12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകിയെ കൂട്ടാന്‍ മകനെത്തുന്നു

തിരുവല്ല: മരിച്ചുവെന്ന് ഉറപ്പിച്ചിരിക്കെ മകനെ തേടി വീഡിയോ കോളിൽ മറുതലയ്ക്കല്‍ 12 വര്‍ഷമായി അവന് നഷ്ടപ്പെട്ട സ്വന്തം അമ്മയുടെ മുഖം. നിനച്ചിരിക്കാതെ തിരികെ ലഭിച്ച സൗഭാഗ്യത്തെ കൂടെ കൂട്ടാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് വണ്ടി കയറാൻ ഒരുങ്ങുകയാണ് കൃഷ്ണനഗറിലുള്ള സൗരവ്. 

അമ്മയും മകനും തമ്മിലുള്ള 12 വര്‍ഷത്തെ ഇടവേളക്കു ശേഷം ഇരുവരുടേയും പുനസമാഗമത്തിന് വേദിയൊരുക്കിയത് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആണ്. വീഡിയോകോളില്‍ കണ്ട മകനെ ഒന്ന് പുണരാന്‍, സ്‌നേഹം പങ്കുവെയ്ക്കാന്‍ കണ്ണുനട്ട് കാത്തിരിക്കുകയാണ് ലോകി സര്‍ക്കാര്‍ എന്ന അമ്മ. 

മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെ ആശുപത്രി വാര്‍ഡില്‍ നിന്ന് സിസ്റ്റര്‍ ജോയലിന്റെ ഫോണിലൂടെയാണ് ലോകി തന്റെ മൂത്തമകന്‍ സൗരവിന്റെ മുഖം കണ്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നെങ്കിലും രക്തം രക്തത്തെ തിരിച്ചറിഞ്ഞു. അമ്മയെ കണ്ടെത്താനായി പലസംസ്ഥാനങ്ങളിലും അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ സ്‌ക്രീനില്‍ അമ്മയുടെ മുഖം തെളിഞ്ഞപ്പോല്‍ സൗരവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, വാക്കുകള്‍ ഇടറി.  

11 മാസമായി ലോകി സര്‍ക്കാര്‍ പെരുമ്പാവൂരിലെ ബദനി സ്‌നേഹാലയത്തിലെ മാനസികാരോഗ്യ ചികിത്സയിലായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തം പിടിപെട്ടു, കൂടെ പിത്താശായക്കല്ലും. തുടര്‍ന്നാണ് പുഷ്പഗിരി മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഡോ. മനോജ് ഗോപാലിന്റെ ചികിത്സയും പരിചരണവും ലോകിക്ക് ആശ്വാസമായി. ബംഗാളി മാത്രം സംസാരിക്കുന്ന ലോകിയുമായി കൊല്‍ക്കത്തയില്‍ മുന്‍പ് താമസിച്ചിരുന്ന ഡോക്ടറുടെ ബന്ധു സംസാരിച്ചു. ആരോഗ്യം വീണ്ടെടുത്ത ലോകി നാടിനെ കുറിച്ച്, കുടുംബത്തെ കുറിച്ച് തന്റെ ഭൂതകാലത്തെ കുറിച്ച്  സംസാരിച്ചു. ലോകി പറഞ്ഞ സ്ഥലങ്ങള്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ച് തപാല്‍ അഡ്രസ് കണ്ടെത്തി, ലോകിയുടെ കുടുംബത്തെ കണ്ടെത്തുകയും നമ്പര്‍ വാങ്ങി മകനെ വീഡിയോ കോളില്‍ ബന്ധപ്പെടുകയായിരുന്നു. 

 

Comments

COMMENTS

error: Content is protected !!