അദ്ധ്യാപകനെതിരെ പ്രതികാര നടപടി; പ്രതിഷേധം കടുപ്പിക്കാൻ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് അക്കാദമിക്ക് സമൂഹം. അണിയറയിൽ കോർപ്പറേറ്റ് അജണ്ടയെന്ന് ആരോപണം

കോഴിക്കോട്: ഹയർ സെക്കണ്ടറി,എസ് എസ് എൽ സി പരീക്ഷകളിലെ ഫോക്കസ് ഏരിയ/നോൺ ഫോക്കസ് ഏരിയ വിഭജനം അശാസ്ത്രീയവും അനീതിയുമാണെന്ന് ലേഖനമെഴുതിയ അദ്ധ്യാപകനായ പി പ്രേമചന്ദ്രനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്നത് അക്കാദമിക് സമൂഹത്തിൽ വലിയ ചർച്ചയാകുന്നു. നടപടി നീക്കത്തിൽ പ്രതിഷേധിച്ച് അദ്ധ്യാപകരും അക്കാദമിക പ്രവർത്തകരും വിദ്യാഭ്യാസതൽപ്പരരും ചേർന്ന് ‘അക്കാദമിക് സ്വാതന്ത്യം’ എന്ന പേരിൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധവും പ്രതികരണങ്ങളും അറിയിക്കാൻ നീക്കങ്ങളാരംഭിച്ചു.

അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചതു മുതൽ ഇടത് അദ്ധ്യാപക സംഘടനായ കെ എസ് ടി എ യിൽ അംഗമായും പ്രവർത്തകനായും, പലതരം സംഘടനാച്ചുമതലകൾ നിർവഹിച്ച അദ്ധ്യാപകനാണ് പി പ്രേമചന്ദ്രൻ. കേരളത്തിലെ സെക്കണ്ടറി ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് ആനുകാലികങ്ങളിൽ ധാരാളമായി എഴുതുന്ന ഒരാളാണദ്ദേഹം. മാഷിന്റെ വിമർശനങ്ങളും നിർദ്ദേശങ്ങളും അക്കാദമിക സമൂഹം വലിയ തോതിൽ പരിഗണിക്കാറുമുണ്ട്. സർക്കാർ തലത്തിൽ നടക്കുന്ന വിദ്യാഭ്യാസ പരിഷ്കരണ നടപടികളിലും പാഠപുസ്തകം, കരിക്കുലം, സിലബസ്സ് എന്നിവ നിർമ്മിക്കുന്നതിലുമൊക്കെ സംസ്ഥാന സർക്കാർ സ്ഥിരമായി പ്രേമചന്ദ്രന്റെ സേവനം ഉപയോഗപ്പെടുത്താറുമുണ്ട്. ആധുനിക സിനിമാനിരൂപണത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള പ്രേമചന്ദ്രൻമാഷ് സി പി എം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവെലിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു. ഉറച്ച ഇടതുപക്ഷ സഹയാത്രികനും സി പി എം വൃത്തങ്ങളോടും ശാസ്ത്ര സാഹിത്യ പരിഷത്തിനോടുമൊക്കെ അടുത്ത ബന്ധം പുലർത്തുന്നയാളുമാണിദ്ദേഹം.


എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ചോദ്യപപ്പർ തയാറാക്കുന്നതിലും മൂല്ല്യനിർണ്ണയത്തിലുമൊക്കെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവർത്തിച്ച മാനദണ്ഡങ്ങൾ, അക്കാദമിക തലത്തിൽ നിന്ന് പരിശോധിച്ച് പതിവു പോലെ തന്റെ നിർദ്ദേശങ്ങളും വിമർശനങ്ങളും വിശദമായി പ്രതിപാദിച്ച്, ഒരു ഓൺലൈൻ മാധ്യമത്തിൽ ലേഖനവും സ്വന്തം ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയുമാണ് അദ്ദേഹം ചെയ്തത്. അവയിലൊന്നും സർക്കാരിനേയോ മന്ത്രിയേയോ വ്യക്തിപരമായി വിമർശിക്കുന്ന യാതൊന്നും ഉണ്ടായിരുന്നില്ല. സർക്കാർ മുന്നോട്ടുവെച്ച ഫോക്കസ് ഏരിയാ/നോൺ ഫോക്കസ് എരിയാ മാനദണ്ഡങ്ങൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാസത്തിനുള്ള അവസരങ്ങൾ കുറയ്ക്കുമെന്നും എന്നാൽ സി ബി എസ് സി പോലുള്ള മേഖലകളിൽ പഠിച്ചു വരുന്ന ‘ഭേദപ്പെട്ട’ വിദ്യാർത്ഥികൾക്ക് ഗുണകരമാകുമെന്നുമാണ് ഉയർന്നുവന്ന വിമർശനത്തിന്റെ കാതൽ. ഇതാകട്ടെ പ്രേമചന്ദ്രൻ മാത്രം ഉന്നയിച്ച വിമർശനമല്ല; അക്കാദമിക രംഗങ്ങളിലെ ഒട്ടനവധി വിദ്ഗധർ ഇതേ വിമർശനം ഉന്നയിച്ചിട്ടുമുണ്ട്. അവരിലാർക്കെതിരെയും ഒരു നടപടിയുമില്ലാതിരിക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പ്രേമചന്ദ്രനെതിരെ മാത്രം തുടർച്ചയായി നീങ്ങുന്നതെന്ത്കൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഏറെ വിചിത്രമായി തോന്നുന്നത് കേരളത്തിലെ അംഗീകൃത അദ്ധ്യാപക സംഘടനകളിൽ നിന്നൊക്കെ ചില ഒഴുക്കൻ പ്രതികരണങ്ങളല്ലാതെ മറ്റൊന്നുമുണ്ടായില്ല എന്നതാണ്. ഏതാനും മാസങ്ങൾക്കകം വിരമിക്കാനിരിക്കുന്ന പ്രേമചന്ദ്രനെ സ്വന്തം സംഘടനയും കൈവിട്ട നിലയിൽ പെരുമാറുന്നത്‌ ഇടത് അദ്ധ്യാപക സംഘടനകളിലെ അംഗങ്ങളിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.


വിദ്യാഭ്യാസ മന്ത്രി സകല മാദ്ധ്യമങ്ങളേയും സാക്ഷിയാക്കി, ഇക്കാര്യത്തിൽ ഇനി തുടർനടപടികളുണ്ടാവില്ല എന്ന് ഉറപ്പു നൽകിയിരുന്നു. അക്കാദമിക കാര്യങ്ങളിൽ അദ്ധ്യാപകരുടെ പങ്കിനെപ്പറ്റി മന്ത്രി എടുത്തു പറയുകയും ചെയ്തു. അതിന് ശേഷവും ഉദ്യോഗസ്ഥ തലത്തിൽ അദ്ധ്യാപകനെതിരെ നടപടിയ്ക്ക് നീക്കം നടക്കുന്നതായി അദ്ധ്യാപകർ ആരോപിക്കുന്നു. ഭരണതലത്തിൽ ഏതെങ്കിലും മേഖലയിൽ നിന്ന് ശക്തമായ പിന്തുണ ലഭിക്കാതെ ഇത്തരം നടപടിയുമായി മുന്നോട്ടു പോകാൻ ഉദ്യോഗസ്ഥ പ്രമുഖർക്ക് ധൈര്യമുണ്ടാവാനിടയില്ല. പുരോഗമനപരമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം നിലനിൽക്കുന്ന കേരളത്തിൽ വിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് വൽകരിക്കാനുള്ള നീക്കങ്ങൾ ശക്തമാണെന്നും അതിന് നിലമൊരുക്കുന്നതിന് മുന്നോടിയായിട്ടാണോ പ്രേമചന്ദ്രനെപ്പോലുളള ദീർഘകാല പാരമ്പര്യമുള്ള വിദ്യാഭ്യാസ പ്രവർത്തകർക്കെതിരെ വാളോങ്ങുന്നത് എന്ന് സംശയിക്കുന്നവരുമുണ്ട്.

ഹയർ സെക്കണ്ടറിയിൽ തൊഴിലെടുക്കുന്ന മഹാഭൂരിപക്ഷം അദ്ധ്യാപകരിലും വിദ്യാർത്ഥികളിലാകെയും രക്ഷിതാക്കളിലും ഉണ്ടായ ആശങ്കയും അക്കാദമിക് അഭിപ്രായങ്ങളും ഉറക്കെ പറയുക മാത്രമാണ് പ്രേമചന്ദ്രൻ ചെയ്തതെന്നും,മറ്റ് പലരും ഇതേ അഭിപ്രായം പങ്ക് വെച്ചിട്ടുമുണ്ടെന്നും അപ്പോഴും ഒരാളെ ഒറ്റ തിരിച്ച് നടപടി കൈക്കൊള്ളുന്നത് അംഗീകരികാനാവില്ലന്നുമാണ് ‘അക്കാദമിക് സ്വാതന്ത്ര്യം’ എന്ന വാർട്സാപ്പ് കൂട്ടായ്മയിൽ, അഭിപ്രായമുയരുന്നത്.
ആദ്യത്തെ കുറ്റപത്രത്തിന് നൽകിയ മറുപടി തൃപ്തികരമല്ലെന്നും കൂടുതൽ അന്വേഷണത്തിന് മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായുമാണ് പ്രേമചന്ദ്രന് നൽകിയ അറിയിപ്പിൽ പറയുന്നത്. ഇതിനിടയിൽ പ്രേമചന്ദ്രൻ മാഷ് ലേഖനമെഴുതിയതിൽ നിരുപാധികം മാപ്പപേക്ഷിച്ചാൽ മറ്റു നടപടികൾ അവസാനിപ്പിക്കാം എന്ന വാഗ്ദാനവുമായി ചില ‘ഇടനിലക്കാർ’ രംഗത്തുവന്നിട്ടുണ്ട്.
അക്കാദമിക്ക് മേഖലയിൽ ഇടപെടാനുള്ള അദ്ധ്യാപകരുടെ അവകാശവും,
ജനാധിപത്യപരമായി വിയോജിപ്പുകൾ രേഖപ്പെടുത്താനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യവും നില നിർത്താൻ ഒരു ജനാധിപത്യസമൂഹം ബാദ്ധ്യസ്ഥയാണെന്നും . ‘അക്കാദമിക് സ്വാതന്ത്യം, ഓർമ്മപ്പെടുത്തുന്നു.

Comments

COMMENTS

error: Content is protected !!