിൽ തരണമെന്ന് ” അവൾ ആവശ്യപ്പെട്ടു. അവളുടെ പ്രാർത്ഥന സ്വീകരിച്ച ഭഗവാൻ ” ഇന്നേക്ക് ഏഴാം നാൾ നീ ഗംഗയിൽ വാ, മായാരൂപം ധരിച്ച് ഞാനും വരാം ഗംഗയിലേക്ക് ” എന്നു പറഞ്ഞു. അങ്ങനെ ഗംഗയിൽ വച്ച് അവൾ വിഷ്ണു ഭഗവാന്റെ ഗർഭം ധരിച്ചു. ഏഴാം മാസം ഇളം മാനിന്റേയും മുതു മാനിന്റേയും പന്നിയുടേയും കരളിറച്ചി തിന്നാൻ മോഹിച്ച അവൾ അതിനു വേണ്ടി ഇളവ ജാതി പെറ്റ പന്തിരുവരുടേയും മുതുവ ജാതി പെറ്റ മുപ്പത്തു മൂവരുടേയും അടുത്തേക്ക് നേർ പുതുവനെ അയച്ചു. ആദ്യം എതിർത്തു പറഞ്ഞ അവർ പിന്നീട് നായാടി ഇറച്ചി ശേഖരിച്ചെങ്കിലും അല്പം മാത്രമേ ഇളംകന്യാവിനു കൊടുത്തുള്ളു. പുതുവൻ വേറെ ഇറച്ചി ശേഖരിച്ച് അവളുടെ ആഗ്രഹം നിറവേറ്റിയെങ്കിലും പന്തിരുവരും മുപ്പത്തി മൂവരും തന്നെ ചതിക്കുകയായിരുന്നെന്ന് അവൾക്കു മനസ്സിലായി. അവളുടെ മനസ്സിലുണ്ടായ ഈ ഖേദമാകണം വയറ്റിലുള്ള കുട്ടിയിൽ കുടിപ്പകയുടെ ആദ്യ വിത്തു വിതച്ചത്.


വീരപരാക്രമിയായ പൊൻ മകൻ പിറന്നതിനു ശേഷവും മനസ്സിൽ പകയുണ്ടാക്കുന്ന രീതിയിലുളള നിരവധി സംഭവങ്ങളുണ്ടായി. ചോറൂണിനു മുഹൂർത്തം കുറിക്കാൻ കണിയാനെ തേടി പുതുവാൻ ചെന്നപ്പോൾ അയാളവിടെ ഉണ്ടായിരുന്നില്ല. അവിടെ എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു പയ്യനേ ഉണ്ടായിരുന്നുള്ളു. പുതുവൻ നിരാശനായി മടങ്ങി. എന്നാൽ അന്നു രാത്രി ദൈവം ആ കുട്ടിക്ക് സ്വപ്ന ദർശനം നല്കി രാശിയിൽ പറയേണ്ട കാര്യങ്ങൾ ഉപദേശിച്ചു.
അതുപ്രകാരം മേലൂർ കോട്ടയിലേക്കു പോയ കണിയാർ പയ്യനെ വഴിയിൽവച്ച് മുപ്പത്തി മൂവർ ചോദ്യം ചെയ്യുകയും അവൻ അതിനു പകരം പറയുകയും ചെയ്തു .അവർ തത്കാലം അവനെ വിട്ടെങ്കിലും മുഹൂർത്തം കുറിച്ച് തിരികെ വരുമ്പോൾ കൊലപ്പെടുത്തി. പിന്നീട് ഇവരെയെല്ലാം കൊന്ന് ദയരപ്പൻ കുടിപ്പക തീർത്തു. കുഞ്ഞായിരിക്കുമ്പോൾ ദയരപ്പന് ആഭരണം തീർക്കാൻ കൊടുത്ത സ്വർണ്ണത്തിൽ നിന്ന് കട്ടെടുത്ത തട്ടാനേയും തല്ലിയ കുരിക്കളേയും ദയരപ്പൻ ശിക്ഷിച്ചിട്ടുണ്ട്. ആയുധമുണ്ടാക്കാൻ ഉരുക്കും മറ്റു സാധനങ്ങളും കൊടുക്കാതിരുന്ന ചെട്ടിയും താൻ പറഞ്ഞ പ്രകാരം ആയുധമുണ്ടാക്കിക്കൊടുക്കാതിരുന്ന കൊല്ലനേയും ദയരപ്പൻ കാലപുരിക്കയച്ചു. 36 വയസ്സിനിടയിൽ 64 കൊല നടത്തിയ ദയരപ്പനെ ചേകവരാക്കാൻ തീരുമാനിച്ചു. പൂന്തൃവാടി കൈമൾ ദയരപ്പനെ “ഉദയമാന ഊർപ്പഴച്ചിക്കാവിലേക്കുവാണ ദൈവ”മെന്നു പേരുവിളിച്ചനുഗ്രഹിച്ചു. തുടർന്നു നേർചങ്ങാതി വേട്ടയ്ക്കൊരുമകനെ ബാലുശ്ശേരി കോട്ടയിൽ ചെന്നു കാണുകയും മേലൂർകോട്ട മതിലകത്ത് തിരിച്ചെത്തി നിരവധി കോട്ടകളുടേയും കളരികളുടേയും അധിപനായി ചങ്ങാതികളോടൊപ്പം ഊർപഴച്ചിക്കാവിൽ പന്ത്രണ്ടു കൊല്ലം രാജാവായി വാഴുകയും ചെയ്തു.

തെയ്യം :

‘ഐശ്വര്യപ്രഭു’വായ ഊർപ്പഴശ്ശി ദൈവത്താറുടെ കോലംകെട്ടിയാടുന്നത് വണ്ണാൻ സമുദായക്കാരാണ്. തലയിൽ പീലിമുടിയും അരയിൽ “ചെറു കണ്ണിവളയൽ” ഉടുപ്പും “കൊടുംപുരികം വച്ചെഴുത്ത്” എന്ന മുഖത്തെഴുത്തും പച്ചമാല, പവിഴമാല തുടങ്ങിയ മാലകളുടെ മേക്കേഴുത്തുമാണ് ഈ തെയ്യത്തിന്റെ വേഷവും ചമയവും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button