തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
വൈരജാതൻ
വീരഭദ്രൻ, വൈരീഘാതകൻ എന്നീ പേരുകളിലും അറിയപ്പെടുന്ന തെയ്യമാണ് വൈരജാതൻ.വേട്ടയ്ക്കൊരുമകൻ, ഊർപ്പഴശ്ശി, ക്ഷേത്രപാലകൻ തുടങ്ങിയ തെയ്യങ്ങളുടേതുപോലെ പുരാണവും ചരിത്രവും കൂട്ടിക്കലർത്തിയ ഒരു പുരാവൃത്തമാണ് വൈരജാതനുമുള്ളത്.വെള്ളാട്ടവും തെയ്യവും കോലം ധരിച്ചാൽ തുടക്കത്തിൽ അതിരൗദ്ര ഭാവത്തിൽ ആയതിനാൽ മുന്നിൽ കാണുന്നവരെ പരിചകൊണ്ട് തട്ടും.ഇതു കാണാനായി ആയിരങ്ങളാണ് വൈരജാതന്റെ വെള്ളാട്ടവും തെയ്യവും കാണാൻ കാവുകളിലേക്ക് ഒഴുകിയെത്തുക.
ഐതിഹ്യം
പരമശിവനെ ക്ഷണിക്കാതെ ദക്ഷപ്രജാപതി നടത്തിയ യാഗം കാണാൻ പോയ സതി അപമാനം മൂലം ആത്മാഹുതി ചെയ്തപ്പോൾ കോപാകുലനായ ശിവൻ താണ്ഡവമാടുകയും അതിന്റെ മൂർദ്ധന്യത്തിൽ ശിവജടയിൽ നിന്നും വീരഭദ്രൻ ജനിക്കുകയും ചെയ്തു. വീരഭദ്രനും ശിവഭൂതങ്ങളും ചേർന്ന് യാഗശാല തകർത്ത് ദക്ഷന്റെ തലയറുക്കുകയും തുടർന്ന് ദക്ഷന് ആടിന്റെ തല നല്കി യാഗം പൂർണ്ണമാക്കുകയും ചെയ്തു. അതിനു ശേഷം അച്ഛന്റെ നിർദ്ദേശപ്രകാരം വീരഭദ്രൻ ലോകപരിപാലനത്തിനായി ഭൂമിയിലേക്ക് വന്നു. വൈരത്തിൽ നിന്നു ജനിച്ചവൻ എന്ന അർത്ഥത്തിൽ വൈരജാതൻ എന്നും വൈരിയുടെ (ശത്രുവിന്റെ) ഘാതകൻ എന്ന അർത്ഥത്തിൽ വൈരീഘാതകൻ എന്നും വീരഭദ്രൻ അറിയപ്പെട്ടു.
മറ്റൊരു കഥ, ദാരികവധം കഴിഞ്ഞിട്ടും കോപം ശമിക്കാതിരുന്ന ഭദ്രകാളിയെ ശാന്തയാക്കുവാൻ ശിവൻ രണ്ടു കുഞ്ഞുങ്ങളെ സൃഷ്ടിച്ച് കാളി വരുന്ന വഴിയിൽ കിടത്തുകയും ആ കുട്ടികളെ കണ്ട് കോപം മാറി വാത്സല്യം ജനിച്ച കാളി അവർക്ക് മുല കൊടുക്കുകയും ചെയ്തു. ആ കുട്ടികളാണത്രെ ക്ഷേത്രപാലകനും വൈരജാതനും.
അച്ഛന്റെ നിയോഗപ്രകാരം ഭൂമിയിലെത്തിയ വൈരജാതൻ ഇരിട്ടിക്ക് അടുത്ത് നടുവനാട്ട് കീഴൂരാണ് താമസമാക്കിയത്. അക്കാലത്ത് സാമൂതിരി കുടുംബത്തിലെ ഒരു പെൺകുട്ടി കോലസ്വരൂപത്തിലെ ഒരു രാജകുമാരനുമായി പ്രണയത്തിലാവുകയും അവർ വിവാഹം ചെയ്ത് വളപട്ടണം കോട്ടയിൽ താമസമാക്കുകയും ചെയ്തു. ഇവർക്കുവേണ്ടി ഒരു നാടു നല്കാനായി ആലോചിച്ച കോലത്തിരിക്ക് രാജകുമാരിയോടൊപ്പം വന്ന നെടിയിരിപ്പ് സ്വരൂപത്തിലെ പരദേവത വളയനാടു ഭഗവതി അള്ളടം നാട് മതിയെന്ന് സ്വപ്നദർശനം നല്കി. അള്ളടം
പിടിച്ചെടുക്കാൻ കോലത്തിരിയെ സഹായിക്കാനായി സാമൂതിരിയുടെ പടനായകനായിരുന്ന ക്ഷേത്രപാലകൻ എത്തിയപ്പോൾ ചങ്ങാതിമാരായ വൈരജാതനും വേട്ടയ്ക്കൊരുമകനും ഒപ്പം ചേർന്നു. ഇവർ പട്ടുവാണിഭ തെരുവിൽ വച്ച് ചമ്രവട്ടത്തു ശാസ്താവിനെ കാണുകയും കൂടെ കൂട്ടുകയും ചെയ്തു.അതിനു ശേഷം ഇവർ മുപ്പത്തിയാറു കൊല്ലം പയ്യന്നൂർ പെരുമാളിനെ തപസ്സു ചെയ്ത് അനുഗ്രഹം വാങ്ങി. തുടർന്നാണ് അമ്മ കാളരാത്രിയോടും ചങ്ങാതിമാരോടുമൊപ്പം ക്ഷേത്രപാലകൻ അള്ളടം പിടിച്ചെടുത്തത്. പിന്നീട് വൈരജാതൻ ചെറുവത്തൂരിലെ കമ്പിക്കാനം എന്ന നായർ തറവാട്ടിലായിരുന്നു ആദ്യമെത്തിയത്. അത് പിന്നീട് ‘കമ്പിക്കാനത്തിടം’ എന്ന പേരിലും വൈരജാതൻ ‘കമ്പിക്കാനത്തു നായർ’ എന്ന പേരിലും പ്രസിദ്ധമായി.
തെയ്യം
വൈരജാതന്റെ കോലം ധരിക്കുവാനുള്ള അവകാശം വണ്ണാൻ സമുദായത്തിലെ
ആചാരം നേടിയ കോലധാരികൾക്കാണ്. വൈരജാതനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായത് ‘ചെറുവത്തൂർ നേണിക്കം’ എന്ന ആചാരമാണ്. ആരൂഢമായ ചെറുവത്തൂർ തറയിൽ കോലം ധരിക്കാനും മറ്റു കാവുകളിൽ വലംകൈ താങ്ങാനുമള്ള അവകാശം നേണിക്കത്തിനാണ്.
‘മാൻ കണ്ണും കോഴിപ്പൂവും’ എന്ന മുഖത്തെഴുത്തും ‘കൊതച്ച മുടി’യുമാണ് വേഷം.വേട്ടയ്ക്കൊരു മകന്റേതുപോലെ ‘അഞ്ചു പുള്ളിയും പച്ചയും’ ആണ് മേക്കെഴുത്ത്. അരയിൽ ചിറകുടുപ്പും അതിനു മുകളിൽ പൂത്തല ചുറ്റും ചുരികയും ധരിക്കും.